sections
MORE

ഇത് ഹൈബിയുടെയും കുടുംബത്തിന്റെയും 'ഏദൻ'തോട്ടം

eden-house-kochi-family
SHARE

കലൂർ-ദേശാഭിമാനി ജങ്ഷനിൽ നിന്ന് തിരിയുന്ന 'ജോർജ് ഈഡൻ' റോഡിൽ പച്ചപ്പിൽ മറഞ്ഞിരിക്കുന്ന ഒരു കൊച്ചുവീട് കാണാം. അതാണ് എറണാകുളം എംപിയായ ഹൈബി ഈഡന്റെ വീട്. മുൻ എറണാകുളം എംപിയായിരുന്ന പിതാവിന്റെ സ്മരണാർഥമുള്ള റോഡിൽ സ്ഥിതി ചെയ്യുന്ന വീട് ഹൈബിക്ക് അച്ഛന്റെ ഓർമകൾ നിറയുന്ന ഇടം കൂടിയാണ്. ഈ കോവിഡ് കാലത്ത് ഹൈബിയും 'വർക് ഫ്രം ഹോം' ആണ്. 5 സെന്റിൽ സ്ഥിതിചെയ്യുന്ന വീട്ടിലെ ഒരുമുറി ഓഫിസാക്കി മാറ്റി. എംപി ഓഫിസ് എറണാകുളത്ത് വേറെയുണ്ടെങ്കിലും ഇവിടെയിരുന്നാണ് മേൽനോട്ടം.

ഹൈബി രാഷ്ട്രീയത്തിരക്കുകളിൽ മുഴുകുമ്പോൾ 'ഹോം ഡിപ്പാർട്ട്മെന്റ്' കൈകാര്യം ചെയ്യുന്നത് ഭാര്യ അന്ന ലിൻഡയാണ്. ഒപ്പം മകൾ ഏഴ് വയസുകാരി ക്ലാരയുമുണ്ട്. വെറും 5 സെന്റിലെ വീട്ടിൽ നിറയെ അന്നയുടെ കയ്യൊപ്പ് പതിഞ്ഞ കലാസൃഷ്ടികൾ കാണാം. അന്ന വീട്ടുവിശേഷങ്ങൾ പങ്കുവയ്ക്കുന്നു..

അച്ഛന്റെ ഓർമയാണ് ഈ വീട്...

eden-house-kochi

ഹൈബിയുടെയും സഹോദരിയുടെയും ചെറുപ്പത്തിലേ അമ്മ മരിച്ചു. അച്ഛൻ എംപിയായി രാഷ്ട്രീയത്തിരക്കിൽ ആയപ്പോൾ ആന്റിയാണ് ഇരുവരെയും വളർത്തിയത്. അന്ന് വാടകവീട്ടിലായിരുന്നു താമസം. പിന്നീട് ഹൈബി എട്ടിലോ ഒൻപതിലോ പഠിക്കുമ്പോഴാണ് അച്ഛൻ ഈ വീട് വയ്ക്കുന്നത്. 2003 ൽ അച്ഛനും കടന്നുപോയി. അതോടെ അച്ഛന്റെ സ്‌മരണകൾ ഉറങ്ങുന്ന ഒരിടമായി ഈ വീട്. 23 വർഷത്തിനു ശേഷവും വീടിന്റെ സ്ട്രക്ചർ അതേപടി നിലനിർത്തിയിരിക്കുന്നു. ഈഡൻ എന്നാണ് വീടിന്റെ പേരും.

എട്ടു വർഷം മുൻപാണ് ഞാൻ ഹൈബിയുടെ കയ്യും പിടിച്ച് ഈ വീട്ടിലേക്കെത്തുന്നത്. അതിനുശേഷം വീട്ടുകാര്യം ഞാൻ ഏറ്റെടുത്തു. പുതിയ അടുക്കളയും മറ്റു സ്‌പേസുകളും കൂട്ടിച്ചേർത്തു. പഴയ ഫർണിച്ചർ മാറ്റി, ഒരു കിടപ്പുമുറി ഹൈബിയുടെ ഓഫിസ് മുറിയാക്കി മാറ്റി. ഇന്റീരിയറിൽ ഇടയ്ക്ക് എന്തെങ്കിലുമൊക്കെ പുതുമകൾ വരുത്താൻ ഞാൻ ശ്രമിക്കാറുണ്ട്. അധികച്ചെലവില്ലാതെ ചെറിയ പറമ്പിൽ തന്നെയുള്ള കാര്യങ്ങളിൽ നിന്നാണ് ഡെക്കറേഷൻ ഒരുക്കുക. കരിക്കിന്റെ ചിരട്ടയും തൊണ്ടും കൊണ്ട് ഫ്‌ളവർ പോട്ട്, ഇത്തിൾ കൊണ്ട് ഡെക്കറേഷൻ ലൈറ്റ്‌സ്, പാഴ്മരം കൊണ്ട് ഫർണിച്ചർ...ഇത്യാദികൾ ഇവിടെ പരീക്ഷിച്ചിട്ടുണ്ട്.

hibi-house-interiors

5 സെന്റിൽ മൂന്ന് മാവ്, കശുമാവ്, പ്ലാവ് തുടങ്ങി ഫലവൃക്ഷങ്ങൾ എല്ലാമുണ്ട്. അതിൽ ചേക്കേറാൻ നിരവധി കിളികളും അണ്ണാനും വൈകുന്നേരമെത്തും. അപ്പോൾ അവയുടെ കലപില കൊണ്ട് ഈഡൻ ശബ്ദമുഖരിതമാകും.

കർട്ടനായി മാറിയ പൊന്നാടകൾ..

eden-house-curtain

ലോക്ഡൗണ് തൊട്ടു മുൻപ് വീട് പെയിന്റ് ചെയ്തിരുന്നു. അതിനുശേഷം പുതിയ കർട്ടനുകൾ മേടിക്കാൻ തിരഞ്ഞപ്പോൾ എല്ലാത്തിനും പൊള്ളുന്ന വില. അപ്പോഴാണ് പല പ്രോഗ്രാമുകൾക്കും പോയപ്പോൾ ഹൈബിക്കും എനിക്കും കിട്ടിയ പൊന്നാടകളെ കുറിച്ചോർത്തത്.

നേരത്തെ ഓണത്തിനും വിഷുവിനും ഈ പൊന്നാട കൊണ്ട് മകൾക്ക് പാവാടയും ബ്ലൗസും തയ്ച്ചു കൊടുക്കുമായിരുന്നു. ഇത്തവണ പൊന്നാടകൾ കൂട്ടിച്ചേർത്ത് കർട്ടനാക്കി മാറ്റി. എട്ടടി ഉയരമുള്ള വലിയ ജനാലകളാണ് വീട്ടിൽ. ഇതിന്റെ അളവനുസരിച്ചാണ് കർട്ടൻ തുന്നിയത്. അമ്മയുടെ പഴയ സാരിയുടെ തുണി ഇടയ്ക്ക് തുന്നിച്ചേർത്ത് കളർ വെറൈറ്റിയും കൊടുത്തു. പൊന്നാട പറക്കാതിരിക്കാൻ ഭാരത്തിനു, വീട്ടിൽ പൊടിയടിച്ചിരുന്ന ചിലങ്കയിലെ ബ്രാസ് മണികൾ തുന്നിച്ചേർത്തു. അങ്ങനെ നല്ലൊരു തുക കർട്ടൻ ഇനത്തിൽ ലഭിക്കാൻ കഴിഞ്ഞു. ഒപ്പം നമ്മുടെ കയ്യൊപ്പിന്റെ സന്തോഷവും.. ഞാനത് ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്തപ്പോൾ നിരവധി സുഹൃത്തുക്കൾ അന്വേഷണവുമായെത്തിയിരുന്നു.. 

സ്വപ്നമാണ് വീട്..

anna-hibi

കൊച്ചിയിൽ എല്ലാ മഴക്കാലത്തും വെള്ളം കയറുന്ന പ്രദേശമാണിവിടം. അതുമാത്രമാണ് തലവേദന. എല്ലാ മഴക്കാലവും നഷ്ടങ്ങൾ ബാക്കിവച്ചുകൊണ്ടാണ് വീട്ടിൽ നിന്ന് ഇറങ്ങിപ്പോവുക. കഴിഞ്ഞ മഴക്കാലത്തും വീടിനുള്ളിൽ വെള്ളം കയറി. ഫർണിച്ചറുകൾ നശിച്ചിരുന്നു. അതുകൊണ്ട് വെള്ളം കയറാത്ത ഒരു പുതിയ വീട് എന്റെ സ്വപ്നമാണ്. നമ്മുടെ പരമ്പരാഗത ശൈലിയിൽ, ആത്തംകുടി ടൈലൊക്കെ വിരിച്ച ഒരു വീടാണ് എന്റെ മനസ്സിൽ.

English Summary- Hibi Eden & Family House Kochi

ബാല്യം മുതൽ ഇന്നുവരെ നിങ്ങളുടെ ജീവിതത്തിലൂടെ കടന്നുപോയ വീടുകളെക്കുറിച്ച് ഗൃഹാതുരമായ ഓർമകളുണ്ടോ? ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.യോഗ്യമായവ പ്രസിദ്ധീകരിക്കും.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SPOT LIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA