ADVERTISEMENT

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ഷാനവാസ് എന്ന ഷാനു. കുങ്കുമപ്പൂവ്, സീത തുടങ്ങിയ സീരിയലുകളാണ് ഷാനവാസിനെ ശ്രദ്ധേയനാക്കിയത്. എന്നാൽ കണ്ണീരുപ്പ് നിറഞ്ഞ വഴികളിലൂടെയാണ് ഷാനു കടന്നുവന്നത്. താരം തന്റെ വീട്ടുവിശേഷങ്ങൾ പങ്കുവയ്ക്കുന്നു.

 

ബ്ലാക്& വൈറ്റ് ഭൂതകാലം...

ഭൂരിഭാഗം പ്രേക്ഷകർക്കും എന്റെ കളർഫുൾ ലൈഫ് മാത്രമേ അറിയൂ. പക്ഷേ ഒരു ബ്ലാക്&വൈറ്റ് ഭൂതകാലവും എനിക്കുണ്ട്. മലപ്പുറം മഞ്ചേരിയാണ് സ്വദേശം. ഉപ്പ, ഉമ്മ, ഞാൻ, 2 സഹോദരിമാർ. ഇതായിരുന്നു കുടുംബം. മണ്ണ് കൊണ്ട് ഭിത്തി കെട്ടി, പുല്ലു മേഞ്ഞ വീടായിരുന്നു ഞങ്ങളുടേത്. ഇന്നും നടുക്കുന്ന ഒരോർമയുണ്ട് അതിനെപ്പറ്റി. എനിക്ക് ഒൻപതോ പത്തോ വയസ്സുള്ള സമയം. അന്ന് ഉമ്മ ഗർഭിണിയാണ്. അടുപ്പിൽ നിന്നും തീ പടർന്നു വീടിന്റെ പുല്ലുമേൽക്കൂരയ്ക്ക് തീപിടിച്ചു. അന്ന് നാട്ടുകാരെല്ലാം ഓടിവന്നാണ് വെള്ളമൊഴിച്ചു തീയണച്ചത്. പിന്നീട് ഞാൻ ആറാം ക്‌ളാസിൽ പഠിക്കുമ്പോഴാണ് ഉപ്പ ഒരു ചെറിയ ഓടിട്ട കെട്ടിടം (അതിനെ വീട് എന്നൊന്നും വിളിക്കാനാകില്ല) വയ്ക്കുന്നത്. പിന്നീട് വർഷങ്ങൾ ആ വീട്ടിലാണ് ഞങ്ങൾ താമസിച്ചത്.

ഉപ്പ ആദ്യം ലോറി ഡ്രൈവറായിരുന്നു. പിന്നീട് ഗൾഫിലേക്ക് പോയി. ഞാൻ എട്ടാം ക്‌ളാസിൽ പഠിക്കുമ്പോൾ ഉപ്പ ഗൾഫിൽ വച്ച് ഹൃദയാഘാതം മൂലം മരിച്ചു. മൃതശരീരം നാട്ടിൽ കൊണ്ടുവരാൻ പോലും ഞങ്ങൾക്ക് കഴിഞ്ഞില്ല. അങ്ങനെ ഉമ്മയുടെയും പറക്കമുറ്റാത്ത രണ്ടു പെൺകുട്ടികളുടെയും ചുമതല 13 വയസുകാരനായ എന്റെ ചുമലിലായി.

shanavas-shanu-actor

 

ആഗ്രഹിച്ചു നടനായി...

പത്താം ക്‌ളാസ് കഴിഞ്ഞപ്പോൾ മുതൽ പലവിധ ജോലികൾക്ക് പോയിത്തുടങ്ങി. കൂലിപ്പണി, പെയിന്റിങ്, കെട്ടിടംപണി..എന്നിട്ടും ഡിഗ്രി വരെ പഠിച്ചു. ആ സമയത്ത് ഓട്ടോറിക്ഷ ഓടിക്കലും ഉണ്ടായിരുന്നു. അന്നും അഭിനയം ഒരു കടുത്ത മോഹമായി ഉള്ളിലുണ്ട്. ഇടയ്ക്ക് തപാൽ മാർഗം അഭിനയം പഠിക്കാൻ പോയി പറ്റിക്കപ്പെട്ടിട്ടുണ്ട്. വീണ്ടും ശ്രമങ്ങൾ തുടർന്നു.

ഒടുവിൽ 2010 ൽ കുങ്കുമപ്പൂവ് എന്ന സീരിയലിൽ ഒരു ഗുണ്ടയുടെ അതിഥിവേഷം ലഭിച്ചു. 50 എപ്പിസോഡ് മാത്രമുണ്ടായിരുന്ന വേഷം. പക്ഷേ എന്റെ അഭിനയം ഇഷ്ടപ്പെട്ടതോടെ അത്  950 എപ്പിസോഡ് വരെ നീട്ടി. പിന്നീട് സീത ഹിറ്റായി. അതോടെ കൂടുതൽ ശ്രദ്ധിക്കപ്പെട്ടു. ഇതിനിടയ്ക്ക് രണ്ടു സഹോദരിമാരെ കെട്ടിച്ചയച്ചു.

shanavas-serial-actor

 

പുതിയ വീട്, കുടുംബം...

ഭാര്യ സുഹാന വീട്ടമ്മയാണ്. മകൾ നസ്മി ഷാൻ ആറാം ക്‌ളാസിൽ പഠിക്കുന്നു. ഇബ്നു ഷാന് മൂന്നരവയസ്. ഉമ്മയും ഞങ്ങളോടൊപ്പമുണ്ട്. സീരിയലിൽ എത്തുന്നതിനു മുൻപ് ചെറിയ ബിസിനസ് ഉണ്ടായിരുന്നു. അങ്ങനെ പഴയ ഓടിട്ട കെട്ടിടത്തിൽ  ഞാൻ ചില കൂട്ടിച്ചേർക്കലുകൾ നടത്തിയിരുന്നു. പക്ഷേ  കാലപ്പഴക്കത്തിന്റെ പ്രശ്ങ്ങളും പൊടിയുമെല്ലാം അവിടെ വില്ലനായി. ഉമ്മ കിഡ്‌നി പേഷ്യന്റാണ്. പൊടിയൊന്നും താങ്ങാൻ പറ്റില്ല. അങ്ങനെ ഞങ്ങൾ അവിടെ നിന്നും ഒരു വാടകവീട്ടിലേക്ക്  താമസം മാറി. ഇപ്പോൾ ആ വീട് പൊളിച്ചു കളഞ്ഞു പുതിയ വീട് പണിയുന്നതിന്റെ പണിപ്പുരയിലാണ്.

ഇപ്പോഴത്തെ ഏറ്റവും വലിയ സ്വപ്നം, എന്റെ ഉമ്മയുടെ കൈപിടിച്ചു പുതിയ വീട്ടിലേക്ക് കയറുന്നതാണ്. ജീവിതകാലം മുഴുവൻ ഉമ്മ കഷ്ടപ്പാട് അനുഭവിച്ചു. ഇനിയെങ്കിലും സൗകര്യമുള്ള ഒരു കിടപ്പുമുറിയും സൗകര്യങ്ങളും ഉമ്മയ്ക്ക് നൽകണം. അതിനിടയ്ക്കാണ് വില്ലനായി കൊറോണ വന്നത്. ഇപ്പോൾ പണി മുടങ്ങിയിരിക്കുകയാണ്. എങ്കിലും ഒരു വർഷത്തിനുള്ളിൽ പുതിയ വീട് സഫലമാകും എന്ന് പ്രതീക്ഷിക്കുന്നു.

English Summary- Shanavas Serial Actor Home Memories

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com