ADVERTISEMENT

ഒരുകാലത്ത് ക്രിക്കറ്റിൽ സച്ചിൻ ടെണ്ടുൽക്കർ പോലെയായിരുന്നു മിമിക്രിയിൽ കോട്ടയം നസീർ. ശബ്ദാനുകരണത്തിലെ പ്രഭാവവുമായി വേദികളിൽ ഹർഷാരവം തീർത്ത്, മലയാളികളെ പൊട്ടിച്ചിരിപ്പിച്ചു കൊണ്ട് നസീർ യാത്ര തുടങ്ങിയിട്ട് വർഷങ്ങളായി. കോട്ടയം നസീർ തന്റെ വീട്ടുവിശേഷങ്ങൾ പങ്കുവയ്ക്കുന്നു.

സിനിമാകൊട്ടകയെ ചുറ്റിപ്പറ്റിയ വീട്...

കോട്ടയം കറുകച്ചാലാണ് സ്വദേശം. വാപ്പ അസീസ് ദന്തഡോക്ടറായിരുന്നു. ഉമ്മ ഫാത്തിമ. ഞങ്ങൾ 3 മക്കൾ. ഇതായിരുന്നു കുടുംബം. ഞങ്ങളുടെ പ്രദേശത്തെ അക്കാലത്തെ വലിയ കോൺക്രീറ്റ് വീടായിരുന്നു ഞങ്ങളുടേത്. വീടിന്റെ മുന്നിലായി മോഡേൺ, എന്നൊരു സിനിമാതിയറ്ററുണ്ടായിരുന്നു. പിന്നീട് ഗൗരി എന്നൊരു തിയേറ്ററും വന്നു. ഈ രണ്ടു തിയറ്ററുകളെ ചുറ്റിപ്പറ്റിയാണ് എന്റെ ബാല്യത്തിലെ വീടോർമകൾ..

അന്ന് കപ്പത്തണ്ടു കൊണ്ടുള്ള വേലിയായിരുന്നു ഞങ്ങളുടെ വീടും തിയേറ്ററും തമ്മിലുള്ള അതിർത്തി. അതുകൊണ്ട് തിയറ്ററിന്റെ വാതിൽ തുറന്നുകിടക്കുകയാണെങ്കിൽ വീടിന്റെ ഉമ്മറത്തിരുന്നാൽ ടിക്കറ്റെടുക്കാതെ സിനിമ കാണാം. ഇനി സ്‌ക്രീൻ കണ്ടില്ലെങ്കിലും എല്ലാ ശബ്ദരേഖകളും വീടിനകത്തേക്ക് ഒഴുകിയെത്തും. അന്നൊക്കെ 100, 200 ദിവസം ഒരേസിനിമകൾ കളിക്കും. ഒരാഴ്ച കഴിയുമ്പോഴേക്കും സിനിമയുടെ ഡയലോഗുകൾ എനിക്ക് മനഃപാഠമായിട്ടുണ്ടാകും. പിന്നീട് ഞാൻ ശബ്ദാനുകരണ രംഗത്തെത്തിയതിൽ ചെറുപ്പത്തിൽ കേട്ടുവളർന്ന ആ ശബ്ദരേഖകൾക്ക് വലിയ പ്രാധാന്യമുണ്ട്..

അന്നൊക്ക ഹൗസ്‌ഫുൾ സിനിമകൾ കളിക്കുമ്പോൾ പരിസരത്തെ വീടുകളിലൊന്നും ഫർണിച്ചറുകൾ ഉണ്ടാകില്ല. കൂടുതൽ ആളുകളെ ഉൾക്കൊള്ളിക്കാൻ എല്ലാം തിയറ്റർകാർ വന്നു എടുത്തോണ്ട് പോകും. സ്നേഹത്തിന്റെ പുറത്ത് ആരും എതിർപ്പൊന്നും പറഞ്ഞിരുന്നില്ല. ചെറുപ്പത്തിൽ സിനിമയുടെ നോട്ടീസ് വിതരണം, പോസ്റ്ററൊട്ടിക്കൽ, അനൗൺസ്‌മെന്റ് മുതൽ ടിക്കറ്റ് കീറൽ വരെ ഞാൻ ചെയ്തിട്ടുണ്ട്.

 

kottayam-nazir

മിമിക്രിയിലേക്ക്...

ഇഷ്ടമുള്ള മേഖല പിന്തുടരാൻ വീട്ടുകാരുടെ പ്രോത്സാഹനമുണ്ടായിരുന്നു. പത്താം ക്‌ളാസ് കഴിഞ്ഞു ഞാൻ പഠിച്ചത് ചിത്രകലയാണ്. അതിനുശേഷം നസീർ ആർട്സ് എന്നൊരു ചെറിയ കട നടത്തി. അന്ന് ഇന്നത്തെപ്പോലെ ഫ്ളക്സ് ബോർഡുകൾ വന്നിട്ടില്ല. തുണിയിലും മറ്റും ദിവസങ്ങളെടുത്ത് കൈകൊണ്ടുവരച്ചാണ് ബോർഡുകൾ തയാറാക്കിയിരുന്നത്.

പത്താം ക്‌ളാസ് കഴിഞ്ഞ സമയത്ത് അച്ഛന്റെ ഒരു സുഹൃത്തിന്റെ നാടകത്തിൽ ചെറിയൊരു റോൾ കിട്ടി.  നോർത്ത് ഇന്ത്യ മുഴുവൻ കറങ്ങിയുള്ള നാടകമായിരുന്നു അത്..അവിടെ വച്ചാണ് ചില മിമിക്രി കലാകാരന്മാരെ കാണുന്നതും ഈ വഴിക്ക് എനിക്കും പോകാനാകും എന്ന് തിരിച്ചറിയുന്നതും. അങ്ങനെ ഒറ്റയ്ക്കുള്ള ശബ്ദാനുകരണവുമായി ഞാൻ രംഗത്ത് വന്നു. അത് ഹിറ്റായി. പിന്നെ സ്റ്റേജ് ഷോകളുടെ ഭാഗമായി. മിനിസ്‌ക്രീനിൽ പ്രോഗ്രാമുകൾ ചെയ്തു. ദിലീപ്, നാദിർഷ തുടങ്ങിയ ഒരുപാട് സുഹൃത്തുക്കളെ ലഭിച്ചു. സിനിമയിലെത്തി. ഇതിപ്പോൾ സിനിമയിൽ 25ാം വർഷമാണ്. പിന്നീട് ജയസൂര്യ, കലാഭവൻ ഷാജോൺ, ടിനി ടോം, കലാഭവൻ പ്രജോദ് തുടങ്ങി ഒരുപാട് സുഹൃത്തുക്കൾ അവസരം ചോദിച്ചു തറവാട്ടിൽ വന്ന ഓർമകളും ആ വീടിനെ ചുറ്റിപ്പറ്റിയുണ്ട്.

kottayam-nazeer-house

 

ലാലേട്ടനും ഞാൻ വച്ച വീടും...

ഞങ്ങളുടെ കുടുംബവീടിനു ചുറ്റും ധാരാളം ഒഴിഞ്ഞ പറമ്പുണ്ടായിരുന്നു. 1983 ൽ ലാലേട്ടനും പ്രേം നസീർ സാറും അഭിനയിച്ച ആട്ടക്കലാശം എന്ന സിനിമ വീടിനടുത്തുള്ള തിയറ്ററിൽ 50 ദിവസം ഹൗസ് ഫുള്ളായി കളിച്ചതിന്റെ ആഘോഷം നടന്നു. അന്ന് സ്റ്റേജിട്ടത് ഞങ്ങളുടെ തറവാട് വീടിന്റെ സമീപമുള്ള പറമ്പിലായിരുന്നു. അവിടെ ലാലേട്ടൻ വന്നു പ്രസംഗിച്ചതൊക്കെ കുട്ടിയായിരുന്ന എനിക്ക് ഓർമയുണ്ട്. പറഞ്ഞുവന്നത്, അന്ന് ആ സ്റ്റേജ് കെട്ടിയ സ്ഥലത്താണ് ഇപ്പോൾ ഞാൻ നിർമിച്ച എന്റെ വീടുള്ളത്! പിന്നീട് സ്റ്റേജുകളിൽ നിന്നും ലഭിച്ച വരുമാനം കൊണ്ട് സമീപമുള്ള, പണ്ട് മാങ്ങ പെറുക്കിയ, ഓടിക്കളിച്ച പറമ്പുകളും എനിക്ക് വാങ്ങാൻ കഴിഞ്ഞു.

kottayam-nazeer-family

ഇപ്പോൾ 19 വർഷമായി വീട് വച്ചിട്ട്. പിന്നീട് സമീപത്ത് മറ്റൊരു ചെറിയ വീട് കൂടി പണിതു. അതിപ്പോൾ ഓഫിസും, സ്റ്റുഡിയോയുമായി പ്രവർത്തിക്കുന്നു. എട്ടു കൊല്ലം മുൻപ് കൊച്ചി വാഴക്കാലയിൽ ഒരു ഫ്ലാറ്റ് വാങ്ങി. സിനിമകൾ ഉള്ളപ്പോൾ അവിടേക്ക് പോകും. സ്ഥിരതാമസം കോട്ടയത്തു തന്നെ. കുട്ടിക്കാനത്ത് നസീർ കോട്ടേജ് എന്നൊരു ബിസിനസ് സംരംഭവുമുണ്ട്. ഇതെല്ലാം വർഷങ്ങളുടെ കലാപ്രവർത്തനം നൽകിയ സൗഭാഗ്യങ്ങളാണ്.

 

കുടുംബം, കൊറോണക്കാലം...

ഭാര്യ ഹസീന.  മൂത്ത മകൻ മുഹമ്മദ് നിഹാൽ കാനഡയിൽ പഠിക്കുന്നു. ഇളയവൻ മുഹമ്മദ് നൗഫൽ പത്താം ക്‌ളാസ് കഴിഞ്ഞു. കൊറോണക്കാലത്ത് പഴയ പെയിന്റ് ബ്രഷ് പൊടിതട്ടിയെടുത്തു. നാൽപതോളം ചിത്രങ്ങൾ വരച്ചു. കൂടുതലും വന്യമൃഗങ്ങളും പ്രകൃതിഭംഗിയും വിഷയമാക്കിയുള്ളതാണ്. സിനിമാസുഹൃത്തുക്കളടക്കം ധാരാളം പേർ നേരിട്ടും സോഷ്യൽ മീഡിയയിലൂടെയും അഭിനന്ദിച്ചു. അവരിൽ പലർക്കും എന്റെ ചിത്രകലയിലെ ഭൂതകാലം അറിവുണ്ടാകില്ല. ചിത്രങ്ങളുടെ ഒരു പ്രദർശനം നടത്താൻ പ്ലാനുണ്ട്. ജൂലൈ 3 നു എന്റെ യൂട്യൂബ് ചാനൽ യാഥാർഥ്യമായി. പ്രകാശനം ചെയ്തതും ലാലേട്ടനാണ്. ഒരു ചിത്രകാരൻ എന്ന നിലയിലുള്ള എന്റെ സൃഷ്ടികൾ നിങ്ങളുമായി പങ്കുവയ്ക്കുകയാണ് ചാനലിന്റെ ലക്ഷ്യം. എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.


English Summary- Kottayam Nazeer House Memories

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com