sections
MORE

ഒരിക്കൽ ഉപേക്ഷിച്ച ആ മോഹം എന്നെ തേടിവന്നു; ഇനി ഒരു സ്വപ്നമുണ്ട്: സൗമ്യ മേനോൻ

sowmya-menon
SHARE

കിനാവള്ളി, ചിൽഡ്രൻസ് പാർക്ക്, മാർഗംകളി തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷശ്രദ്ധ നേടിയ നടിയാണ് സൗമ്യ മേനോൻ. വൈകി വന്ന വസന്തം പോലെയാണ് സൗമ്യ സിനിമയിലെത്തിയത്. ഒരിക്കൽ കൈവിട്ടുപോയ സിനിമാസ്വപ്നങ്ങൾ വർഷങ്ങൾക്കുശേഷം സൗമ്യയെ തേടിയെത്തുകയായിരുന്നു. താരം തന്റെ വീട്ടുവിശേഷങ്ങൾ പങ്കുവയ്ക്കുന്നു.

ഓർമവീട്..

sowmya-menon-house

തൃശൂർ ആറാട്ടുപുഴയാണ് സ്വദേശം. വയലും പുഴയും അമ്പലവുമെല്ലാമുള്ള മനോഹരമായ ഒരു ഗ്രാമപ്രദേശമാണ്. ആറാട്ടുപുഴ പൂരം പ്രസിദ്ധമാണ്. നന്ദനം എന്നാണ് വീടിന്റെ പേര്. അമ്മൂമ്മയുടെ തറവാടായിരുന്നു ഇവിടെ മുൻപുണ്ടായിരുന്നത്. അതുപൊളിച്ചാണ് അച്ഛനും അമ്മയും ഈ വീട് പണിതത്. സമീപം വിശാലമായ നെൽപ്പാടമാണ്.  വീട്ടിന്റെ ടെറസിൽ നിന്നാൽ ക്ഷേത്രവും ഉത്സവത്തോട് അനുബന്ധിച്ച് 65 ആനകൾ നിരക്കുന്ന മൈതാനവും പൂരവുമെല്ലാം ഏറ്റവും ഭംഗിയായി കാണാം.  

sowmya-house-view

ഞങ്ങൾ കുടുംബമായി ദുബായിലാണ് താമസം. ഇപ്പോൾ വീട് പൂട്ടിയിട്ടിരിക്കുകയാണ്. പക്ഷേ നാട്ടിലെത്തുന്ന ഓരോ അവധിക്കാലവും എനിക്ക് പ്രിയപ്പെട്ടതാണ്. ആ സമയത്ത് വീടും വയലും പൂരവുമെല്ലാം ഒരു സന്തോഷമായിരുന്നു. പൂരസമയത്ത് ഞങ്ങളുടെ ബന്ധുക്കളും എന്റെ സുഹൃത്തുക്കളുമെല്ലാം വീട്ടിലെത്തും. പിന്നെ ഒരാഴ്ച വീട്ടിലും ഉത്സവമേളമാണ്. 

sowmya-house-river

സിനിമയിലേക്ക്...

ചെറുപ്പം മുതലേ സിനിമാമോഹം ഉണ്ടായിരുന്നു. അതിനായി ചെറുപ്പത്തിലേ നൃത്തമൊക്കെ പഠിച്ചു. കോളജിൽ പഠിക്കുമ്പോൾ വണ്ണാത്തി എന്നൊരു ആൽബം ചെയ്തു. അത് ശ്രദ്ധിക്കപ്പെട്ടു. അന്ന് കുറെ ഓഫറുകൾ വന്നിരുന്നു. പക്ഷേ പല കാരണങ്ങൾ കൊണ്ടും അത് നടന്നില്ല. അങ്ങനെ സിനിമാമോഹം താൽകാലികമായി മാറ്റിവച്ച് ഞാൻ വീണ്ടും ദുബായിക്ക് വിമാനം കയറി. ജോലിയും തിരക്കുകളുമായി വർഷങ്ങൾ കടന്നുപോയി.

അങ്ങനെ പോകുമ്പോൾ വീണ്ടും ഒരു ചെറിയ പരസ്യത്തിൽ അവസരം വന്നു. അതുവഴി കിനാവള്ളി എന്ന സിനിമയിലേക്ക് വീണ്ടും അവസരം കിട്ടി. ആ സിനിമ റിലീസായി, തിയറ്ററിൽ എന്റെ മുഖം കണ്ടപ്പോൾ, കുഞ്ഞിലേ മുതൽ കണ്ട ഒരു സ്വപ്നത്തിന്റെ സാക്ഷാത്കാരമായിരുന്നു മനസ്സിൽ.

ദുബായ് വീടുകൾ...

വർഷങ്ങളായി ഫ്ലാറ്റുകളിൽ ജീവിച്ചു, ഇപ്പോൾ അതിനോട് പൊരുത്തപ്പെട്ടു. ദുബായിൽ നിരവധി വാടക ഫ്ലാറ്റുകളിൽ ഞങ്ങൾ മാറി താമസിച്ചു. ഇപ്പോൾ ഖിസൈസ് എന്ന സ്ഥലത്തെ ഫ്ലാറ്റിലാണുള്ളത്. എനിക്ക് ഇന്റീരിയർ ഡിസൈൻ ഇഷ്ടമുള്ള കാര്യമാണ്. കൂട്ടുകാർ പുതിയ ഫ്ലാറ്റിലേക്ക് മാറുമ്പോൾ ഫർണിച്ചർ മേടിക്കാനും അകത്തളം ഒരുക്കാനും ഞാനും കൂടും.

സ്വപ്നവീട്...

ഇപ്പോൾ ദുബായിൽ താമസിക്കുന്നതുകൊണ്ട് നാട്ടിൽ സ്വന്തമായി ഒരു വീട് സ്വപ്നമാണ്. ആദ്യം യൂറോപ്യൻ ശൈലിയിൽ ഒറ്റനിലയിൽ നിറയെ വെള്ളനിറം മാത്രമുള്ള ഒരു വീടായിരുന്നു എന്റെ സങ്കൽപത്തിൽ ഉണ്ടായിരുന്നത്. ഇപ്പോൾ നമ്മുടെ ട്രഡീഷണൽ ശൈലിയിലുള്ള നാലുകെട്ടാണ് മനസ്സിൽ. അവിടേക്ക് വരുന്നവർക്ക് അവർ ജനിച്ചുവളർന്ന മുത്തശ്ശിവീടുകൾ ഓർമ വരണം. അത്തരമൊരു വീടാണ് മനസ്സിൽ.

കുടുംബം...

sowmya-family

അച്ഛൻ, അമ്മ, ഞാൻ, അനിയത്തി..ഇതായിരുന്നു കുടുംബം. ഞാൻ വിവാഹിതയാണ്. ചാലക്കുടിയാണ് ഭർത്താവിന്റെ സ്വദേശം. ഞങ്ങൾക്കൊരു മകനുമുണ്ട്. ഞങ്ങൾ എല്ലാവരും ഒരുമിച്ചാണ് ഇപ്പോൾ ദുബായിൽ താമസം. അങ്ങനെ ഇവിടെ ഒരു കൂട്ടുകുടുംബത്തിലെ സന്തോഷത്തിലാണ് ജീവിതം.

English Summary- Sowmya Menon Actress House Family

ബാല്യം മുതൽ ഇന്നുവരെ നിങ്ങളുടെ ജീവിതത്തിലൂടെ കടന്നുപോയ വീടുകളെക്കുറിച്ച് ഗൃഹാതുരമായ ഓർമകളുണ്ടോ? ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.യോഗ്യമായവ പ്രസിദ്ധീകരിക്കും.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SPOT LIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA