ADVERTISEMENT

മിമിക്രി സ്റ്റേജുകളിലും മിനിസ്ക്രീനിലും സിനിമയിലുമൊക്കെ പ്രേക്ഷകരെ ഒരുപാട് ചിരിപ്പിച്ച കലാകാരനാണ് സാജൻ പള്ളുരുത്തി. കഷ്ടപ്പാടുകളിലൂടെ കടന്നുവന്നു പ്രേക്ഷകരെ ചിരിപ്പിക്കുന്ന സാന്നിധ്യം. സാജൻ തന്റെ വീട്ടുവിശേഷങ്ങൾ പങ്കുവയ്ക്കുന്നു.

ഓർമ വീട്..

ഞാൻ ജനിച്ചു വളർന്നതും ഇപ്പോഴും ജീവിക്കുന്നതും പശ്ചിമ കൊച്ചിയിലെ പള്ളുരുത്തിയിലാണ്. നാടിനോടുള്ള സ്നേഹം മൂലമാണ് കലാരംഗത്തെത്തിയപ്പോൾ നാടിനെ പേരിനൊപ്പം കൂട്ടിയത്. അച്ഛൻ, അമ്മ, ഞാൻ, സഹോദരൻ..ഇതായിരുന്നു കുടുംബം. അച്ഛൻ കയർത്തൊഴിലാളിയായിരുന്നു. അമ്മ വീട്ടമ്മയും. സഹോദരൻ ഭിന്നശേഷിക്കാരനാണ്. കഷ്ടപ്പാടും ദുരിതവും നിറഞ്ഞതായിരുന്നു ചെറുപ്പകാലം. 

എനിക്ക് മാതാപിതാക്കളോടുള്ള ബഹുമാനം എന്തെന്നാൽ, ധാരാളം കഷ്ടപ്പാട് ഉണ്ടായിരുന്നിട്ടും എന്നെ  എന്റെ ഇഷ്ടങ്ങൾക്കനുസരിച്ച് കലാരംഗത്തേക്ക് പോകാൻ അവർ അനുവദിച്ചു. സാധാരണ പലരും മക്കൾ രക്ഷപ്പെട്ടു കഴിയുമ്പോൾ മാത്രമാണ്, ' അവൻ എന്റെ മകനാണ്' എന്നു അഭിമാനത്തോടെ പറഞ്ഞുതുടങ്ങുന്നത്. പക്ഷേ എന്റെ മാതാപിതാക്കൾ, ഞാൻ കഷ്ടപ്പെടുന്ന കാലം മുതൽ എനിക്ക് മാനസികമായ പിന്തുണ നൽകിയിരുന്നു.   ഒരു കലാപാരമ്പര്യവുമുള്ള കുടുംബമായിരുന്നില്ല എന്റേത്.  പത്താം ക്‌ളാസ് കഴിഞ്ഞപ്പോൾ ഞാൻ മിമിക്രി, സ്റ്റേജ് പരിപാടികൾക്ക് പോയിത്തുടങ്ങി. സംവിധായകൻ ജയരാജിന്റെ കണ്ണകിയിലൂടെയാണ് ഞാൻ സിനിമയിലേക്കെത്തുന്നത്.ഇപ്പോൾ കലാരംഗത്തെത്തിയിട്ട് 33 വർഷമായി.

ദുരിതങ്ങൾ വീണ്ടും പിന്തുടർന്ന കാലം..

ഞാൻ കലാരംഗത്തെത്തി പേരെടുത്ത കാലം. ജീവിതം കുഴപ്പമില്ലാതെ മുന്നോട്ടു പോകുന്നതിനിടയ്ക്ക് ആകസ്മികമായാണ് അമ്മയുടെ മരണം. അത് ഞങ്ങൾ എല്ലാവർക്കും ഒരു ഷോക്കായി. അതുകൊണ്ടും തീർന്നില്ല. വൈകാതെ അച്ഛൻ പക്ഷാഘാതം വന്നു തളർന്നു കിടപ്പിലായി. ഒൻപത് കൊല്ലമാണ് അച്ഛൻ ആ കിടപ്പു കിടന്നത്. അത് കലാരംഗത്തു നിന്നുള്ള എന്റെ വനവാസകാലമായിരുന്നു. കാരണം വീട്ടിൽ സുഖമില്ലാത്ത രണ്ടാളുകൾ. അനിയനും എല്ലാത്തിനും ഒരാളുടെ സഹായം വേണം. അവരെ പരിചരിക്കാൻ ഞാൻ കലാരംഗത്തു നിന്നും ഒരുനീണ്ട ഇടവേളയെടുത്തു.  ഇടി, ആക്ഷൻ ഹീറോ ബിജു തുടങ്ങിയ സിനിമകളിലൂടെയാണ്  പിന്നീട് റീഎൻട്രി നടത്തിയത്. 

സ്വിമ്മിങ് പൂളിൽ ഒരിക്കലും താമര വിരിയില്ലലോ, അത് ചേറിലാണ് വിരിയുന്നത്.  കലാപാരമ്പര്യമില്ലാത്ത ഒരു കുടുംബത്തിൽ നിന്നും കഷ്ടപ്പെട്ട് കലാരംഗത്തെത്തിയതാണ് ഞാൻ. സ്വകാര്യ ദുഃഖങ്ങൾ ഒരുപാടുണ്ടായിരുന്നിട്ടും മറ്റുള്ളവരെ ചിരിപ്പിക്കാനാണ് എനിക്കിഷ്ടം .

 

കുടുംബം...

sajan-palluruthy-family

ഭാര്യ ഷിജില. മകൻ ശ്രാവൺ ഡിഗ്രിക്ക് പഠിക്കുന്നു. മകൾ സമയ ഏഴാം ക്‌ളാസിൽ പഠിക്കുന്നു. അമ്മ പോയിട്ട് 12 വർഷമായി. അച്ഛൻ രണ്ടര വർഷം മുൻപ് മരിച്ചു.

യൂട്യൂബ് ചാനൽ..

ചെണ്ടയുടെ ഷൂട്ടിങ്ങിനിടയിൽ സാജൻ പള്ളുരുത്തിയും അഭിനേതാക്കളും.
ചെണ്ടയുടെ ഷൂട്ടിങ്ങിനിടയിൽ സാജൻ പള്ളുരുത്തിയും അഭിനേതാക്കളും.

കൊറോണക്കാലത്ത് ചെണ്ട എന്ന പേരിൽ യുട്യൂബ് ചാനൽ ആരംഭിച്ചു വെബ് സീരീസ് മേഖലയിലേക്കു കടന്നിരിക്കുകയാണ് ഞാനിപ്പോൾ. നാടൻ കഥാപാത്രങ്ങളും നാട്ടിൻപുറത്തെ കഥകളുമാണ് ഈ ചാനലിൽ ഒരുക്കിയിരിക്കുന്നത്. 10 മുതൽ 20 മിനിറ്റ് വരെ ദൈർഘ്യമുള്ള നർമം കലർന്ന 10 എപ്പിസോഡുകൾ ചാനലിൽ ഉണ്ട്. പള്ളുരുത്തിയും പരിസരവുമാണ് ചിത്രീകരണം.

ആഘോഷമില്ലാതെ ഓണം...

ഇത്തവണ 'കൊറോണ'മായിരുന്നല്ലോ. കൊറോണയുടെ ലീലാവിലാസങ്ങളിൽ പെടാതെ കുടുംബവുമൊത്ത് വീട്ടിൽ ഓണം ആഘോഷിച്ചു. കലാകാരന്മാരുടെ നെഞ്ചത്തേക്കാണ് കൊറോണ കയറിയത്. ആൾക്കൂട്ടം കൊണ്ട് ഉപജീവിക്കുന്നവരാണ് കലാകാരൻമാർ. ആ വാതിലാണ് കൊറോണ അടച്ചു കളഞ്ഞത്. പിന്നെ കൊറോണ കൊണ്ടുണ്ടായ ഒരു ഗുണം, ആൾക്കാർ വൃത്തിയും സാമൂഹിക അകലവും പാലിക്കേണ്ടതിനെ കുറിച്ച് ബോധവാന്മാരായി. കൊറോണ എല്ലാം മാറി സ്റ്റേജുകളും സിനിമാതിയറ്ററുകളും വീണ്ടും സജീവമാകുന്ന കാലത്തിനായി ഞാൻ കാത്തിരിക്കുന്നു.

English Summary- Sajan Palluruthy Home Family Life

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com