ADVERTISEMENT

പത്തിരുപത് വർഷങ്ങൾക്ക് മുൻപ് തനി നാട്ടിൻപുറത്ത് ഒരു തീയറ്റർ സ്വന്തമായുണ്ടെങ്കിൽ മുതലാളി എന്തെല്ലാം ശ്രദ്ധിക്കണം? തീയറ്ററിനോട് ചേർന്നുള്ള  സ്വന്തം വീടിന് ആദ്യം Z കാറ്റഗറി സുരക്ഷ ഏർപ്പെടുത്തണം എന്നാണ് ദിനേശേട്ടൻ പറയുന്നത്...പറഞ്ഞു വരുന്നത് മലബാറി കഫെ എന്ന ഹിറ്റ് വെബ് സീരീസിലെ ദിനേശൻ എന്ന കഥാപാത്രത്തിലൂടെ  ശ്രദ്ധേയനായ വിജിൽ ശിവന്റെ കാര്യമാണ്. നാട്ടിലെ വീടോർമ്മകളെ പറ്റി ചോദിച്ചാൽ വിജിൽ ആദ്യം പറയുക ഈ തീയറ്റർ കഥയാണ്... വിജിൽ ശിവൻ എന്ന ദിനേശേട്ടന്റെ വീട്ടുവിശേഷങ്ങൾ..

 

ഒന്നല്ല മൂന്ന് വീടുകൾ

ഒരു സിനിമാ തീയറ്റർ സ്വന്തമായി ഉണ്ടായിരുന്നു എന്നത്കൊണ്ട് മാത്രം മൂന്ന് വീടുകളാണ് അച്ഛനുണ്ടാക്കിയത്. അതിന്റെ കാരണമാണ് അതിലേറെ രസം. അഴീക്കോട് ഭാഗത്ത് വർഷങ്ങൾക്ക് മുൻപുണ്ടായിരുന്ന ഒരേയൊരു തീയറ്റർ ആയിരുന്നു അച്ഛന്റേത്. തനി നാട്ടിൻപുറം. അവിടെ ഒരു തീയറ്റർ നടത്തുക എന്നത് ഒരേ സമയം അവസരവും വെല്ലുവിളിയും ആയിരുന്നു. പ്രത്യേകിച്ച് തീയറ്റർ മുതലാളിയുടെ വീട് തൊട്ടടുത്താണ് എങ്കിൽ. കാരണം സിനിമാ എങ്ങാനും മോശമായാൽ അതിന്റെ പ്രത്യാഘാതം ആദ്യം അനുഭവിക്കേണ്ടി വരിക തീയറ്റർ ഉടമയാണ്‌. വീടിന് കല്ലേറ് ഉറപ്പാണ്. ആദ്യം ഞങ്ങളുടെ വീട് തീയറ്റർ ഉള്ളിടത്ത് നിന്നും കുറെ ദൂരെയായിരുന്നു. അപ്പോൾ അച്ഛന് ഷോ ഒക്കെ കഴിഞ്ഞെത്താൻ സമയം വൈകും എന്നതിനാൽ, മറ്റൊരു വീട് വച്ചു. അത് തീയേറ്ററിന് വളരെ അടുത്തായി പോയി. അതോടെ നേരത്തെ പറഞ്ഞ പ്രശ്നങ്ങൾ വന്നു തുടങ്ങി. പിന്നീടാണ് തീയറ്റർ ഉള്ളിടത്ത് നിന്നും അൽപമകലെ  പ്രസി വില്ല എന്ന ഇപ്പോഴത്തെ വീട് വച്ചത്. എന്റെ ബാല്യത്തിന്റെ ഓർമ്മകൾ എല്ലാം ഈ വീടിനെ ചുറ്റിപ്പറ്റിയാണ്. ഇപ്പോൾ അച്ഛനില്ല, പ്രസി വില്ല ഇപ്പോൾ ഞങ്ങളുടെ തറവാട് വീട് ആണ്. 

 

നൊസ്റ്റാൾജിയ ഉണർത്തുന്ന പ്രസി വില്ല

malabar-cafe

മൂന്ന് വീടുകളിൽ മാറി മാറി താമസിച്ചു എങ്കിലും ബാല്യകാലത്തിന്റെ ഓർമ്മകൾ കൂടുതലും  പ്രസി വില്ലയെ ചുറ്റിപ്പറ്റിയാണ്. കളിയും ചിരിയും ഉത്സവാഘോഷങ്ങളും കൊച്ചുകൊച്ചു സന്തോഷങ്ങളും സ്വകാര്യ വിഷമങ്ങളും അങ്ങനെ പലതിനും  സാക്ഷിയായ വീടാണ് പ്രസി വില്ല. അത്കൊണ്ട് വിദേശത്ത് നിന്നും നാടിനെപ്പറ്റി ഓർക്കുമ്പോൾ ആ വീട് എനിക്ക് വല്ലാത്തൊരു നൊസ്റാൾജിയയാണ്. വിവാഹം കഴിഞ്ഞു ഭാര്യ അംബിക കൂടി എത്തിയതോടെ വീടോർമ്മകൾ കൂടുതൽ മധുരമുള്ളതായി മാറി. 

 

സുലുവിന്റെ വീട് 

ഭാര്യ അംബികയെ മലബാറി കഫെയിലെ സുലുവായി എല്ലാവർക്കും പരിചിതമാണ്. കണ്ണൂർ തന്നെയാണ് സ്വദേശം. എന്റെ വീടും അംബികയുടെ വീടും തമ്മിൽ കഷ്ടി ഒരു നാല് കിലോമീറ്റർ ദൂരമേ കാണൂ. അംബിക കൂട്ടുകുടുംബ രീതിയിൽ ബാല്യം ചെലവിട്ട ആളാണ്. പിന്നീടാണ് മറ്റൊരു വീട്ടിലേക്ക് മാറുന്നത്  അംബികയുടെയും ചേച്ചിയുടെയും കല്യാണം കഴിഞ്ഞതോടെ വീട്ടിൽ ഇപ്പോൾ മാതാപിതാക്കൾ മാത്രമാണുള്ളത്. 

 

സ്വപ്നഗൃഹം മനസിലുണ്ട് 

സ്വന്തമായൊരു വീട് എന്ന സ്വപ്നം ഞങ്ങൾക്കുണ്ട്. സിംഗിൾ ഫ്ലോർ വീടാണ് ഞങ്ങൾ രണ്ടു പേരുടെയും മനസിലുള്ളത്. വീടുകളെപ്പറ്റി വരുന്ന ആർട്ടിക്കിളുകൾ കാണാറുണ്ട്. അതിൽ ഇഷ്ടപ്പെട്ടവ സേവ് ചെയ്ത വയ്ക്കുകയും  ചെയ്യും. എല്ലാം ഒത്തുവന്നാൽ ഉടനെ തന്നെ ആ ആഗ്രഹം പ്രാവർത്തികമാക്കണം എന്നാണ് ആഗ്രഹിക്കുന്നത്. 

English Summary- Vijil Sivan Malabari Cafe Home Memories

 

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com