അന്ന് നേരിട്ടത് മലയാളിയാണോ എന്ന ചോദ്യം; ഇന്ന് എല്ലാവർക്കും നന്ദി: ഹരിത പറക്കോട്

haritha-parokkod
SHARE

സോഷ്യൽ മീഡിയയിലൂടെയും വെബ് സീരീസുകളിലൂടെയും പ്രേക്ഷകർക്ക് പരിചിതയാണ് ഹരിത പറക്കോട്.  നാട്ടിൽ വേരുകളുള്ള, ചെന്നൈയിൽ ജനിച്ചുവളർന്ന ഹരിത, താൻ ഏറ്റവും നേരിട്ട ചോദ്യങ്ങളിലൊന്ന് 'മലയാളിയാണോ' എന്നതാണെന്നും ചിരിയോടെ പറയുന്നു. ഹരിത താൻ കടന്നുവന്ന വഴികളും വീട്ടുവിശേഷങ്ങളും പങ്കുവയ്ക്കുന്നു.

മലപ്പുറം ജില്ലയിലെ ചെമ്മാണിയോട് എന്ന ഗ്രാമമാണ് എന്റെ സ്വദേശം. പാടവും, പച്ചപ്പും, മഴയും പുഴയുമെല്ലാമുള്ള തനി നാട്ടിൻപുറം. അച്ഛൻ, അമ്മ, ചേച്ചി, ഞാൻ. ഇതായിരുന്നു കുടുംബം. അച്ഛൻ ജേർണലിസ്റ്റായിരുന്നു. അദ്ദേഹം ദീർഘകാലം ചെന്നൈയിലാണ് ജോലി ചെയ്തത്. അങ്ങനെ ഞാൻ വളർന്നതെല്ലാം അവിടെയാണ്. ചെന്നൈയിലെ  ഫ്ലാറ്റ് ജീവിതത്തിൽ നിന്നുമുള്ള രക്ഷപെടലായിരുന്നു ഓരോ അവധിക്കാലവും.  നാട്ടിലെത്തി കൂട്ടുകാരോടൊപ്പം കളിയും ചിരിയുമായി നടന്ന കാലം ഇന്നും ഓർമയുണ്ട്. അന്ന് 7 മണിക്ക് ലോഡ് പവർ കട്ട് ഉള്ള സമയമാണ്. അതുമായി കൂട്ടിയിണക്കിയാണ് വീടിന്റെ രാത്രി ജീവിതം നീങ്ങിയിരുന്നത്. കറണ്ട് കട്ട് കഴിഞ്ഞാൽ ഭക്ഷണം, പിന്നെ ടിവി, ഉറക്കം..അങ്ങനെയങ്ങനെ...

haritha-youtube

മനോഹരമായ ഒരു തറവാടായിരുന്നു നാട്ടിലേത്. പറക്കോട് എന്നാണ് അമ്മയുടെ വീട്ടുപേര്. ആ വീടിനോടുള്ള ഇഷ്ടം കൊണ്ട്  അതിനെ ഞാൻ പേരിന്റെ കൂടെക്കൂട്ടി. എന്റെ ഇൻസ്റ്റഗ്രാം ഐഡി മിസ് പറക്കോട് എന്നാണ്. പലരും ചോദിക്കാറുണ്ട്, എന്താണ് ഈ പറക്കോട് എന്ന്..ഇതാണ് അതിന്റെ ഉത്തരം.

ചെറുപ്പം മുതൽ അഭിനയം ഇഷ്ടമാണ്.കോമഡി ഒക്കെ പറഞ്ഞു ആൾക്കാരെ ചിരിപ്പിക്കുമായിരുന്നു. പിന്നെ ചെറിയ പരസ്യങ്ങളുടെയും ടിവി ഷോകളുടെയും ഭാഗമായി. ഇടക്കാലത്തു അച്ഛന് കൊച്ചിയിലേക്ക് സ്ഥലം മാറ്റം കിട്ടിയപ്പോൾ ഞങ്ങൾ കൊച്ചിയിലെത്തി. ഞാൻ കൊച്ചിയുമായി പ്രണയത്തിലായി. ഭാവിയിൽ ഇവിടെ ഒരു ഫ്ലാറ്റ് വാങ്ങി താമസിക്കണമെന്ന് മോഹം തോന്നി. ആഗ്രഹിച്ച പോലെ എനിക്ക് കൊച്ചിയിൽ ജോലി കിട്ടി. അതിനുശേഷമാണ്  യൂട്യൂബ് ചാനൽ തുടങ്ങുന്നത്. ചെറിയ ഫണ്ണി വിഡിയോകൾ ചെയ്തു തുടങ്ങി, പിന്നെ വെബ് സീരീസുകളുടെ ഭാഗമായി.  അത് ഹിറ്റായപ്പോൾ ജോലി രാജിവച്ചു. ഇപ്പോൾ സ്വന്തമായി ഒരു ബ്രാൻഡ് തുടങ്ങി വളർത്തിയെടുക്കാനുള്ള പരിശ്രമത്തിലാണ്.

haritha-parokod

പിൽക്കാലത്ത് ഭാഗം വച്ചപ്പോൾ എന്റെ പഴയ തറവാട് പൊളിച്ചു. ഇപ്പോൾ എന്റെ ജീവിതത്തിലെ വലിയ ആഗ്രഹങ്ങളിലൊന്ന് അതുപോലെ ഒരു കൊച്ചു തറവാടുവീട് വയ്ക്കണം എന്നുള്ളതാണ്. എന്റെ ചേച്ചി അമേരിക്കയിലാണ്. അവൾ അടുത്തിടെ നാട്ടിൽ അതുപോലെ ഒരു തറവാട് വച്ചു. ഇനി അടുത്തത് എന്റെ ഊഴമാണ്...

ലോക്ഡൗൺ കാലത്ത് ധാരാളം മലയാളികൾ യൂട്യൂബ് ചാനൽ തുടങ്ങി. ഇപ്പോൾ തിയറ്ററുകൾ അടഞ്ഞുകിടക്കുന്നതുകൊണ്ട് മിക്കവരും സന്തോഷത്തിനായി ആശ്രയിക്കുന്നത് യൂട്യുബിനെയും മറ്റു സോഷ്യൽ മീഡിയകളേയുമാണ്. വെബ് സീരീസുകൾ ഹിറ്റായതോടെ ഇപ്പോൾ മലയാളിയാണോ എന്ന് ചോദിക്കുന്ന ആളുകളുടെ എണ്ണം കുറഞ്ഞു എന്നതാണ് സന്തോഷം.ധാരാളം ആളുകൾ വിഡിയോസ് കണ്ടിഷ്ടപ്പെട്ടു മെസേജ് അയക്കാറുണ്ട്. പ്രോത്സാഹിപ്പിക്കുന്ന എല്ലാവർക്കും നന്ദി. ആളുകളെ ചിരിപ്പിക്കുന്ന സന്തോഷിപ്പിക്കുന്ന കൂടുതൽ വിഡിയോകൾ ചെയ്യണം, പറ്റുമെങ്കിൽ സിനിമയിലും സജീവമാകണം. ഇതൊക്കെയാണ് ഭാവിപരിപാടികൾ.

English Summary- Haritha Parokod YouTuber Home Life

ബാല്യം മുതൽ ഇന്നുവരെ നിങ്ങളുടെ ജീവിതത്തിലൂടെ കടന്നുപോയ വീടുകളെക്കുറിച്ച് ഗൃഹാതുരമായ ഓർമകളുണ്ടോ? ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.യോഗ്യമായവ പ്രസിദ്ധീകരിക്കും.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SPOT LIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA