ചെളിയും മണ്ണും കൊണ്ട് നിര്‍മ്മിച്ച, 150 വർഷം പഴക്കമുള്ള ഈ വീടിനു പറയാന്‍ ഒരല്‍പം ചരിത്രമുണ്ടാകും. മണ്ണിനോടും പ്രകൃതിയോടും പടപൊരുതി പൊന്നുവിളയിച്ച കുറെ തലമുറകള്‍ ഈ വീടിന്റെ പൈതൃകം വിളിച്ചു പറയുന്നുണ്ട്. ഈ വീട്ടിലെ താമസക്കാരന്‍ ചെറുവയല്‍ രാമന്‍ എന്നറിയപ്പെടുന്ന വയനാട്ടുകാരുടെ സ്വന്തം രാമേട്ടനാണ്. വയനാട്ടിലെ കുറിച്യ വിഭാഗത്തില്‍പെട്ട രാമട്ടന് പ്രായം 70. അപൂർവയിനം വിത്തുകളുടെ കാവൽക്കാരനായാണ് രാമേട്ടൻ ലോകമെങ്ങും അറിയപ്പെടുന്നത്. 52 ഇനം അപൂർവ നെൽവിത്തുകൾ ഉപയോഗിച്ചാണ് രാമേട്ടൻ കൃഷി ചെയ്യുന്നത്. സാമ്പത്തികമായി നഷ്ടം വന്നിട്ടും, മറ്റു സങ്കര വിത്തുകൾ ഉപയോഗിക്കാൻ അദ്ദേഹം തയാറായില്ല. ഇവിടേക്ക് കൃഷി അറിവുകള്‍ കേള്‍ക്കാനും അറിയാനും നിരവധി പേരാണ് എത്തുക.

ചെളിമണ്ണും വയ്ക്കോലും ചൂരലും ചേര്‍ത്ത മിശ്രിതം കൊണ്ടാണ് വീടിന്റെ ഭിത്തികള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഈട്ടിയും മുളയും കൊണ്ടാണ് മേല്‍ക്കൂരയുടെ നിര്‍മ്മാണം. ഏതു വലിയ പ്രകൃതിക്ഷോഭത്തെയും ഇത് ചെറുക്കുമെന്ന് രാമേട്ടന്‍ പറയുന്നു. നല്ല കല്ലന്‍ മുള വെട്ടിയെടുത്തു ഒരുമാസക്കാലത്തോളം വെള്ളത്തില്‍ കുതിര്‍ത്ത ശേഷം തീയിൽ തൊട്ടെടുത്താണ് പണ്ടുള്ളവര്‍ വീടിന്റെ മേല്‍ക്കൂര പണിയാന്‍ മുള ഉപയോഗിച്ചിരുന്നതെന്ന് രാമേട്ടന്‍ പറയുന്നു. അതുകൊണ്ട് ഇത് ഇരുമ്പ് പോലെ ബലമുള്ളതാണ്. എങ്ങനെ പോയാലും ഒരു 500 വർഷം വരെ ഇതിനു യാതൊരു കേടും സംഭവിക്കില്ലത്രേ. പിന്നെ വേനല്‍ എത്ര കടുത്താലും ശരി ഈ വീട്ടിനുള്ളില്‍ ചൂടൊന്നും അറിയുകയേയില്ല..

രാമേട്ടന്റെ ഓര്‍മ്മയില്‍ തന്റെ പത്താം വയസ്സ് മുതല്‍ മണ്ണില്‍ പണിയെടുക്കാന്‍ തുടങ്ങിയതാണ്. അദ്ദേഹത്തിന്റെ അമ്മാവന്‍ നല്‍കിയ 40 ഏക്കര്‍ ഭൂമിയിലാണ് രാമേട്ടന്‍ കൃഷി ആരംഭിക്കുന്നത്. 1969 ലാണ് കൃഷിയെ കൂടുതല്‍ ഗൗരവമായി ചെയ്യാന്‍ തുടങ്ങിയതെന്ന് രാമേട്ടന്‍ പറയുന്നു.
കാലം പുരോഗമിച്ചപ്പോള്‍ കൃഷിയിലും ഹൈബ്രിഡ് വെറൈറ്റികളും ജനതികവിത്തുകളും വന്നെത്തിയെങ്കിലും രാമേട്ടന്‍ ആ വഴിക്കൊന്നും പോയതേയില്ല. പൈതൃകമായി താന്‍ ചെയ്തു വന്ന കൃഷി രീതികളും വിത്തിനങ്ങള്‍ സൂക്ഷിച്ചുവച്ചുമാണ് രാമേട്ടന്റെ കൃഷി. ഓരോ വിളവെടുപ്പിനു ശേഷവും വിത്തുകള്‍ സൂക്ഷിച്ചു വച്ചാണ് രാമേട്ടന്‍ അടുത്ത കൃഷി നടത്തുക. ജൈവകൃഷി എന്നൊക്കെ നമ്മള്‍ കേള്‍ക്കുന്നത് എത്രയോ മുന്‍പേ രാമേട്ടന്‍ പൂര്‍ണ്ണജൈവകര്‍ഷകനാണ്.
English Summary- CheruVayal Raman Seed Man from Kerala