ADVERTISEMENT

35 വർഷത്തിലേറെയായി മിനിസ്‌ക്രീനിലും സിനിമയിലും സജീവമാണ് കനകലത എന്ന അഭിനേത്രി. അമ്മവേഷങ്ങളിലൂടെയും കോമഡി വേഷങ്ങളിലൂടെയും പ്രേക്ഷകർക്കെല്ലാം സുപരിചിത. എന്നാൽ കഷ്ടപ്പാടിന്റെയും പ്രതിസന്ധികളുടെയും കാലം പോരാടി അതിജീവിച്ചു കടന്നുവന്ന കഥ പലർക്കുമറിയില്ല. കനകലത ആ ജീവിതകഥ പങ്കുവയ്ക്കുന്നു..

ഓച്ചിറയാണ് ഞാൻ ജനിച്ചത്. പഠിച്ചതും വളർന്നതുമെല്ലാം കൊല്ലത്താണ്. അച്ഛനവിടെ ചെറിയ ഹോട്ടൽ നടത്തുകയായിരുന്നു. ഞങ്ങൾ 5 മക്കൾ. എനിക്ക് നാലു വയസുള്ളപ്പോൾ അച്ഛൻ  മരിച്ചു. പറക്കമുറ്റാത്ത ഞങ്ങൾ മക്കളെ പിന്നീട് വളർത്തിയത് അമ്മയും അമ്മാവനും ചേർന്നാണ്. ദാരിദ്ര്യവും കഷ്ടപ്പാടുമായിരുന്നു ജീവിതം.  വാടകവീടുകളിൽ നിന്ന് വാടകവീടുകളിലേക്കുള്ള പലായനമായിരുന്നു.

ചെറുപ്പത്തിൽ തന്നെ കലാരംഗത്ത് സജീവമായിരുന്നു. അമച്വർ നാടകങ്ങളിലൂടെയാണ് തുടക്കം. പിന്നീട് പ്രൊഫഷണൽ നാടകങ്ങളുടെ ഭാഗമായതോടെ അഭിനയം തന്നെ ജീവിതമാർഗം എന്നുറപ്പിച്ചു. പിന്നീട് ദൂരദർശനിൽ ഒരു പൂ വിരിയുന്നു എന്ന സീരിയലിൽ അഭിനയിക്കാൻ അവസരം ലഭിച്ചു. അതുവഴി മിനിസ്ക്രീനിലെത്തി. അതുകണ്ട് ഉണർത്തുപാട്ട് എന്നൊരു സിനിമയിലേക്ക് വിളിച്ചു. അഭിനയിച്ചു. പക്ഷേ ആ  സിനിമ  റിലീസായില്ല. പിന്നീട് ചില്ല് എന്ന സിനിമയാണ് റിലീസായത്.

kanakalatha-photo

ആ സമയത്ത് ഞാൻ വിവാഹിതയായി. പക്ഷേ ദാമ്പത്യജീവിതം അധികകാലം നീണ്ടുനിന്നില്ല. ഞങ്ങൾ വേർപിരിഞ്ഞു. ജീവിതത്തിൽ ഒറ്റപ്പെടൽ തോന്നിയ സമയം. അപ്പോഴാണ് എന്റെ മൂത്ത സഹോദരൻ മരിക്കുന്നത്. അങ്ങനെ ചേട്ടന്റെ മൂന്നു മക്കളെ ഞാൻ സ്വന്തം മക്കളായി ദത്തെടുത്തു വളർത്താൻ തുടങ്ങി. അവരിലൂടെ എനിക്ക് വീണ്ടും ഒരു കുടുംബം ലഭിച്ചു. അഭിനയത്തിലൂടെ ലഭിക്കുന്ന വരുമാനം കൊണ്ട് കഷ്ടപ്പെട്ട് അവരെ ഞാൻ വളർത്തി. രണ്ടു പെൺമക്കളെ നല്ല രീതിയിൽ വിവാഹം കഴിപ്പിച്ചുവിട്ടു. മകനും അവന്റെ കുടുംബവുമാണ് ഇപ്പോൾ എന്നോടൊപ്പമുള്ളത്.

നിരവധി വാടകവീടുകളിൽ ജീവിതത്തിന്റെ ഭൂരിഭാഗവും ചെലവഴിച്ച എനിക്ക് സ്വന്തമായി ഒരു വീട് വലിയ സ്വപ്നമായിരുന്നു. അങ്ങനെ 9 വർഷം മുൻപ്  മലയിൻകീഴ് 3.5 സെന്റ് സ്ഥലം ഞാൻ വാങ്ങി. കഷ്ടപ്പെട്ട് സ്വരുക്കൂട്ടിയ സമ്പാദ്യവുമായി വീടുപണി തുടങ്ങി. അവസാനംപണി പൂർത്തിയാക്കാൻ 3 ലക്ഷം കൂടി വേണ്ട സന്ദർഭമെത്തി. അന്ന് എന്റെ അവസ്ഥ കണ്ട് സഹായിച്ചത് കലാഭവൻ മണിയും ഇന്ദ്രൻസുമായിരുന്നു. എന്നും ആ സ്മരണ എന്റെ ജീവിതത്തിലുണ്ടാകും.

കഴിഞ്ഞ 38 വർഷത്തിൽ 360 സിനിമകളിൽ അഭിനയിച്ചു. അതിൽ 30 തമിഴ് സിനിമകളുമുണ്ട് . സിനിമകൾ കൂടുതൽ ലഭിക്കുന്നതുകൊണ്ട് ഇപ്പോൾ മിനിസ്‌ക്രീനിൽ ഒരിടവേള എടുത്തിരിക്കുകയാണ്. പക്ഷേ ഈ 

കൊറോണക്കാലം ഞങ്ങളെപ്പോലെയുള്ള ആർട്ടിസ്റ്റുകൾക്കാണ് ഏറ്റവും പ്രഹരമായത്. എട്ടു മാസമാണ് പണിയില്ലാതെ ഞാൻ വീട്ടിലിരുന്നത്. കഴിഞ്ഞ മാസം മുതലാണ് വീണ്ടും ഷൂട്ടിങ് പുനരാരംഭിച്ചത്. 

English Summary- Kanakalatha Actor Life Family Experience

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com