മഴവിൽ മനോരയിലൂടെ പ്രേക്ഷകരുടെ ഇഷ്ടസീരിയലായി മുന്നേറുകയാണ് ചാക്കോയും മേരിയും എന്ന പരമ്പര. ഇതിൽ കേന്ദ്രകഥാപാത്രമായ ചാക്കോയെ അവതരിപ്പിക്കുന്നത് ഏറെക്കുറെ പുതുമുഖമായ സജിൻ ജോണാണ്. സീരിയലിലെ പോലെ ചില ട്വിസ്റ്റുകൾ സജിന്റെ ജീവിതത്തിലും ഉണ്ടായിട്ടുണ്ട്. സജിൻ തന്റെ ജീവിതവിശേഷങ്ങൾ പങ്കുവയ്ക്കുന്നു.
കുടുംബം...

പത്തനംതിട്ട ജില്ലയിലെ തുമ്പമണ്ണാണ് സ്വദേശം. അപ്പൻ കൺസ്ട്രക്‌ഷൻ, ഇലക്ട്രിക്കൽ കട നടത്തുന്നു. അമ്മ റിട്ടയേർഡ് ഹെഡ്മിസ്ട്രസ്സ് ആണ്. ഞാൻ ഇരുവരുടെയും ഏകമകനാണ്. പിന്നെ അമ്മച്ചി (അച്ഛന്റെ അമ്മ) യുമുണ്ട്.. ഇതാണ് ഞങ്ങളുടെ കൊച്ചു കുടുംബം. അഭിനയം ചെറുപ്പം മുതലേ ഇഷ്ടമാണ്. രണ്ടാം ക്‌ളാസ് മുതൽ നാടകം, സ്കിറ്റ് മറ്റ് കലാപരിപാടികൾക്കെല്ലാം രംഗത്തുണ്ടായിരുന്നു. പക്ഷേ ഡിഗ്രി കഴിഞ്ഞ ശേഷമാണ് അഭിനയമോഹം കലശലായത്.
ആ റിസ്ക് ഫലം കണ്ടു..
കുടുംബത്തിലാർക്കും കലാപാരമ്പര്യമില്ല. ഏത് വാതിലിൽ മുട്ടണം എന്നറിയില്ല. അങ്ങനെ തുടർന്നും പഠിക്കാൻ പോയി. പിജിയും ബിഎഡും ചെയ്തു. അത് കഴിഞ്ഞു രണ്ടുവർഷം സ്‌കൂൾ അധ്യാപകനായി ജോലിചെയ്തു. ആ സമയത്താണ് എന്റെ ഫെയ്സ്ബുക് സുഹൃത്ത്, നടൻ സാബു വർഗീസ് എന്റെ ഫോട്ടോ ഒരു സംവിധായകന് അയച്ചുകൊടുക്കുന്നത്. അവിടെ വച്ചാണ് ജീവിതത്തിലെ വഴിത്തിരിവ് സംഭവിക്കുന്നത്. എന്നെ ഓഡിഷന് വിളിക്കുന്നു. പോകുന്നു. തിരഞ്ഞെടുക്കപ്പെടുന്നു. അങ്ങനെയാണ് മഴവിൽ മനോരമയിലെ ഭ്രമണം എന്ന സീരിയലിലെ ചെറിയ വേഷം കിട്ടുന്നത്.

അപ്പോഴും ഒരു ധർമ്മസങ്കടം ഉയർന്നുവന്നു. അഭിനയവും അധ്യാപനവും കൂടി കൊണ്ടുപോകാൻ കഴിയില്ല. ഏതു കൊള്ളണം, ഏത് തള്ളണം? ഒടുവിൽ ആ റിസ്ക് എടുക്കാൻ ഞാൻ തീരുമാനിച്ചു. കഷ്ടപ്പെട്ട് പഠിച്ചു നേടിയ അധ്യാപനജോലി ഉപേക്ഷിച്ചു. അധ്യാപികയായ അമ്മയടക്കം കുടുംബം ഫുൾ സപ്പോർട്ട് നൽകി. അതാണ് എന്റെ ബലം. ഈശ്വരാനുഗ്രഹം കൊണ്ട് ആ ചെറിയ വേഷം ശ്രദ്ധിക്കപ്പെട്ടു. ആ സമയത്ത് ചാക്കോയും മേരിയും സീരിയൽ തുടങ്ങിയിരുന്നു. അതിലെ കുട്ടിചാക്കോയ്ക്ക് ചുരുണ്ട മുടിയുണ്ട്, എനിക്കും ചുരുണ്ട മുടിയുണ്ട്. അത് കണ്ടപ്പോൾ ഞാൻ ആത്മഗതം ചെയ്തിട്ടുണ്ട്: ചാക്കോ വളരുമ്പോൾ ആ കഥാപാത്രം ചെയ്യാൻ ഞാൻ ഫിറ്റ് ആണല്ലോ എന്ന്. പക്ഷേ അദ്ഭുതം എന്നുപറയട്ടെ, ഭ്രമണത്തിലെ എന്നെ ശ്രദ്ധിച്ച സംവിധായകൻ ചാക്കോയും മേരിയിലേക്കും എന്നെ വിളിക്കുകയായിരുന്നു. അങ്ങനെ മനസ്സിൽ കണ്ടത് കൈവെള്ളയിൽ കൊണ്ടുതന്നെ പോലെയായി!
വീടുകൾ...

എന്റെ ചെറുപ്പത്തിൽ അമ്മ മലപ്പുറം താനൂരിലായിരുന്നു കുറച്ചു വർഷങ്ങൾ ജോലി ചെയ്തത്. അങ്ങനെ കുട്ടിക്കാലത്ത് മൂന്നാലു വർഷം അവിടെ വാടകവീട്ടിലായിരുന്നു. പിന്നീട് നാട്ടിലേക്ക് സ്ഥലംമാറ്റം കിട്ടി. പല ഘട്ടങ്ങളായി വികസിച്ച വീടാണ് എന്റേത്. പണ്ട് ഓടിട്ട ചെറിയ വീടായിരുന്നു. ഏകദേശം പത്തുവർഷങ്ങൾക്കു മുൻപ് പുതുക്കിപ്പണിതു. സൗകര്യങ്ങൾ മെച്ചപ്പെടുത്തി. അങ്ങനെ പല കാലങ്ങളിലെ ചെറിയ മിനുക്കുപണികളിലൂടെ വീട് ഇന്നുകാണുന്ന രൂപത്തിലെത്തി.
ഇപ്പോൾ ശരിക്കും ജീവിതത്തിൽ രണ്ടു വീടുകളുമുണ്ട്. ഒന്ന് തുമ്പമണ്ണിലുള്ള വീട്. രണ്ട് കൊച്ചിയിലുള്ള ഷൂട്ടിങ് സെറ്റ്. ശരിക്കും ഒരു കുടുംബം പോലെയാണ് അവിടെ. ഒറ്റമകനായതുകൊണ്ട് ചെറുപ്പത്തിൽ ഏകാന്തതയുടെ വിഷമങ്ങൾ ഉണ്ടായിരുന്നു. ഇപ്പോൾ സീരിയൽവഴി ധാരാളം സുഹൃത്തുക്കളെ ലഭിച്ചു. ചാക്കോ സീരിയലിൽ വില്ലൻ വേഷം ചെയ്യുന്ന മിഥുൻ മേനോൻ അടുത്ത സുഹൃത്തും ജ്യേഷ്ഠതുല്യനുമാണ്. കൊച്ചിയിലെ ഗസ്റ്റ് ഹൗസിലാണ് സീരിയൽ ഷൂട്ടിങ് ഉള്ളപ്പോൾ താമസിക്കുന്നത്. ചാക്കോയും മേരിയിലെയും മേടയിൽ തറവാടായി കാണിക്കുന്നത് എറണാകുളം തിരുവാണിയൂരിൽ സ്ഥിതി ചെയുന്ന വൈറ്റ് ഹൗസ് എന്നുവിളിക്കുന്ന വീടാണ്.
പ്രചോദനം ലാലേട്ടൻ...
അന്ധനായി അഭിനയിക്കുന്നത് ആദ്യം വെല്ലുവിളി ആയിരുന്നു. പലതരം അന്ധതയുണ്ട്. തിരക്കഥാകൃത്ത് മോഹൻലാൽ അന്ധനായി അഭിനയിച്ച ഒപ്പം, യോദ്ധ പോലെയുള്ള സിനിമകൾ കാണാൻ പറഞ്ഞു. അത്തരമൊരു അഭിനയമാണ് വേണ്ടത് എന്നുപറഞ്ഞു. അങ്ങനെ ലാലേട്ടനിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ചാക്കോയെ അവതരിപ്പിക്കാൻ തുടങ്ങിയത്. പ്രധാന വെല്ലുവിളി എതിരെ നിൽക്കുന്ന ആളുടെ മുഖത്തേക്ക് നോട്ടം പാളാതെ, ചെവി കൂർപ്പിച്ച് അഭിനയിക്കുക എന്നതായിരുന്നു. ഇപ്പോൾ അത് ശീലമായി.
പ്രണയം , വിവാഹം...
ഇപ്പോൾ ആൾക്കാർ തിരിച്ചറിയുന്നു. പലർക്കും എന്റെ ശരിക്കുള്ള പേര് അറിയില്ല. ചാക്കോ എന്ന് വിളിക്കുന്നു. പലരും ചോദിക്കുന്നുണ്ട് കല്യാണം കഴിക്കാൻ പ്ലാൻ ഒന്നുമില്ലേ എന്ന്. വീട്ടിൽ കല്യാണാലോചനകൾ തുടങ്ങിയിട്ടുണ്ട്. ഇടക്കാലത്ത് ചെറിയ പ്രണയം ഒക്കെ ഉണ്ടായിരുന്നു. പക്ഷേ സെറ്റായില്ല. അങ്ങനെ ഞാൻ കല്യാണക്കാര്യം വീട്ടുകാർക്ക് ഏൽപിച്ചു കൊടുത്തു. സമയമാകുമ്പോൾ ജീവിതപങ്കാളി തേടിയെത്തട്ടെ...
English Summary- Sajin John Chackoyum Maryum Fame Life