ADVERTISEMENT

കുടുംബസദസുകളിൽ സൂപ്പർഹിറ്റായി ഓടുന്ന സീരിയലാണ് മഴവിൽ മനോരമയിലെ ചാക്കോയും മേരിയും. ചാക്കോ എന്ന കഥാപാത്രം തുടക്കം മുതലുണ്ടെങ്കിലും മേരി രംഗത്തില്ലായിരുന്നു. പ്രേക്ഷകരുടെ ആകാംക്ഷയ്ക്ക് അറുതിവരുത്തി അടുത്തിടെ മേരി രംഗപ്രവേശം ചെയ്തു. പുതുമുഖം അപർണ ദേവിയാണ് മേരിയെ അവതരിപ്പിക്കുന്നത്. അപർണ തന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു.

കുടുംബം...

ഒരു സാധാരണ വീട്ടിലാണ് ജനിച്ചതും വളർന്നതും. വളർന്നതും. കൊല്ലം ചവറയാണ് സ്വദേശം. അച്ഛൻ, അമ്മ, ചേച്ചി, ഞാൻ. ഇതായിരുന്നു കുടുംബം. ഏഴാം ക്‌ളാസ് വരെ ചവറയിൽ പഠനം. നാട്ടിലെ ക്ഷേത്രപരിപാടികളിലൊക്കെ സജീവമായിരുന്നു.  ചെറുപ്പം മുതൽ ഒരു കലാകാരിയാകണം, നൃത്തം ശാസ്ത്രീയമായി പഠിക്കണം എന്നീ ആഗ്രഹങ്ങളുണ്ടായിരുന്നു. അങ്ങനെ എട്ടാം ക്‌ളാസിൽ ഞാൻ കലാമണ്ഡലത്തിലേക്ക് ജീവിതം പറിച്ചുനട്ടു. വളരെ കർക്കശമായ ഗുരുകുല സമ്പ്രദായമാണ് ഇപ്പോഴും അവിടെ. ആദ്യമായി വീട്ടിൽ നിന്നും മാറിനിൽക്കുന്ന 13 വയസുകാരിക്ക് ബുദ്ധിമുട്ടായിരുന്നു. കാലക്രമേണ അഡ്ജസ്റ്റ് ചെയ്തു. പിന്നീട് ഡിഗ്രി വരെ ജീവിതം അവിടെയായിരുന്നു. ഇതിനിടയ്ക്ക് വിദേശത്തും ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലും പ്രോഗ്രാമുകൾ അവതരിപ്പിച്ചു. ഇപ്പോൾ അച്ഛൻ മരിച്ചു. നാട്ടിൽ ഞങ്ങൾക്ക് ഒരു ഓഫ്സെറ്റ് പ്രസ് ഉണ്ട്. ഇപ്പോൾ അമ്മയാണ് അത് നോക്കുന്നത്. ചേച്ചി വിവാഹം കഴിഞ്ഞു കുടുംബിനിയായി കഴിയുന്നു.

 

archana-devi-marriage

വിവാഹവും മിനിസ്ക്രീൻ എൻട്രിയും...

പത്തുമാസം മുൻപായിരുന്നു എന്റെ വിവാഹം. ഭർത്താവ് രമിത്തും കലാമേഖലയിൽ ഉള്ളയാളാണ്. അദ്ദേഹം തിയറ്റർ ആർട്ടിസ്റ്റാണ്. ഇപ്പോൾ സിംഗപ്പൂരിൽ ആക്ടിങ് കോഴ്സ് പഠിക്കുന്നു. അദ്ദേഹവും കലാമണ്ഡലത്തിൽ കുറച്ചുകാലം പഠിച്ചിരുന്നു. പലരും ചോദിക്കുന്നത് പ്രണയവിവാഹം ആയിരുന്നോ എന്നാണ്. പക്ഷേ പ്രണയിക്കാൻ സമയം കിട്ടിയില്ല എന്നതാണ് യാഥാർഥ്യം. അതിനുമുന്നെ വീട്ടുകാർ ആലോചിച്ചു വിവാഹം നടത്തി. വിവാഹം കഴിഞ്ഞാലും പ്രണയിക്കാമല്ലോ. അദ്ദേഹം അടുത്തില്ല എന്ന വിഷമമേയുള്ളൂ..

ഭർത്താവിന്റെ ചേച്ചിയാണ് മഴവിൽ മനോരമയിലെ കാസ്റ്റിങ് കോൾ കണ്ട് അപേക്ഷിക്കാൻ നിർബന്ധിച്ചത്. ഭർതൃവീട്ടുകാരുടെ സപ്പോർട്ടാണ് എന്റെ ബലം. അങ്ങനെ ഓഡിഷൻ വഴി തിരഞ്ഞെടുക്കപ്പെട്ടാണ് മേരി എന്ന കഥാപാത്രമായത്. ഞങ്ങളുടെ വിവാഹആൽബം ചെയ്തവർ വഴി ഒരു മോഡൽ ഫോട്ടോഷൂട്ട് ചെയ്തതാണ് ഈ മേഖലയിലെ ആകെയുള്ള പരിചയം. അഭിനയം അടുത്തകാലം വരെ എന്റെ സ്വപ്നങ്ങളിൽ ഇല്ലായിരുന്നു, പക്ഷേ ഇപ്പോൾ അതിലും ഒന്നുപയറ്റി നോക്കണം എന്നാഗ്രഹമുണ്ട്.

archana-house

 

ഞങ്ങളുടെ ഭാഗ്യവീട്...

ഭർത്താവിന്റെ നാട് കണ്ണൂരാണ്. പക്ഷേ ഞങ്ങൾ ഇപ്പോൾ കൊച്ചിയിൽ സെറ്റിൽ ചെയ്തു. ഈ വർഷം പകുതിയോടെ അങ്കമാലിയിൽ ഞങ്ങൾ ഒരു വീടുവാങ്ങി. അതിനുശേഷമാണ് സർപ്രൈസ് ഗിഫ്റ്റ് പോലെ മിനിസ്ക്രീനിലേക്കുള്ള ഈ എൻട്രി. അങ്ങനെ പുതിയ വീട് ഭാഗ്യം കൊണ്ടുവന്നു എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. അദ്ദേഹം അടുത്തില്ലെങ്കിലും വളരെ സ്നേഹവും പിന്തുണയും നൽകുന്ന അയൽക്കാരാണ് എന്റെ മറ്റൊരു ശക്തി.

കഴിഞ്ഞ അഞ്ചു വർഷമായി മുദ്രാപീഠം എന്ന പേരിൽ ഒരു ഡാൻസ് സ്‌കൂൾ നടത്തുന്നുണ്ട്. നൂറോളം കുട്ടികളെ ഇപ്പോൾ പരിശീലിപ്പിക്കുന്നുണ്ട്. നൃത്തവും അഭിനയവും ഒരുമിച്ചുകൊണ്ടുപോകണം എന്നതാണ് ഇപ്പോഴുള്ള ആഗ്രഹം.

English Summary- Chackoyum Maryyum Serial Title Actor Home Life

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com