എല്ലാത്തിനും നിമിത്തമായത് ആ പകർച്ചപ്പനി, ഞങ്ങൾ ഇപ്പോഴും പ്രണയിക്കുന്നു: മനോജ്‌ കുമാർ

HIGHLIGHTS
  • ഞങ്ങൾ രണ്ടുപേരും രണ്ടു മതത്തിൽപെട്ടവർ. വീട്ടുകാരെ വെറുപ്പിച്ചൊരു സാഹസത്തിനു ഞങ്ങൾ തയാറായില്ല.
manoj-nair-beena-antony
ചിത്രങ്ങൾക്ക് കടപ്പാട്- സമൂഹമാധ്യമം
SHARE

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടദമ്പതികളാണ് ബീന ആന്റണിയും മനോജ് കുമാറും. ഇരുവരും നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയവരാണ്. ഇപ്പോൾ 'നാമം ജപിക്കുന്ന വീട്' എന്ന സീരിയലിലൂടെ വീണ്ടും പ്രേക്ഷശ്രദ്ധ  നേടുകയാണ് മനോജ്. മനോജ് തന്റെ ജീവിതവിശേഷങ്ങൾ, പ്രണയം ഒക്കെ പങ്കുവയ്ക്കുന്നു...

അന്നത്തെ ജീവിതം...

വടക്കൻ പറവൂരാണ് സ്വദേശം. അച്ഛൻ, അമ്മ, അനിയൻ, അനിയത്തി. ഇതായിരുന്നു കുടുംബം. അത്യാവശ്യം സാമ്പത്തികമുള്ള ഇടത്തരം കുടുംബമായിരുന്നു. എനിക്ക് ചെറുപ്പം മുതൽ അഭിനയം വളരെ ഇഷ്ടമായിരുന്നു. പക്ഷേ അച്ഛൻ മക്കൾ പഠിച്ചു ജോലി നേടി രക്ഷപ്പെടുക ലൈനായിരുന്നു. എന്നാൽ അമ്മയ്ക്ക് കലാമേഖല ഇഷ്ടമായിരുന്നു.

manoj-parents

സ്‌കൂളിൽ നാടകത്തിനൊക്കെ സജീവമായിരുന്നു. അതിനുശേഷം ഞങ്ങൾ കുറച്ചു സുഹൃത്തുക്കൾ ട്രൂപ്പുണ്ടാക്കി നാടകം കളിക്കാൻ തുടങ്ങി. പിന്നീട് കുറച്ചുകാലത്തിനുശേഷം മിമിക്രിയിലേക്ക് മാറി. ഞാൻ ഇങ്ങനെ നാടകവും മിമിക്രിയുമായി നടക്കുന്നത് വീട്ടുകാർക്ക് ടെൻഷനായി. അവർ എന്നെ എങ്ങനെയും ഗൾഫിൽ അയക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്തു. ആദ്യമൊക്കെ ഞാൻ എതിർത്തെങ്കിലും ഒടുവിൽ അവരുടെ സമ്മർദത്തിന് വഴങ്ങേണ്ടി വന്നു. പിന്നീട് സൗദി അറേബ്യയിൽ സെയിൽസ്മാനായി മൂന്നര വർഷത്തെ ജീവിതം. എന്നിലെ കലാകാരനെ ജയിലിലടച്ച വർഷങ്ങളായിരുന്നു അത്. ഒന്നും സമ്പാദിക്കാൻ നിൽക്കാതെ ആ പണി മതിയാക്കി ഞാൻ നാടുപിടിച്ചു.

ആർട്ടിസ്റ്റ് വിനോദ് കെടാമംഗലം എന്റെ സുഹൃത്താണ്. അങ്ങനെ അവനോടൊപ്പം ഞാനും പരിപാടികൾ അവതരിപ്പിക്കാൻ കൂടി. പതിയെ പ്രൊഫഷണൽ മിമിക്രി ട്രൂപ്പിലേക്കെത്തി. ആ സമയത്ത് എനിക്ക് ദൂരദർശനിൽ ഒരു വേഷം ലഭിച്ചു. അങ്ങനെ മിനിസ്ക്രീനിലും അരങ്ങേറ്റം കുറിച്ചു.

പ്രണയം, വിവാഹം...

manoj-beena-marriage

ഒരു ബോംബൈ പ്രോഗ്രാമിൽ വച്ചാണ് ആദ്യമായി ബീനയെ കാണുന്നത്. അതിൽ ഞാൻ ആങ്കറിങ് ചെയ്യുന്നു. അന്ന് ഞാൻ ഒരു പാട്ടുപാടി. അതുകേട്ട് ബീന അഭിനന്ദിച്ചു. ബീനയുടെ നൃത്തത്തെ ഞാനും അഭിനന്ദിച്ചു. അങ്ങനെയാണ് പരിചയത്തിന്റെ തുടക്കം. ആ പരിചയത്തിന്റെ പേരിൽ പിന്നീട് ഒരു പരിപാടിക്ക് ബീനയെ ക്ഷണിക്കാൻ  സംഘാടകർ എന്നെ സമീപിച്ചു. ബീന സമ്മതിച്ചു. നോട്ടീസും അടിച്ചു. പക്ഷേ പരിപാടി ദിവസം വിളിച്ചപ്പോൾ ബീന പനിപിടിച്ചു കിടക്കുന്നു. സംഘാടകരുടെ സമ്മർദത്തിൽ ഞാൻ ബീനയോട് വരാൻ പറ്റുമോ എന്നുചോദിച്ചു. വയ്യായെങ്കിലും ബീന ആ പരിപാടിയിൽ സഹകരിച്ചു. ഞാനാണ് കാറിൽ കൊണ്ടുപോയതും തിരികെ കൊണ്ടുവിട്ടതും. പിറ്റേ ദിവസം മുതൽ എനിക്കും കടുത്ത പനി തുടങ്ങി. അപ്പോഴാണ് എനിക്ക് ആദ്യമായി ബീനയോട് സ്നേഹം തോന്നിയത്. ആ പനിച്ചൂടിലും ഞാൻ വിളിച്ചപ്പോൾ ഒരു പരിഭവവും പറയാതെ വന്നു സഹകരിച്ചല്ലോ. അങ്ങനെ ഒരു പകർച്ചപ്പനിയാണ് സ്നേഹം തിരിച്ചറിയാൻ നിമിത്തമായത്. അതിനുശേഷം കുറെ വർഷങ്ങൾ ഞങ്ങൾ അടുത്ത സുഹൃത്തുക്കളായിരുന്നു. സൗഹൃദം പ്രണയത്തിലേക്ക് പതിയെ വഴിമാറി. പക്ഷേ ഞങ്ങൾ രണ്ടുപേരും രണ്ടു മതത്തിൽപെട്ടവർ. വീട്ടുകാരെ വെറുപ്പിച്ചൊരു സാഹസത്തിനു ഞങ്ങൾ തയാറായില്ല. വീട്ടുകാർ അനുവദിക്കുമെങ്കിൽ മാത്രം വിവാഹം എന്ന  ധാരണയിൽ ഞങ്ങൾ  ഇരുവരും വീടുകളിൽ കാര്യം അറിയിച്ചു. ഭാഗ്യത്തിന് വീട്ടുകാർ സമ്മതിച്ചു. അങ്ങനെ ഞങ്ങൾ ഒന്നായി. ഇപ്പോൾ 18 വർഷമായി വിവാഹം കഴിഞ്ഞിട്ട്. പക്ഷേ ഇപ്പോഴും ഞങ്ങൾക്കിടയിൽ സ്നേഹത്തിന്റെ തീവ്രത കുറഞ്ഞിട്ടില്ല. മകൻ ആരോമൽ. ഇപ്പോൾ ഒൻപതാം ക്‌ളാസിൽ പഠിക്കുന്നു.

എന്റെ സ്നേഹവീടുകൾ...

പല കാലഘട്ടങ്ങളിലായി വികസിച്ച വീടായിരുന്നു വടക്കൻ പറവൂരിലെ എന്റെ വീട്. അവസാനം ഒരു ശരാശരി രണ്ടുനില വാർക്ക വീടിലേക്കെത്തി. ഒന്നരകിലോമീറ്റർ അപ്പുറത്തുകൂടി പുഴ ഒഴുകുന്നുണ്ട്. പക്ഷേ രണ്ടു വർഷം മുൻപുണ്ടായ മഹാപ്രളയത്തിൽ എല്ലാ പ്രതീക്ഷകളും തെറ്റിച്ചു വീട്ടിലേക്ക് വെള്ളം ഇരച്ചെത്തി. മൂന്നര അടിയോളം ഉയരത്തിൽ വെള്ളം കയറി. ഫർണിച്ചറുകൾ മിക്കതും കേടായി. പിന്നീട് വെള്ളം ഇറങ്ങിയശേഷം പണികളെല്ലാം ഒന്നിൽ നിന്നും തുടങ്ങുകയായിരുന്നു. എന്റെ അച്ഛനും അമ്മയും ഇപ്പോഴും അവിടെയാണ് താമസിക്കുന്നത്.

beena-antony-house

ബീനയുടെ അച്ഛനും അമ്മയ്ക്കും മൂന്നു പെണ്മക്കളാണ്. മൂന്നു പേരും വിവാഹം കഴിഞ്ഞു മാറിയതോടെ അച്ഛനും അമ്മയും ഒറ്റപ്പെട്ടു. അങ്ങനെ ഞാനും ബീനയും അവരുടെ വൈറ്റിലയിലെ വീട്ടിലേക്ക് മാറി. പിന്നീട് അച്ഛൻ മരിച്ച ശേഷം അവിടെ തുടരാൻ എല്ലാവർക്കും വിഷമമായി. അങ്ങനെ ഞങ്ങൾ കണിയാമ്പുഴയിൽ ഒരു വില്ല മേടിച്ചു. കഴിഞ്ഞ പത്തു വർഷമായി അവിടെയാണ് താമസിക്കുന്നത്.

മിനിസ്‌ക്രീനിൽ ബ്രേക്ക്....

manoj-beena

ഇക്കാലത്തിനിടയിൽ 25 സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്തു. എങ്കിലും കരിയറിൽ ഞങ്ങൾ രണ്ടുപേർക്കും പിന്തുണയായത് സീരിയലുകളാണ്. അതിൽ എടുത്തുപറയേണ്ടത് മഴവിൽ മനോരമയിലെ മഞ്ഞുരുകും കാലമാണ്. അതിലെ ജാനിക്കുട്ടിയെ പ്രേക്ഷകർ ഏറ്റെടുത്തു. എന്റെ കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടു. ഇപ്പോൾ വീണ്ടും നാമം ജപിക്കുന്ന വീട് എന്ന സീരിയൽ മഴവിൽ മനോരമയിൽ നല്ല പ്രേക്ഷകപിന്തുണ ലഭിച്ചു കൊണ്ട് മുന്നേറുന്നു. പ്രേക്ഷകരുടെ സ്നേഹവും പിന്തുണയും തുടർന്നും ഞങ്ങൾ ഇരുവർക്കും ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നു പ്രാർഥിക്കുന്നു..

English Summary- Manoj Kumar Beena Antony Love Life

ബാല്യം മുതൽ ഇന്നുവരെ നിങ്ങളുടെ ജീവിതത്തിലൂടെ കടന്നുപോയ വീടുകളെക്കുറിച്ച് ഗൃഹാതുരമായ ഓർമകളുണ്ടോ? ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.യോഗ്യമായവ പ്രസിദ്ധീകരിക്കും.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SPOT LIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA