ADVERTISEMENT

കോട്ടയം പള്ളത്താണ് എലിസബത്ത് മാത്യുവിന്റെയും ഭർത്താവ് ബിജു മാത്യുവിന്റെയും കല്ലുപാലം എന്ന വീട്. ഒറ്റനോട്ടത്തിൽ തന്നെ ആരുടേയും കണ്ണുകളെ ആകർഷിക്കുന്ന പഴമയുടെ ചാരുത നിറഞ്ഞ പരമ്പരാഗത വീട്. വീട്ടിലേക്ക് സ്വാഗതമോതുന്നത് നിറയെ പൂച്ചെടികളും ഹരിതാഭയുമാണ്. ഈ വീട്ടിലെ ഇപ്പോഴത്തെ വിശേഷം മറ്റൊന്നാണ്. രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം ഈ വീട് ക്രിസ്മസിന്റെ സന്തോഷത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ആ വിശേഷങ്ങൾ എലിസബത്ത് പങ്കുവയ്ക്കുന്നു.

 

xmas-home-garden

കാൻസർ മുടക്കിക്കളഞ്ഞ ക്രിസ്മസ്...

ഈ വീട് നിർമിച്ച കാലം മുതൽ ഒരൊറ്റ ക്രിസ്മസും ഞങ്ങൾ മുടക്കിയിരുന്നില്ല. ഭർത്താവിന്റെ ചെറുപ്പകാലം മുതൽ ശേഖരിച്ചതും ഞങ്ങൾ യാത്രകളിൽ ശേഖരിച്ചതുമായ നിരവധി അലങ്കാര വസ്തുക്കൾ തട്ടിൻപുറത്ത് ഓരോ ക്രിസ്മസ് കാലവും കാത്ത് കിടപ്പുണ്ടാകും. എല്ലാ ഡിസംബർ ഒന്നാം തീയതിയും അലങ്കാരപ്പണികൾ ആരംഭിക്കും. പക്ഷേ കഴിഞ്ഞ വർഷം നവംബറിലാണ് ക്ഷണിക്കാത്ത ആ അതിഥി ഞങ്ങളുടെ വീട്ടിലെത്തിയത്. കാൻസറിന്റെ രൂപത്തിൽ. അതോടെ കഴിഞ്ഞ വർഷത്തെ ക്രിസ്മസ് വേദനകളുടേതായി. വർഷങ്ങളായി ക്രിസ്മസ് കാലത്ത് ലൈറ്റുകളിൽ തെളിഞ്ഞുനിന്ന വീട് മ്ലാനമായി നിന്നു. അലങ്കാരങ്ങൾ തട്ടിൻപുറത്ത് തന്നെ പൊടിപിടിച്ച് കിടന്നു. കീമോതെറാപ്പിയും, റേഡിയേഷനും ഹോർമോൺ ട്രീറ്റ്‌മെന്റും അടക്കം വേദനകളുടെ ഒരു വർഷം കടന്നുപോയി. ഞാൻ പതിയെ ജീവിത്തിലേക്ക് തിരികെ വന്നു. വീണ്ടുമൊരു ഡിസംബർ ഒന്ന് വിരുന്നെത്തി. തട്ടിൻപുറത്തെ അലങ്കാരങ്ങൾ രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം ഞങ്ങൾ പുറത്തെടുത്തു.

xmas-home-decor

 

മൺചട്ടി മുതൽ സാന്റാക്ളോസ് വരെ...

xmas-home-kottayam-interior

വീടിനു മുന്നിലെ ചെറുമരത്തിനു താഴെ നിറയെ മൺചട്ടികളാണ്. ഭർത്താവിന്റെ  ചെറുപ്പം മുതൽ ഉള്ളവയാണ് ഈ മൺകലങ്ങൾ. ഇവയിൽ  മുഴുവൻ ദ്വാരങ്ങളാണ്. വെറും ദ്വാരങ്ങളല്ല, നക്ഷത്രവും കുരിശ് അടയാളവും ഒക്കെ ചേർന്നവ. പണ്ട് കളർ പേപ്പറുകൾ ചുറ്റി ഉള്ളിൽ മെഴുകുതിരികൾ കത്തിച്ചു വച്ചാണ് ഇവ പ്രകാശ പൂരിതമാക്കിയിരുന്നത്. ഇപ്പോൾ എൽഇഡി ലൈറ്റുകൾ ഉപയോഗിക്കുന്നു. സ്വീകരണമുറി, ഊണുമുറി, അടുക്കള, മൂന്നു കിടപ്പുമുറികൾ എന്നിവയാണ് വീട്ടിലുള്ളത്. രോഗത്തിന്റെ വേദനകളിൽ നിന്നും പുറത്തു വരുന്നതിന്റെ സന്തോഷത്തിൽ ഇക്കുറി വീടിനകം മുഴുവൻ ക്രിസ്മസ് തീമിൽ അലങ്കരിച്ചു. തുണിയിലും സെറാമിക്കിലും മെഴുകിലുമൊക്കെ നിർമിച്ച നൂറിലധികം ക്രിസ്മസ് അലങ്കാരവസ്തുക്കളാണ് വീടിനകം നിറയെ. പണ്ട് മക്കൾ അടുത്തുള്ളപ്പോൾ വീട് അലങ്കരിക്കുന്നതിന് അവരും കൂടുമായിരുന്നു. ഇക്കുറി അവരില്ലാത്തതിനാൽ ഞാനും ഭർത്താവുമാണ് മുൻകയ്യെടുത്തത്. ഒപ്പം ഞങ്ങളുടെ വീട്ടിലെ സഹായിയും കൂടെനിന്നു. ഭർത്താവിന്റെ പിന്തുണയാണ് എന്റെ ശക്തി. പണ്ടുമുതൽ ചെടികൾ എന്റെ ജീവനാണ്. പരിപാലിക്കാൻ  എളുപ്പമുള്ള ചെടികളാണ് ഞാൻ തിരഞ്ഞെടുക്കുന്നത്. എന്റെ ഒഴിവുസമയങ്ങൾക്ക് സന്തോഷം പകരുന്നതും ഗാർഡനിങ്ങും വീടൊരുക്കലുമാണ്.

 

കുടുംബം...

ഭർത്താവ് ബിജു മാത്യു കോട്ടയം ടിവിഎഫിൽ ജോലിചെയ്യുന്നു. ഞാൻ വീട്ടമ്മയാണ്. രണ്ടാൺമക്കളാണ് ഞങ്ങൾക്ക്. മൂത്ത മകൻ അശ്വിൻ ഹൈദരാബാദിൽ ജോലി ചെയ്യുന്നു. രണ്ടാമൻ അരുൺ കാനഡയിൽ ഉപരിപഠനം നടത്തുന്നു.

ചിത്രങ്ങൾ, വിഡിയോ- റിജോ ജോസഫ്

English Summary- Xmas Theme Decorated House Kottayam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com