ADVERTISEMENT

നടൻ അനിൽ നെടുമങ്ങാടിന്റെ ആകസ്മിക വിയോഗത്തിന്റെ ഞെട്ടലിലാണ് മലയാളസിനിമാലോകവും പ്രേക്ഷകരും. ലോക്ഡൗൺ കാലത്ത് അദ്ദേഹം തന്റെ ജീവിതത്തെക്കുറിച്ചും വീട് ഓർമകളെക്കുറിച്ചും മനോരമഓൺലൈനുമായി പങ്കുവച്ചിരുന്നു. അതിൽ ഇനി ചെയ്യാൻ ആഗ്രഹമുള്ള കുറച്ചു കാര്യങ്ങളെക്കുറിച്ചും അദ്ദേഹം പറയുന്നുണ്ട്. പക്ഷേ അതിനു മുൻപേ രംഗബോധമില്ലാത്ത മരണം അദ്ദേഹത്തെ കവർന്നെടുത്തു. ആ അഭിമുഖം അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് സംക്ഷിപ്തമായി പുനർപ്രസിദ്ധീകരിക്കുന്നു...

ഓർമവീട്..

തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാടാണ് സ്വദേശം. അച്ഛൻ, അമ്മ, ചേട്ടൻ, ഞാൻ. ഇതായിരുന്നു കുടുംബം. അച്ഛൻ അധ്യാപകനായിരുന്നു. അമ്മ കെഎസ്ഇബിയിലും. അമ്മയുടെ തറവാടിനെ ചുറ്റിപ്പറ്റിയാണ് എന്റെ ബാല്യകാല ഓർമകളെല്ലാം. അമ്മയുടെ കൂട്ടുകുടുംബമായിരുന്നു. അമ്മയുടെ സഹോദരങ്ങളുടെ മക്കളും ഞങ്ങളും ചേർന്ന് പിള്ളേരുടെ വലിയൊരു പട തന്നെയുണ്ടായിരുന്നു. നെടുമങ്ങാട് അന്നൊരു കാർഷികഗ്രാമമായിരുന്നു. ധാരാളം നെൽകൃഷിയും പശുവും ഒക്കെയുണ്ടായിരുന്നു. നെല്ല് സൂക്ഷിക്കാനുള്ള വലിയ പത്തായപ്പുര, പശുത്തൊഴുത്ത്, വൈക്കോൽത്തുറു ഇവയെല്ലാം വീട്ടിലുണ്ടായിരുന്നു. സ്‌കൂൾ കാലമായപ്പോൾ അച്ഛൻ ഞങ്ങളെയും കൊണ്ട് ടൗണിലേക്ക് ഒരു വാടകവീടെടുത്ത് താമസം മാറി. ഇരുവരുടെയും ജോലിസൗകര്യാർഥമായിരുന്നു അത്.  എല്ലാ ആഴ്ചാവസാനവും ഞങ്ങൾ തിരിച്ചു തറവാട്ടിലേക്ക് മടങ്ങും.

 

anil-prithviraj

മിനിസ്ക്രീനും സിനിമയും..

അഭിനയമോഹം ഉണ്ടായിരുന്നതുകൊണ്ട് സ്‌കൂൾ ഓഫ് ഡ്രാമയിൽ നിന്നും പഠിച്ചിറങ്ങി. അടൂർ ഗോപാലകൃഷ്ണൻ അടക്കമുള്ള സംവിധായകരുടെ വീടുകളിൽ ചാൻസ് ചോദിച്ചു പോയി. പക്ഷേ എന്റെ സമയം ആയിരുന്നില്ല. പിന്നീട് മിനിസ്‌ക്രീനിൽ അവതാരകനായി. അങ്ങനെ വർഷങ്ങൾ അവിടെക്കൂടി. 2014 ലാണ് 'സ്റ്റീവ് ലോപസ്' എന്ന സിനിമയിൽ രാജീവ് രവി അവസരം തരുന്നത്. പിന്നീട് കമ്മട്ടിപ്പാടം എന്ന സിനിമയിൽ വില്ലൻവേഷം ചെയ്തു.  ഇപ്പോൾ അയ്യപ്പനും കോശിയിലെ പൊലീസ് വേഷം ശ്രദ്ധിക്കപ്പെട്ടതിൽ സന്തോഷമുണ്ട്. 

anil-nedumangad-hom

അച്ഛൻ പണിത വീട്...

കുറച്ചു  വർഷങ്ങൾക്ക് ശേഷം തറവാടിനടുത്ത് അമ്മയ്ക്ക് ഭാഗം കിട്ടിയ സ്ഥലത്ത് അച്ഛൻ ഒരു വീട് വച്ചു. 30 വർഷങ്ങൾക്കിപ്പുറവും ആ വീട്ടിൽത്തന്നെയാണ് ഞാനും അമ്മയും താമസിക്കുന്നത്. അച്ഛൻ 13 വർഷം മുൻപ് മരിച്ചു.

 

ഞാൻ പണിത വീട്...

ചാനലിൽ സജീവമായ സമയത്ത് ഞാൻ നെടുമങ്ങാട് ഒരു വീട് സ്വന്തമായി വച്ചിരുന്നു. വിവാഹമോചിതനായ ശേഷം ആ വീട് ഇപ്പോൾ വാടകയ്ക്ക് കൊടുത്തിരിക്കുകയാണ്. വട്ടിയൂർക്കാവിൽ കുറച്ചു സ്ഥലം കിടപ്പുണ്ട്. അവിടെ ഭാവിയിൽ ഒരു വീട് വയ്ക്കണം എന്നാണ് ആഗ്രഹം.

 

കൊറോണക്കാലം...

രണ്ടു സിനിമകളിൽ അഭിനയിച്ചു കൊണ്ടിരിക്കുമ്പോഴാണ് കോവിഡ്  ലോക്ഡൗൺ വന്നത്. അതോടെ വീട്ടിലേക്ക് മടങ്ങി. ഇപ്പോൾ ടിവിയിൽ വാർത്തകളും പഴയ സിനിമകൾ കണ്ടുമാണ് സമയം ചെലവിടുന്നത്. വീട് വൃത്തിയാക്കൽ, പറമ്പിലെ പണികൾ എന്നിവയും നടക്കുന്നുണ്ട്. എല്ലാം പെട്ടെന്ന് നേരെയാക്കാൻ പ്രാർഥിക്കുന്നു.

English Summary- Anil Nedumangad Last Interview about Home, Life

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com