ADVERTISEMENT

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ഗിരീഷ് നമ്പ്യാർ. അഭിനയത്തോടുള്ള പാഷൻ കൊണ്ട് നല്ല ശമ്പളമുണ്ടായിരുന്ന ജോലി ഉപേക്ഷിച്ചാണ് ഗിരീഷ് നടനാകാൻ ഇറങ്ങിത്തിരിച്ചത്. താരം സീരിയൽകഥ പോലെ കൗതുകകരമായ തന്റെ ജീവിതവിശേഷങ്ങൾ പങ്കുവയ്ക്കുന്നു.

വന്ന വഴി..

കണ്ണൂർ തലശ്ശേരിയാണ് തറവാട്. അച്ഛൻ, അമ്മ, ഞാൻ, അനിയൻ..ഇതായിരുന്നു കുടുംബം. അച്ഛന് മുംബൈയിലായിരുന്നു ജോലി. അങ്ങനെ ഞങ്ങൾ കുടുംബമായി മുംബൈയിലേക്ക് ചേക്കേറി. പഠിച്ചതും വളർന്നതുമെല്ലാം അവിടെയാണ്. ഇടയ്ക്ക് ഒരു നാലുവർഷം നാട്ടിൽ പഠിച്ചു. ആ സമയത്ത് സ്‌കൂളിൽ നാടകങ്ങളിൽ അഭിനയിച്ചു. അങ്ങനെയാണ് അഭിനയമോഹം ഉള്ളിൽ ജനിക്കുന്നത്. 

വീണ്ടും മുംബൈയിലേക്ക്  തിരിച്ചു പോയെങ്കിലും ആ കനൽ ഉള്ളിൽ കെടാതെ കിടന്നു. പഠനശേഷം ഓയിൽ റിഗ് മേഖലയിൽ വിദേശത്തു ജോലി ചെയ്തു. നല്ല ശമ്പളമുള്ള ജോലി. ആ സമയത്താണ് ഒരു ഓഡിഷൻ പരസ്യം കാണുന്നത്. അതിനു അപേക്ഷിച്ചു. ലഭിച്ചു. അങ്ങനെ മിനിസ്‌ക്രീനിൽ രംഗപ്രവേശം ചെയ്തു. അതിനുശേഷം ജോലിക്ക് തിരിച്ചുപോയി. നന്നായി അധ്വാനിച്ച് ജോലി ചെയ്തു സമ്പാദിച്ച ശേഷം മുഴുവൻസമയ  നടനാവുക. അതായിരുന്നു ലക്ഷ്യം. സിനിമ ആയിരുന്നു നോട്ടം വച്ചത്. പക്ഷേ എനിക്ക് കരിയറിൽ ബ്രേക്ക് നൽകിയത് സീരിയലുകളാണ്. 

മഴവിൽ മനോരമയിലെ ദത്തുപുത്രിയാണ് അഭിനയജീവിതത്തിൽ വഴിത്തിരിവായത്. അതിലെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെ മിനിസ്ക്രീൻ അവസരങ്ങൾ തേടിയെത്തി. പിന്നീട് ഭാഗ്യജാതകം ചെയ്തു. തമിഴ് സീരിയലുകളിലും അഭിനയിച്ചു.

വീട്...

തലശേരിയിലെ തറവാട് എനിക്ക് എന്നും മനസ്സിൽ നിറഞ്ഞുനിൽക്കുന്ന നൊസ്റ്റാൽജിയയാണ്. മുംബൈയിലെ ഫ്ലാറ്റ് ജീവിതത്തിൽ നിന്നുമുള്ള ഒരു മാറ്റമായിരുന്നു നാട്ടിലേക്കുള്ള ഓരോ അവധിക്കാലങ്ങളും. നല്ല പ്രകൃതിഭംഗിയുള്ള പ്രദേശമാണ്. മഴ, പുതുമണ്ണിന്റെ മണം, പാടം, കൊയ്ത്ത്..ഇതെല്ലാം ഇപ്പോഴും മനസ്സിലുണ്ട്. 

പിന്നീട് അച്ഛനും അമ്മയും നാട്ടിൽ വന്നു സെറ്റിൽ ചെയ്തു. ഞാനും അഭിനയത്തിലേക്ക് കടന്ന സമയത്ത്, തലശേരിയിൽ തറവാടിനടുത്ത് ഒരു ഫ്ലാറ്റ് വാങ്ങി. കുടുംബമായിട്ട് ഇപ്പോൾ ഇവിടെയാണ് താമസം.

 

കുടുംബം...

ഭാര്യ പാർവതി. മകൾ ഗൗരി രണ്ടാം ക്‌ളാസിൽ പഠിക്കുന്നു. എന്റെയും പാർവ്വതിയുടെയും പ്രണയവിവാഹമായിരുന്നു. അവൾ ഫെയ്സ്ബുക് വഴി എന്നെ ഫോളോ ചെയ്തിരുന്നു. അങ്ങനെ ഒരു ദിവസം എനിക്ക് മെസേജ് അയച്ചു. അങ്ങനെ പതിയെ ഞങ്ങൾ അടുത്തു. ഒടുവിൽ ഇരുവീട്ടുകാരുടെയും ആശീർവാദത്തോടെ വിവാഹം.  ആക്ടിങ് കരിയറിൽ അസ്ഥിരതകൾ ഏറെയുണ്ട്. പക്ഷേ ഇഷ്ടമുള്ള കാര്യം ചെയ്യാൻ  കഴിയുന്നു എന്നതിന്റെ മാനസിക സന്തോഷമുണ്ട്. കുടുംബം നൽകുന്ന പിന്തുണയാണ് ഏറ്റവും വലിയ ശക്തി. ഇനിയും നല്ല വേഷങ്ങൾ സിനിമയിലും മിനിസ്‌ക്രീനിലും ചെയ്യാൻ കഴിയണേ എന്നാണ് പ്രാർഥന...

English Summary- Girish Nambiar House Family

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com