'മകന്റെ ചിതാഭസ്മം ഞാൻ നിധി പോലെ സൂക്ഷിക്കുന്നു': ഇത് സബീറ്റയുടെ പറയാത്ത ജീവിതം

HIGHLIGHTS
  • അമേരിക്കൻ ജീവിതം ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചു. കയറ്റിറക്കങ്ങളിലൂടെ കടന്നുപോയതുകൊണ്ട് ഇപ്പോൾ ചെറിയ വിഷമങ്ങൾ ഒന്നും ബാധിക്കാറേയില്ല.
sabitta-george-home-life
SHARE

മിനിസ്ക്രീൻ പ്രേക്ഷകരുടെ സ്വീകരണമുറിയിലെ പുതിയ താരമാണ് സബീറ്റ ജോർജ്. സീരിയലിൽ തനി നാട്ടിൻപുറത്തുകാരി വീട്ടമ്മയായി എത്തുന്നെങ്കിലും ലോകവും ജീവിതവും ഒരുപാട് കണ്ട വ്യക്തിയാണ് സബീറ്റ. അവർ തന്റെ വീട്ടുവിശേഷങ്ങൾ പങ്കുവയ്ക്കുന്നു.

നാട്, കുടുംബം..

sabitta-chakkapazham-actor-family

കോട്ടയം കടനാടാണ് സ്വദേശം. അച്ഛൻ, അമ്മ, സഹോദരൻ. ഇതായിരുന്നു കുടുംബം. അമ്മ വിദേശത്തു നഴ്‌സായിരുന്നു. അതുകൊണ്ട് എന്നെ വളർത്തിയത് അച്ഛന്റെ അമ്മയാണ്. പിന്നീട് സ്‌കൂൾ-കോളജ് കാലമെല്ലാം ബോർഡിങ്ങിലും ഹോസ്റ്റലിലും ആയിരുന്നു. പിന്നീട് പഠനശേഷം ചെന്നൈ എയർപോർട്ടിൽ ജോലി ലഭിച്ചു. ആ സമയത്താണ് വിവാഹം. അതിനുശേഷം ഞാൻ അമേരിക്കയിലേക്ക് ജീവിതം പറിച്ചുനട്ടു. പിന്നീടുള്ള 20 വർഷങ്ങൾ ജീവിച്ചത് അമേരിക്കയിലാണ്.ഇപ്പോൾ ഞാൻ അമേരിക്കൻ സിറ്റിസനാണ്. 

ഞങ്ങൾക്ക് രണ്ടു മക്കൾ പിറന്നു. മൂത്ത മകൻ മാക്‌സ്‌വെൽ ജനനസമയത്തുണ്ടായ ഒരു ഹെഡ് ഇഞ്ചുറി മൂലം ഭിന്നശേഷിക്കാരനായി മാറി. അത് എന്റെ ജീവിതത്തിലെ വലിയൊരു ദുഖമായിരുന്നു. ഇളയ മകൾ സാഷ. 10 വർഷം മുൻപ് ഞാൻ വിവാഹമോചിതയായി. മക്കളുടെ എല്ലാ കാര്യങ്ങളും നോക്കി ഞാൻ ജീവിതത്തിൽ പുതിയ അർഥം കണ്ടെത്തി. പക്ഷേ ദൈവം മകനു അധികം ആയുസ് കൊടുത്തില്ല. 2017 ൽ 12 ാം വയസ്സിൽ അവൻ ഞങ്ങളെ വിട്ടുപിരിഞ്ഞു. ഇതിനിടയ്ക്ക് ഞാൻ പരീക്ഷ എഴുതി യു.എസ് റിയൽ എസ്റ്റേറ്റ് ലൈസൻസ് നേടി. ആ മേഖലയിൽ കുറച്ചുകാലം ജോലി ചെയ്തു. ശേഷം മെഡിക്കൽ മേഖലയിലും കുറച്ചു കാലം പ്രവർത്തിച്ചു. 

ജീവിതത്തിൽ ഒരു ഷോർട് ബ്രേക്ക്...

ജീവിതത്തിൽ ഒരു ബ്രേക്ക് വേണമെന്ന് തോന്നിയപ്പോഴാണ് എട്ടുമാസം മുൻപ് ഞാൻ നാട്ടിലേക്ക് വിമാനം കയറുന്നത്. ചെറുപ്പത്തിൽ ഞാൻ ക്‌ളാസിക്കൽ മ്യൂസിക്കും ഡാൻസുമൊക്കെ പഠിച്ചിട്ടുണ്ട്. അഭിനയിക്കാനും ഉള്ളിൽ ആഗ്രഹമുണ്ടായിരുന്നു. അന്നതൊന്നും നടന്നില്ല. ഞാൻ കൊച്ചി കാക്കനാട് ഒരു ഫ്ലാറ്റ് വാങ്ങി. നാട്ടിലെ എന്റെ സ്വന്തം വീട്. ശേഷം ഒരു കാസ്റ്റിങ് ഏജൻസിയെ സമീപിച്ചു. പരസ്യങ്ങൾ ചെയ്തു. കോട്ടയം രമേശ് എന്ന നടൻ വഴിയാണ് എനിക്ക് മിനിസ്ക്രീനിലേക്ക് വഴി തുറക്കുന്നത്.

ചെറുപ്പം മുതൽ ബോർഡിങ്ങിലൊക്കെ നിന്നുവളർന്നതുകൊണ്ട് ഞാൻ എല്ലാ കാര്യത്തിലും ഇൻഡിപെൻഡന്റ് ആണ്. അമേരിക്കൻ ജീവിതം ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചു. അവിടെ ഒറ്റമുറി വീട് മുതൽ വലിയ ആഡംബര ബംഗ്ലാവിൽ വരെ താമസിച്ചു. മകന്റെ ജനനവും മരണവും കണ്ടു. അങ്ങനെ കയറ്റിറക്കങ്ങളിലൂടെ കടന്നുപോയതുകൊണ്ട് ഇപ്പോൾ ചെറിയ വിഷമങ്ങൾ ഒന്നും എന്നെ ബാധിക്കാറേയില്ല. മകന്റെ ചിതാഭസ്മം ഞാൻ നിധി പോലെ എന്റെ പുതിയ വീടിന്റെ പ്രധാന ഭാഗത്ത് സൂക്ഷിക്കുന്നു. വാതിൽ തുറന്നാൽ ആദ്യം നോട്ടമെത്തുക ഇവിടേക്കാണ്. സമീപം അവന്റെ ഒരു ഫോട്ടോയും വച്ചിട്ടുണ്ട്. എന്നും അത് കാണുമ്പോൾ അവൻ എന്റെ കൂടെത്തന്നെയുണ്ട് എന്നെനിക്ക് അനുഭവപ്പെടും.

sabitta-chakkapazham-life

അമേരിക്കയിൽ റിയൽ എസ്‌റ്റേറ്റ് മേഖലയിൽ ജോലി ചെയ്തതുകൊണ്ട് വീടുകൾ ഇഷ്ടമുള്ള കാര്യമായിരുന്നു. അതോടൊപ്പം ഇന്റീരിയർ ഡിസൈനും. കൊച്ചിയിലെ എന്റെ ഫ്ലാറ്റ് ഒരുക്കിയതും ഞാൻ തന്നെയാണ്. ഒരുകാലത്ത് നാട്ടിൽ തിരിച്ചെത്തിയാൽ നാലുകെട്ടും നടുമുറ്റവുമുള്ള ഒരു വീട് പണിയണം എന്നൊക്കെ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ ജീവിതം എനിക്ക് നൽകിയത് ഈ ഫ്ലാറ്റ് ലൈഫാണ്. അതിൽ ഇപ്പോൾ ഞാൻ ഹാപ്പിയുമാണ്.

sabitta-chakkapazham-actor-flat-view

ഭാവി സ്വപ്നങ്ങൾ...

'ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ' കാർഡ് ഉള്ളതുകൊണ്ട് എനിക്ക് എപ്പോൾ വേണമെങ്കിലും നാട്ടിൽ വരാം. എത്ര ദിവസം വേണമെങ്കിലും വീസയില്ലാതെ താമസിക്കാം, ജോലി ചെയ്യാം. ഇവിടെ വോട്ടവകാശം മാത്രമില്ല എന്നേയുള്ളൂ. എന്തായാലും അമേരിക്കയ്ക്ക് തിരിച്ചു പോകണം. മകൾ അവിടെ പഠിക്കുകയാണ്. പിന്നെ നല്ല ഓഫറുകൾ  വന്നാൽ തിരിച്ചു വരണം, ചെയ്യണം. ഇതൊക്കെയാണ് പ്ലാൻ. എന്തായാലും ഇപ്പോൾ ഞാൻ മിനിസ്ക്രീൻ ജീവിതം ആസ്വദിക്കുകയാണ്

Englsh Summary- Chakkappazham Malayalam Serial Actor Sabitta George Life

ബാല്യം മുതൽ ഇന്നുവരെ നിങ്ങളുടെ ജീവിതത്തിലൂടെ കടന്നുപോയ വീടുകളെക്കുറിച്ച് ഗൃഹാതുരമായ ഓർമകളുണ്ടോ? ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.യോഗ്യമായവ പ്രസിദ്ധീകരിക്കും.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SPOT LIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിസൈൽ മുനകൂർപ്പിച്ച് കൊറിയകൾ; കോവിഡ് ഒതുങ്ങും മുമ്പ് വരുമോ ‘കൊറിയൻ യുദ്ധം’?

MORE VIDEOS
FROM ONMANORAMA