മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയാണ് ശ്രുതി രജനികാന്ത്. താരം തന്റെ വീട്ടുവിശേഷങ്ങൾ പങ്കുവയ്ക്കുന്നു.
ആലപ്പുഴ അമ്പലപ്പുഴയാണ് സ്വദേശം. അച്ഛൻ രജനികാന്ത്, അമ്മ ലേഖ. എനിക്കൊരു അനിയൻ സംഗീത്. ഇതാണ് കുടുംബം. പലരും എന്റെ സർനെയിം കേട്ട് കൗതുകത്തോടെ കാരണം ചോദിക്കാറുണ്ട്. അപ്പൂപ്പൻ (അച്ഛന്റെ അച്ഛൻ) പട്ടാളത്തിലായിരുന്നു. മകൻ ജനിക്കുമ്പോൾ ഇടാൻ അവിടെ നിന്നെങ്ങാണ്ട് അപ്പൂപ്പൻ കണ്ടെത്തിയ പേരാണ് രജനികാന്ത്. ശരിക്കും എന്റെ അച്ഛൻ ജനിക്കുന്ന സമയത്ത് സൂപ്പർസ്റ്റാർ രജനികാന്ത് സിനിമയിൽ വന്നിട്ടില്ല.
ഞാൻ രണ്ടാം ക്ളാസ് മുതൽ അഭിനയമേഖലയിൽ ഉള്ളയാളാണ്. ചിലപ്പോൾ പെൺകുട്ടി, ഉണ്ണിക്കുട്ടൻ, മാനസപുത്രി തുടങ്ങിയ സീരിയലുകളിൽ അഭിനയിച്ചു. ഇതിൽ ഉണ്ണിക്കുട്ടനിൽ ആൺകുട്ടിയായിട്ടാണ് അഭിനയിച്ചത്. സീരിയൽ അഭിനയിച്ച്, പഠനം ഉഴപ്പിയപ്പോൾ വീട്ടുകാർ ഒരു ബ്രേക്ക് എടുപ്പിച്ചു. പിന്നെ വയനാട് പഴശ്ശിരാജ കോളജിൽ നിന്ന് ഡിഗ്രിയും കോയമ്പത്തൂരിലെ കോളജിൽ നിന്നും പിജിയും ചെയ്തു. ആ സമയത്ത് എന്റെ ഒരു ഫോട്ടോ ഇൻസ്റ്റഗ്രാമിൽ കണ്ടാണ് വീണ്ടും മിനിസ്ക്രീനിലേക്ക് അവസരം വരുന്നത്.
കുടുംബം, വീടോർമകൾ...

അച്ഛൻ കേബിൾ ഓപ്പറേറ്ററാണ്. അമ്മ ബ്യൂട്ടിഷ്യനും. ഞാൻ ജനിച്ചത് അമ്പലപ്പുഴയിലെ അച്ഛന്റെ കുടുംബവീട്ടിലാണ്. പിന്നീട് എന്റെ ചെറുപ്പത്തിൽ അച്ഛൻ കുടുംബത്തിനടുത്ത് വേറെ വീടുവച്ചു താമസംമാറി. അച്ഛന്റെ സഹോദരങ്ങൾ എല്ലാം തൊട്ടടുത്ത് തന്നെയുണ്ട്. എന്താവശ്യത്തിനും എല്ലാവരും ഒത്തുകൂടും. അതുകൊണ്ട് പല വീടുകളിലായാലും ഒരു കൂട്ടുകുടുംബത്തിലെ ഫീൽ ഇപ്പോഴും ലഭിക്കുന്നുണ്ട്.

20 വർഷം മുൻപ് പണിത അന്നത്തെക്കാലത്തെ ഒരു ഇടത്തരം മോഡേൺ വീടാണ് എന്റേത്. പക്ഷേ എനിക്ക് ഓടിട്ട വീടുകളോടാണ് കൂടുതലിഷ്ടം. അതിനു കാരണമുണ്ട്. എന്റെ സ്കൂൾ അവധിക്കാല ഓർമ്മകൾ മുഴുവൻ അമ്മയുടെ തറവാടായ മാവേലിക്കര കാരാഴ്മയിലാണ്.. ഓടിട്ട മേൽക്കൂരയും ചാണകം മെഴുകിയ തറയുമുള്ള വീടായിരുന്നുവത്. സമീപം തൊഴുത്ത്. പശു, കോഴി എല്ലാമുണ്ടായിരുന്നു. സാരി ഉടുക്കാൻ പഠിച്ചതൊക്കെ അമ്മൂമ്മയുടെ സാരിയിൽ പരിശീലിച്ചാണ്. ഓരോ വെക്കേഷനും അവസാനിച്ച് മടങ്ങിപോകുന്നത് ശോകസീനാണ്. വീടിന്റെ മുന്നിലൂടെ ഒരു നീളൻ വഴിയുണ്ട്. അതിലൂടെ വണ്ടി മറയുന്നത് വരെ ഞാൻ അപ്പൂപ്പനും അമ്മൂമ്മയ്ക്കും ടാറ്റ കൊടുത്തുകൊണ്ടിരിക്കും. ആ പാവങ്ങളും നിറഞ്ഞ കണ്ണുകളോടെ അത് നോക്കിനിൽക്കും. ഇപ്പോൾ ആ വീടുപൊളിച്ചു. പക്ഷേ ഇപ്പോഴും അവിടെ വീടിന്റെ പിന്നാമ്പുറത്ത് പോയി ഇരിക്കുമ്പോൾ പഴയ കാലമെല്ലാം ഒരു സിനിമ പോലെ മനസ്സിൽ തെളിഞ്ഞുവരും.
ഭാവി പരിപാടികൾ...

ചോറ്റാനിക്കരയാണ് ഇപ്പോൾ അഭിനയിക്കുന്ന സീരിയലിന്റെ ലൊക്കേഷൻ. ശരിക്കും ആ വീടും സഹഅഭിനേതാക്കളും എന്റെ രണ്ടാം കുടുംബമായി മാറിയിട്ടുണ്ട്. നമ്മൾ രാവിലെ മുതൽ വൈകുന്നേരംവരെ ചെലവഴിക്കുന്നത് അവരോടൊപ്പമാണല്ലോ..നിലവിൽ രണ്ടു വർഷം സീരിയലിന്റെ കോൺട്രാക്ട് ഉണ്ട്. അതുകഴിഞ്ഞു പിഎച്ച്ഡി ചെയ്യണമെന്ന് ആഗ്രഹമുണ്ട്. പിന്നെ വീട്ടുകാർ ഇപ്പോൾ വിവാഹാലോചനകൾ ഒക്കെ തുടങ്ങി വച്ചിട്ടുണ്ട്. ഇതിനിടയ്ക്ക് വല്ലതും സെറ്റായാൽ അങ്ങനെയും ട്വിസ്റ്റുണ്ടാകും...
English Summary- Shruthi Rajanikanth Serial Actor Home Life