ADVERTISEMENT

മിനിസ്‌ക്രീനിലെ എവർഗ്രീൻ താരമാണ് സാജൻ സൂര്യ. 1999 ൽ അഭിനയം തുടങ്ങിയ സാജൻ ഇതിനോടകം നൂറിലധികം സീരിയലുകളിൽ അഭിനയിച്ചു, ഇപ്പോഴും നായകകഥാപാത്രമായി തുടരുന്നു. മഴവിൽ മനോരമയിലെ ജീവിതനൗക എന്ന സീരിയലിലാണ് താരം ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. അടുത്തിടെ സീരിയലിൽ താൻ അഭിനയിച്ച ഒരു രംഗം, തന്റെ വ്യക്തിജീവിതവുമായി എത്രത്തോളം സാമ്യമുള്ളതാണെന്ന താരത്തിന്റെ അനുഭവക്കുറിപ്പാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. സാജന്റെ വീട് ഓർമകളുമായി ബന്ധപ്പെട്ടു കിടക്കുകയാണ് ആ അനുഭവം. ഹൃദയസ്പർശിയായ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. സാജന്റെ വിവരണം ഇങ്ങനെ:

actor-sajan-sooreya-shared-bitter-experience-from-an-artist

ജനിച്ചു വളർന്ന വീട് വിട്ട് പോകേണ്ട അവസ്ഥ അനുഭവിച്ചവർ എത്ര പേരുണ്ടിവിടെ? ജീവിത സാഹചര്യത്തിനനുസരിച്ചും, കല്യാണം കഴിഞ്ഞ് മാറിത്താമസിക്കുന്നവരും അല്ലാതെ ബാല്യം, കൗമാരം, യൗവനം വരെ ചിലവഴിച്ച വീട് എന്നന്നേക്കുമായി നഷ്ടപ്പെട്ടവർക്ക് മാത്രേ അതിന്റെ വേദന അറിയൂ. മാളൂന് ഒരു വയസ്സാകുന്നതിനു മുന്നേ എനിക്കും ആ വീട് നഷ്ടപ്പെട്ടു.                                                   

ഓർമ്മകളെ കുറിച്ചു പറഞ്ഞാൽ ബാലിശമാകുമോ? വലിയ പറമ്പ്, മുറ്റത്തെ ടാങ്കിൽ നിറയെ ഗപ്പികളും ഒരു കുഞ്ഞൻ ആമയും, മഴ പെയ്താൽ കൈയ്യെത്തി കോരാവുന്ന കിണർ അതിലെ മധുരമുള്ള വെള്ളം, കരിക്ക് കുടിക്കാൻ മാത്രം അച്ഛൻ നട്ട ഗൗരിഗാത്ര തെങ്ങ് (ആ ചെന്തെങ്ങിന്റെ കരിക്കിൻ രുചി പിന്നെങ്ങും കിട്ടിയിട്ടില്ല) നിറയെ കോഴികളും കുറേ കാലം ഞാൻ വളർത്തിയ മുയലുകളും എന്റെ മുറിയും കീ കൊടുക്കുന്ന ഘടികാരത്തിൽ ബാലരമയിൽനിന്നും കിട്ടിയ മായാവിയുടെ ഒട്ടിപ്പോ സ്റ്റിക്കറും.. എഴുതിയാ കുറേ ഉണ്ട്. ..

അഗ്നിക്കിരയാക്കി തിരുനെല്ലിയിൽ ഒഴുക്കിയതുകൊണ്ട് അച്ഛനുറങ്ങുന്ന മണ്ണെന്ന സ്ഥിരം സെന്റി  ഇല്ല. അച്ഛന്റെ ഓർമകളുടെ സാന്നിധ്യം അവിടുണ്ടായിരുന്നു. ത്രിസന്ധ്യനേരത്ത് എല്ലാം കെട്ടിപ്പെറുക്കി ഇറങ്ങിയപ്പാ കടം മുഴുവൻ തീർന്നെന്ന ആശ്വാസമായിരുന്നു ഗേറ്റ് കടക്കുവോളം. കാറിൽ കയറി ഒന്നൂടൊന്ന് വീടിലേക്ക് നോക്കിയപ്പോ തലച്ചോറിൽ നിന്നൊരു കൊള്ളിയാൻ ഹൃദയത്തിലേക്ക് തുളച്ചു കയറി എന്നെ സമാധാനിപ്പിക്കാൻ മോളെ ചേർത്ത് പിടിച്ച് ഭാര്യ എന്തൊക്കെയോ ചെയ്തു.

ഇപ്പോ ഇത് എഴുതാൻ കാരണം എന്റെ ജീവിതത്തിൽ സംഭവിച്ച അതേ സാഹചര്യം അഭിനയിക്കേണ്ടി വന്നു ജീവിതനൗകയിൽ. അന്നൊരു പഴയ മാരുതിയിൽ ആയിരുന്നെങ്കിൽ ഇന്ന് ബൊലേറോയിൽ ആയിരുന്നു ജയകൃഷ്ണനും കുടുംബവും വീടുവിട്ടിറങ്ങിയത് എന്ന് മാത്രം. ജീവിതനൗക ഇത്തരത്തിൽ ജീവിതത്തോട് അടുത്തുനിൽക്കുന്ന ഒത്തിരി മുഹൂർത്തങ്ങൾ നൽകി.

English Summary- Sajan Surya Serial Actor on Home Memories and Life

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com