ശ്രുതിമധുരം; ഗായിക ഗൗരിലക്ഷ്മിയുടെ പുതിയ പാട്ടുവീട് കാണാം; വിഡിയോ

HIGHLIGHTS
  • പതിവുകളിൽ നിന്നും മാറി സഞ്ചരിക്കുന്ന ഒരു വീട്- അതാണ് ഇവരുടെ 'ഇസൈക്കൂട്'...
SHARE

വ്യത്യസ്തമായ ഒരുപിടി പാട്ടുകളിലൂടെ സംഗീതാസ്വാദകരുടെ ഇഷ്ടം നേടിയ ഗായികയാണ്  ഗൗരിലക്ഷ്മി. പാട്ടുകൾക്കപ്പുറം വ്യക്തിജീവിതത്തിലെ തുറന്നുപറച്ചിലുകൾ കൊണ്ടും ഗൗരി കയ്യടി നേടി. ഇപ്പോൾ ഗൗരിയുടെയും ഭർത്താവ് ഗണേഷിന്റെയും ജീവിതത്തിലേക്ക് ഒരു പുതിയ അംഗം എത്തിയിരിക്കുകയാണ്. അതാണ് ചേർത്തല പള്ളിപ്പുറത്തുള്ള 'ഇസൈക്കൂട്' എന്ന പുതിയ വീട്.

ചെന്നൈ സ്വദേശിയായ ഗണേഷ് ഡ്രമ്മറും-പ്രോഗ്രാമറുമാണ്. ഗണേശാണ് വീടിനു പേര്  നിർദേശിച്ചത്. 'ഇസൈ' എന്നാൽ സംഗീതം. പാട്ടുകാരിയുടെ വീടിനിടാൻ ഇതിലും നല്ലൊരു പേരുണ്ടോ!   ഒരു ഘട്ടം മുതൽ വീടിന്റെ കോൺട്രാക്ടറായി ഓടിനടന്നത് മുഴുവൻ ഗണേശാണ്.  ഗൗരിയുടെയും നിരവധി ആശയങ്ങൾ വീട്ടിൽ പ്രാവർത്തികമാക്കിയിട്ടുണ്ട്. ഇരുവരും വീടിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു. 

gowri-lekshmi-home

വിവാഹശേഷം ഞങ്ങൾ ചെന്നൈയിലായിരുന്നു. നാട്ടിലേക്ക് മാറാൻ തീരുമാനിച്ചപ്പോഴാണ് എന്റെ തറവാടിനോട് ചേർന്ന് വീട് വയ്ക്കാൻ തീരുമാനിച്ചത്. ഞങ്ങളുടെ പരീക്ഷണ-നിരീക്ഷണങ്ങളുടെ ആകെത്തുകയാണ് ഈ വീട്. പതിവുകളിൽ നിന്നും മാറി സഞ്ചരിക്കുന്ന ഒരു വീട്. കോഴിക്കോടുള്ള ആർക്കിടെക്ട് ഷബ്‌ന സി.മാമുവാണ് ഞങ്ങളുടെ ഇഷ്ടങ്ങൾ ഉൾക്കൊള്ളിച്ച് വീട് രൂപകൽപന ചെയ്തത്.

gowri-lekshmi-tharavadu

ട്രഡീഷണൽ- കന്റെംപ്രറി ശൈലിയിലാണ് വീട്. മേൽക്കൂര വാർക്കാതെ ട്രസ് ചെയ്ത് ഓടുവിരിച്ചു. നടുവിൽ ചൂടിനെ പ്രതിരോധിക്കുന്ന ഷീറ്റുമുണ്ട്. ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, മൂന്നു കിടപ്പുമുറികൾ, ബാൽക്കണി എന്നിവയാണ് 2300 ചതുരശ്രയടിയിൽ ഉള്ളത്. 

gowri-lekshmi-home-view

ഇവിടെയുള്ള 98  % ഫർണിച്ചറും പുനരുപയോഗിച്ചതാണ്. എന്റെ തറവാട്ടിലുണ്ടായിരുന്ന 50 വർഷത്തിന് മുകളിൽ പഴക്കമുള്ള അലമാരയും കസേരകളുമൊക്കെ ഞങ്ങൾ പെയിന്ടടിച്ചും അപ്ഹോൾസ്റ്ററി ചെയ്തും കുട്ടപ്പനാക്കിയെടുത്തു.

gowri-lekshmi-house-wall

വാതിൽ തുറന്നു കയറുന്നത് ഡബിൾ ഹൈറ്റുള്ള സ്വീകരണമുറിയിലേക്കാണ്. ഇവിടെ ഡബിൾഹൈറ്റ് ഭിത്തി ഇൻഡസ്ട്രിയൽ റസ്റ്റിക് തീമിൽ ഒരുക്കി. കണ്ടാൽ ഒരു പഴയ ഫാക്ടറിയുടെ പുകപിടിച്ച ചുവരുകൾ പോലെതോന്നും. അതിൽ നിറയെ പെയിന്റിങ്ങും വാം ടോൺ ലൈറ്റുകളും കൊടുത്തു. മുകൾഭിത്തിയിൽ ടെറാക്കോട്ട ജാളികളുണ്ട്. ഇതുവഴി കാറ്റെത്തി വീടിനകം തണുപ്പിക്കുന്നു. 

gowri-lekshmi-house-hall

വലിയ ഫ്രഞ്ച് ജാലകങ്ങളാണ് ഞങ്ങളിവിടെ കൊടുത്തത്. ജനലുകൾക്ക് അഴികളില്ല. വീട്ടുകാർ സുരക്ഷാപ്രശ്നം പറഞ്ഞു എതിർത്തെങ്കിലും ഞങ്ങൾ അതിലുറച്ചുനിന്നു. ആഗ്രഹിച്ച റിസൾട്ടും ലഭിക്കുന്നു. പകരം സുരക്ഷയ്ക്ക് സിസിടിവി വച്ച് പ്രശ്നം പരിഹരിച്ചു. നല്ല കാറ്റും വെളിച്ചവും, തടസമില്ലാതെ പുറത്തെ പച്ചപ്പിന്റെ കാഴ്ചകളും ലഭിക്കുന്നു. ഡൈനിങ്ങിലെ ഫ്രഞ്ച് വിൻഡോ തുറന്നിട്ടാൽ പാർട്ടികൾ നടത്താൻ പാകത്തിൽ മുറ്റത്തോട് ചേർന്ന് വലിയ സ്‌പേസും ലഭിക്കും.  

gowri-lekshmi-house-patio

ഡൈനിങ്ങിനോട് ചേർന്ന് പൂജാമുറി വേർതിരിച്ചു. ഇതിന്റെ പുറംചുവരുകളിൽ ജാളി ഭിത്തി നിർമിച്ചു. ഗോവണിയുടെ താഴെ ഒരു വാട്ടർബോഡി കൊടുത്തിട്ടുണ്ട്. ഇതിൽ മീനുകളുമുണ്ട്.

gowri-lekshmi-house-dine

ഒതുക്കമുള്ള ഓപ്പൺ കിച്ചനാണ് ഇവിടെ ഒരുക്കിയത്. കിച്ചൻ കൗണ്ടർ, ബ്രേക്ക്ഫാസ്റ്റ് കൗണ്ടറായും ഉപയോഗിക്കാം. ഇവിടെ ഹൈചെയറുകൾ കൊടുത്തു. കൗണ്ടറിന്റെ താഴെ ഇൻവെർട്ടർ സ്റ്റോറേജിനിടം കൊടുത്തു.

gowri-lekshmi-house-kitchen

ഈ വീട്ടിലെ മറ്റൊരു ആകർഷണം ഫ്ലോറിങ്ങാണ്. ആത്തംകുടി ടൈലാണ് ഉപയോഗിച്ചത്. കാരൈക്കുടിയിൽ നിന്നും വൈദഗ്ധ്യമുള്ള പണിക്കാരെത്തിയാണ് ഇത് വിരിച്ചുതന്നത്. ഉപയോഗിക്കുംതോറും ഭംഗി കൂടുന്നു ഈ നിലത്തിന്..

ഗോവണി കയറി എത്തുമ്പോൾ കുറച്ച് സർപ്രൈസുകൾ ഞങ്ങൾ ഒരുക്കിയിട്ടുണ്ട്. എന്റെ മുത്തച്ഛന്റെ അച്ഛൻ തിരുവനന്തപുരം പബ്ലിക് ലൈബ്രറിയിലെ ലൈബ്രെറേറിയനായിരുന്നു. അദ്ദേഹം സൂക്ഷിച്ചുവെച്ച 200 വർഷം പഴക്കമുള്ള പേപ്പർ കട്ടിങ്ങുകൾ ഞങ്ങൾ ഫ്രെയിം ചെയ്ത ഭിത്തിയിൽ വച്ചു. പിന്നെ പിന്ററസ്റ്റിൽ കണ്ട ഒരു ചിത്രം, ഞങ്ങൾ ആർട്ടിസ്റ്റിനെ കൊണ്ട് വരപ്പിച്ചെടുത്തു. ഇതാണ് മുകളിലെ ആനകൾ നിറയുന്ന ചുവന്ന ഫീച്ചർഭിത്തി.

gowri-lekshmi-home-upper

താഴെ രണ്ടു ഗസ്റ്റ് ബെഡ്റൂമുകൾ കൊടുത്തു. ഞങ്ങളുടെ കിടപ്പുമുറി മുകളിലാണ്. ഇതിനോട് ചേർന്ന് ഒരു മിനി ബാൽക്കണിയും കൊടുത്തു. മുകളിൽ രണ്ടാമത്തെ ഡോർ തുറക്കുന്നത് ബാൽക്കണിയിലേക്കാണ്. ഇവിടെ ഒരു ഭിത്തി ജർമൻ സ്മിയർ എന്ന സവിശേഷരീതിയിലാണ് ഒരുക്കിയത്. ഒരു ടെറസ് ഗാർഡനും ഇവിടെ ഞങ്ങൾ  ഒരുക്കിയിട്ടുണ്ട്.

gowri-lekshmi-house-bed

ഇനി കാർ പോർച്ചിനു പിന്നിലെ മുറിയിൽ ഒരു പെർഫോമിങ് സ്റ്റുഡിയോ കൂടി സെറ്റപ്പ് ചെയ്യണം. ഞങ്ങളുടെ പരിശീലനങ്ങൾക്ക് ഒരു വേദി. വീടുപണിയുന്ന സമയത്ത് പലരും വാക്കുകൾ കൊണ്ട് നിരുത്സാഹപ്പെടുത്തിയിട്ടുണ്ട്. അവർക്കെല്ലാം പ്രവൃത്തി കൊണ്ട് മറുപടി കൊടുക്കാൻ കഴിഞ്ഞതിന്റെ ത്രില്ലിലാണ് ഞങ്ങൾ. ഇസൈക്കൂട് ഞങ്ങളുടെ ജീവാംശമായി മാറിക്കഴിഞ്ഞു.

English Summary- Singer Gowry Lekshmi New House; Celebrity Home Tour

ബാല്യം മുതൽ ഇന്നുവരെ നിങ്ങളുടെ ജീവിതത്തിലൂടെ കടന്നുപോയ വീടുകളെക്കുറിച്ച് ഗൃഹാതുരമായ ഓർമകളുണ്ടോ? ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.യോഗ്യമായവ പ്രസിദ്ധീകരിക്കും.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SPOT LIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Sundari Kannal Oru Sethi (Cover) ft. K K Nishad & Sangeeta Srikant | Music Shots

MORE VIDEOS
FROM ONMANORAMA