ADVERTISEMENT

മഴവിൽ മനോരമയിലെ ജീവിതനൗക എന്ന സീരിയലിലൂടെ പ്രേക്ഷകരുടെ മനംകവർന്ന നടിയാണ് അഞ്ജന. ഒരു നാട്ടിൻപുറത്തു ജനിച്ചുവളർന്നു അധ്വാനത്തിലൂടെ വെള്ളിവെളിച്ചത്തിലെത്തിയ കഥ താരം പങ്കുവയ്ക്കുന്നു. ഒപ്പം വീട്ടുവിശേഷങ്ങളും..

മിനിസ്ക്രീനിലേക്ക്...

anjana

നിലമ്പൂരിനടുത്ത് തിരുവാലി എന്ന ഗ്രാമമാണ് എന്റെ സ്വദേശം. അച്ഛനും അമ്മയും ഞങ്ങൾ നാലു പെൺമക്കളും അടങ്ങുന്നതാണ് കുടുംബം. ഞാൻ രണ്ടാമത്തെയാളാണ്. മിനിസ്ക്രീനിലേക്ക് യാദൃശ്ചികമായി എത്തിയതാണ്. നാലു മക്കളിൽ കലാമേഖലയിൽ ഏറ്റവും പിന്നിലായിരുന്നു ഞാൻ. ചേച്ചി ക്‌ളാസിക്കൽ ഡാൻസറാണ്. എന്റെ അനിയത്തിയാണെങ്കിൽ കലാതിലകമായിരുന്നു. ഇതുപോലെ ഒരു ഉൾനാടൻ ഗ്രാമത്തിൽനിന്നും ഞാനൊരു നടി ആകുമെന്ന് വീട്ടിലാരും ചിന്തിച്ചിരുന്നില്ല.

നാലാം ക്‌ളാസിൽ പഠിക്കുമ്പോൾ ജയരാജിന്റെ ഗുൽമോഹർ എന്ന സിനിമയിൽ ബാലതാരമായി അഭിനയിച്ചു. അതോടൊപ്പം ചെറിയ ആൽബങ്ങൾ, ഷോർട് ഫിലിംസ് എന്നിവയും ചെയ്തു. പ്ലസ് ടു കഴിഞ്ഞു ഞാൻ ചെന്നൈയിലേക്ക് ചേക്കേറി. ചേച്ചി അവിടെയായിരുന്നു. അവിടെ ഓൾ ഇന്ത്യ റേഡിയോയിൽ ആർ.ജെ ആയി രണ്ടു വർഷം ജോലി ചെയ്തു. ആ സമയത്താണ് 'കല്യാണവീട്'  എന്ന തമിഴ് സീരിയലിൽ നായികയായി അവസരം ലഭിക്കുന്നത്. അങ്ങനെയാണ് മിനിസ്ക്രീനിലേക്ക് ചേക്കേറുന്നത്. മൂന്നു വർഷം ആ സീരിയലിൽ അഭിനയിച്ചു. അതിനു ശേഷമാണ് മഴവിൽ മനോരമയിലെ ജീവിതനൗക ചെയ്യുന്നത്. അതോടെയാണ് പ്രേക്ഷകർ എന്നെ ശ്രദ്ധിക്കാൻ  തുടങ്ങിയത്. കഴിഞ്ഞ മാസം ജീവിതനൗക അവസാനിച്ചു. വേറെയൊരു സീരിയലിലേക്ക് ക്ഷണം വന്നിട്ടുണ്ട്. 

 

anjana-home

ഞങ്ങളുടെ വീട്..

ഒരു മിഡിൽ ക്‌ളാസ് കുടുംബമാണ് ഞങ്ങളുടേത്. അച്ഛൻ നേരത്തെ ഡൽഹിയിൽ ബിസിനസായിരുന്നു. ഇപ്പോൾ നാട്ടിൽ മടങ്ങിയെത്തി. അമ്മ നേരത്തെ ലാബ് ടെക്നീഷ്യനായിരുന്നു. ഇപ്പോൾ വീട്ടമ്മയാണ്.  അച്ഛൻ ഒരു ശുദ്ധനും പരോപകാരിയുമായ മനുഷ്യനാണ്. അതുകൊണ്ട് വലുതായൊന്നും സമ്പാദിക്കാൻ പറ്റിയില്ല. എന്റെ 19 വയസ് വരെ ഞങ്ങൾ വാടകവീടുകളിലാണ് താമസിച്ചിരുന്നത്. ഞങ്ങൾ ഇപ്പോൾ താമസിക്കുന്ന വീട്, ഞങ്ങൾ ഓരോരുത്തരുടെയും വിയർപ്പിന്റെ ഫലമാണ്.  ആദ്യം സ്വരുക്കൂട്ടിയ സമ്പാദ്യം കൊണ്ട് ഒരു കൊച്ചുവീടാണ് ഞങ്ങൾ പണിതത്. പിന്നീട് ചേച്ചിയുടെ വിവാഹ ത്തോടനുബന്ധിച്ച് രണ്ടു മുറികളുള്ള ഒരു കൊച്ചുവീട് കൂടി  ഞങ്ങൾ പണിതു. ഇത് പ്രീഫാബ്രിക്കേറ്റഡ് വീടാണ്. ജിഐ ചട്ടക്കൂടിൽ ഫൈബർ സിമന്റ് ബോർഡ് വിരിച്ച് ഏകദേശം ഒരു മാസം കൊണ്ടാണ് ഈ വീട് പണിതത്. കുറഞ്ഞ ചെലവിൽ പണിയാനും കഴിഞ്ഞു. ഞങ്ങൾക്ക് അത്യാവശ്യം കൃഷിയുമുണ്ട്. അതെല്ലാം അച്ഛന്റെ വിയർപ്പാണ്. വീടിനു ചുറ്റും ധാരാളം പച്ചപ്പ് കാണാം. മൂന്നു വളർത്തുനായ്ക്കളുണ്ട്.

 

കുടുംബം, കാത്തിരിപ്പ്...

അച്ഛൻ രാജീവൻ, അമ്മ പദ്മിനി. ചേച്ചി റിയാനാ രാജ് ക്‌ളാസിക്കൽ ഡാൻസറാണ്. കുടുംബമായി ചെന്നൈയിലാണ്. അനിയത്തി അർച്ചന എയർ ഹോസ്റ്റസാണ്. ഏറ്റവും ഇളയവൾ അയാന എൽഎൽബിക്ക് പഠിക്കുന്നു. ഇപ്പോൾ ഞങ്ങൾ നാലു മക്കളും ഓരോയിടത്താണ്. ചേച്ചി ചെന്നൈയിൽ. ഞാൻ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട യാത്രകളിൽ. ഒരു അനിയത്തി ബെംഗളുരുവിൽ. മറ്റൊരാൾ മംഗലാപുരത്ത്.അച്ഛനും അമ്മയും മാത്രമേ മിക്കവാറും വീട്ടിൽ കാണൂ. പക്ഷേ ഞങ്ങൾ എല്ലാവരും മടങ്ങിയെത്തുമ്പോൾ വീട് വീണ്ടും ഒരു സ്വർഗരാജ്യമായി മാറും.

ജീവിതത്തിലെ വലിയൊരു മുഹൂർത്തത്തിനായി കാത്തിരിക്കുകയാണ് ഞാനിപ്പോൾ. ഞങ്ങളുടെ കുടുംബത്തിലേക്ക് പുതിയൊരു അതിഥി കൂടി താമസിയാതെ കടന്നുവരും. കോവിഡ് കാലമായതു കൊണ്ടുള്ള അനിശ്ചിതത്വമുണ്ട്. അതുകൊണ്ട് സമയമാകുമ്പോൾ കൂടുതൽ കാര്യങ്ങൾ പറയാം..

English summary- Serial actor Anajana KR Life, Home; Mazhavil  Manorama

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com