ADVERTISEMENT

മഴവിൽ മനോരമയിലെ 'എന്റെ കുട്ടികളുടെ അച്ഛൻ' എന്ന സീരിയലിലൂടെ കുടുംബപ്രേക്ഷകരുടെ സ്വീകരണസദസ്സിലെ പ്രിയങ്കരിയാവുകയാണ് ടെസ്സ ജോസഫ്. വർഷങ്ങൾക്കിപ്പുറവും പ്രേക്ഷകർ ടെസ്സയെ ഓർക്കുന്നത് മമ്മൂട്ടിച്ചിത്രം 'പട്ടാള'ത്തിലെ നായികയായാണ്. ടെസ്സ തിരിച്ചുവരവിൽ മനസ്സുതുറക്കുന്നു.

 

വീട്, നാട്, ഓർമകൾ..

കാഞ്ഞിരപ്പള്ളിക്കടുത്ത് മണിമലയാണ് എന്റെ സ്വദേശം. അച്ഛൻ, അമ്മ, രണ്ടു സഹോദരങ്ങൾ, ഞാൻ.. ഇതായിരുന്നു കുടുംബം. മണിമല റബർ തോട്ടങ്ങളുടെ നാടാണ്. ഒരു വലിയ റബർ തോട്ടത്തിന് നടുക്കായിരുന്നു ഞങ്ങളുടെ വീട്. അടുത്തുകൂടെ മണിമലയാർ ഒഴുകുന്നു. ചെറുപ്പത്തിൽ സഹോദരങ്ങൾക്കൊപ്പം ആറ്റിൽ പോയുള്ള കുളിയും മീൻപിടിത്തവും ഒക്കെ ജീവിതത്തിലെ രസകരമായ ഓർമകളാണ്. അച്ഛൻ ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു. മൂന്നാലു വർഷങ്ങൾ കൂടുമ്പോൾ സ്ഥലം മാറ്റമാകും. അങ്ങനെ എന്റെ ചെറുപ്പത്തിൽ ഞങ്ങൾ അച്ഛനൊപ്പം പല സ്ഥലങ്ങളിൽ പല വാടകവീടുകളിൽ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് വീട് ഓർമകൾ കേരളം മുതൽ ഡൽഹി വരെയുള്ള പല വാടകവീടുകളിൽ ചിതറിക്കിടക്കുകയാണ്.

 

സിനിമയിലേക്ക്...

tessa-family

എനിക്ക് പണ്ടുമുതൽ വാചകമടി വളരെ ഇഷ്ടമാണ്. അങ്ങനെ പഠിക്കുന്ന കാലത്ത് സൈഡായി ആങ്കറിങ് ചെയ്യുമായിരുന്നു. അത് ശ്രദ്ധിച്ചാണ് സംവിധായകൻ ലാൽ ജോസ് പട്ടാളത്തിലേക്ക് വിളിക്കുന്നത്. അന്നെനിക്ക് 20 വയസ്സാണ് പ്രായം. സിനിമയിൽ ഞാൻ ചെയ്തതോ എന്റെ സ്വഭാവത്തിന് നേർവിപരീതമായ ക്യാരക്ടർ. അധികം സംസാരിക്കാത്ത ഒരു പാവം പെൺകുട്ടിയുടെ വേഷം. അതിനുശേഷവും ഞാൻ 4 സിനിമകൾ കൂടി ചെയ്തു. ചെറിയ വേഷങ്ങൾ ആയിരുന്നു. പക്ഷേ 18 വർഷത്തിനിപ്പുറവും ആളുകൾ എന്നെ തിരിച്ചറിയുന്നത് പട്ടാളത്തിലെ നായിക എന്ന നിലയ്ക്കാണ് എന്നത് സന്തോഷമുള്ള കാര്യമാണ്.

 

tessa-serial

വിവാഹം, കുടുംബം..

2005 ലായിരുന്നു വിവാഹം. ഭർത്താവ് അനിൽ, അബുദാബിയിൽ ചാർട്ടേഡ് അക്കൗണ്ടന്റ് ആണ്. അങ്ങനെ ഞാൻ ജീവിതം അബുദാബിയിലേക്ക് പറിച്ചുനട്ടു. ഇതിനിടയ്ക്ക് രണ്ടു മക്കൾ ജനിച്ചു. അവരുടെ കാര്യങ്ങൾ നോക്കി ഒരു വീട്ടമ്മയായി ഞാൻ ഒതുങ്ങി. പിന്നീട് വെക്കേഷനുകൾക്ക് മാത്രമായി നാട്ടിലേക്കുള്ള യാത്രകൾ. അവിടെ ഫ്ലാറ്റ് ലൈഫാണ് വർഷങ്ങളായി. മക്കൾ- റോഷൻ എട്ടാം ക്‌ളാസിലും രാഹുൽ നാലാം ക്‌ളാസിലും പഠിക്കുന്നു. അനിലിന്റെ കുടുംബവേരുകൾ പാലായിലാണ്. പക്ഷേ പഠിച്ചുവളർന്നത് ഡൽഹിയിലാണ്. പിന്നീട് അനിലിന്റെ പേരന്റ്സ് കൊച്ചിയിൽ വീടുവാങ്ങി താമസമാക്കി. ഞങ്ങളും വെക്കേഷനുകൾക്ക് വരുമ്പോൾ താമസിക്കാൻ കൊച്ചിയിൽ ഒരു ഫ്ലാറ്റ് വാങ്ങി.

tessa-life

 

തിരിച്ചു വരവ്...

വിവാഹശേഷം അബുദാബിയിൽ ഉള്ളപ്പോൾ എനിക്ക് സീരിയൽ ഓഫറുകൾ വന്നിരുന്നു. പക്ഷേ കൂടുതലും തിരുവനന്തപുരം ബേസ്ഡ് സീരിയലുകൾ ആയിരുന്നു. അവിടെ എനിക്ക് ബന്ധുക്കളോ പരിചയക്കാരോ ഇല്ല. അങ്ങനെ പലതും വേണ്ടെന്നു വച്ചു. അങ്ങനെയിരിക്കെ കഴിഞ്ഞ വർഷമാണ്  മഴവിൽ മനോരമയിൽ തുടങ്ങുന്ന പുതിയ സീരിയലിലേക്ക് എനിക്ക് ക്ഷണം ലഭിക്കുന്നത്. കഥ കേട്ടപ്പോൾ ഞാനുമായി നല്ല സാമ്യമുള്ള കഥാപാത്രമാണ്. ഭർത്താവും മക്കളും പിന്തുണച്ചു. അങ്ങനെയാണ് 'എന്റെ കുട്ടികളുടെ അച്ഛൻ' എന്ന സീരിയലിലെ അനുപമയായി ഞാൻ മടങ്ങിവന്നത്. 

 

ഭാവിപരിപാടികൾ...

ഒഴുക്കിനൊപ്പം പോവുക എന്ന രീതിയാണ് എന്റേത്. ഒന്നും പ്ലാൻ ചെയ്യാറില്ല. അല്ലെങ്കിലും ഈ കോവിഡ് കാലത്ത് പ്ലാൻ ചെയ്തു ജീവിക്കുന്നതിൽ അർഥമുണ്ടോ? ഞാൻ തന്നെ കുറച്ചു ദിവങ്ങൾ അഭിനയിച്ച ശേഷം അബുദാബിയിലേക്ക് തിരിച്ചു പോകാൻ പദ്ധതിയിട്ടാണ് നാട്ടിലേക്ക് വന്നത്. ജനുവരിയിൽ തുടങ്ങിയ ഷൂട്ട് ഇപ്പോൾ ലോക്ഡൗൺ മൂലം നിർത്തിവച്ചിരിക്കുകയാണ്. അബുദാബിയിലേക്കുള്ള ഫ്‌ളൈറ്റുകൾ നിർത്തിവച്ചു. മക്കളെ മിസ് ചെയ്യുന്നുണ്ട്, അവർക്കെന്നെയും. വിഡിയോ കോളുകളാണ് ആശ്വാസം. കുടുംബപ്രേക്ഷകർ നല്ല സ്വീകരണമാണ് ഇപ്പോൾ നൽകിക്കൊണ്ടിരിക്കുന്നത്. മക്കളും ഭർത്താവും നല്ല അഭിപ്രായം പറഞ്ഞു. ഷൂട്ടിങ്ങും യാത്രകളുമെല്ലാം എല്ലാം ശരിയാകാനായി കാത്തിരിക്കുകയാണ് ഇപ്പോൾ.

English Summary- Tessa Joseph Home Life Family

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com