കരിക്ക് എന്ന മധുരപ്രതികാരം; കരിക്ക് താരം ജീവൻ ആദ്യമായി തുറന്നുപറയുന്നു!

HIGHLIGHTS
  • മലയാളികളെ പൊട്ടിച്ചിരിപ്പിച്ചു ജൈത്രയാത്ര തുടരുകയാണ് കരിക്ക് എന്ന യൂട്യൂബ് ചാനൽ..
karikku-youtube-star-jeevan-stephen
SHARE

ഇന്ന് മലയാളികളുടെ പ്രിയപ്പെട്ട യൂട്യൂബ് ചാനലുകളുടെ പട്ടികയിൽ മുൻനിരയിലാണ് കരിക്കിന്റെ സ്ഥാനം. യൂട്യൂബ് ചാനലിനപ്പുറം നെറ്റ്ഫ്ലിക്സ് പോലെയുള്ള വമ്പന്മാരുമായി കൈകോർക്കുന്ന ഡിജിറ്റൽ പ്ലാറ്റ്ഫോം എന്ന നിലയിലേക്ക് കരിക്ക് ഇപ്പോൾ വളർന്നു. മൂന്നു വർഷമായി മലയാളികളെ പൊട്ടിച്ചിരിപ്പിച്ചു ജൈത്രയാത്ര തുടരുകയാണ് കരിക്ക്. ഇപ്പോൾ ഓരോ എപ്പിസോഡിനുമായി പ്രേക്ഷകർ കാത്തിരിക്കുന്നു. ‘കരിക്കിലെ പിള്ളേരിൽ’ പക്വത കൂടുതലുള്ള കഥാപാത്രങ്ങളിലൂടെ ശ്രദ്ധനേടിയ നടനാണ്  ജീവൻ സ്റ്റീഫൻ മാമ്മൻ. പക്ഷേ 'ജീവൻ' എന്ന പേരിനേക്കാൾ കരിക്കിലെ കഥാപാത്രങ്ങളുടെ പേരിലാണ് ഇദ്ദേഹം അറിയപ്പെടുന്നത്. ജീവൻ തന്റെ വിശേഷങ്ങൾ ഇതാദ്യമായി ഒരു ഓൺലൈൻ ചാനലിനോട് പങ്കുവയ്ക്കുന്നു.

കരിക്കിലെത്തിയ കഥ...

karikku-stars-family

ബിടെക്കിനു പഠിക്കുമ്പോൾത്തന്നെ അഭിനയവും സംവിധാനവും മനസ്സിലുണ്ട്. ഷോർട് ഫിലിമുകൾക്ക് ശ്രമിച്ചു. നടന്നില്ല. പഠിച്ചു സുരക്ഷിത വരുമാനമുള്ള ജോലിയിലെത്താൻ എല്ലാ വീട്ടുകാരെയുംപോലെ എനിക്കും സമ്മർദ്ദമുണ്ടായിരുന്നു. അങ്ങനെ എറണാകുളത്ത് എംബിഎ ചെയ്യുന്ന കാലത്താണ് ഇപ്പോൾ കരിക്കിലെ സഹതാരമായ അർജുനെ പരിചയപ്പെടുന്നത്. അന്ന് അർജുനും അതേ കോളജിൽ പഠിക്കുകയാണ്. പരിചയപ്പെട്ടപ്പോൾ രണ്ടു പേരും ഒരേ തോണിയിലെ സഞ്ചാരികളാണെന്ന് ബോധ്യമായി. കോഴ്സ് കഴിഞ്ഞ് എനിക്ക് അബുദാബിയിൽ നല്ല ശമ്പളത്തിൽ ജോലി കിട്ടി. ഒരു വർഷം അവിടെ ജോലി ചെയ്തു. ഉള്ളിലെ ആഗ്രഹം ഒന്ന്, ചെയ്യുന്നത് മറ്റൊന്ന്. അതോടെ ഞാൻ മെന്റലി ഡൗൺ ആയി. രാജിവച്ചു നാട്ടിലെത്തി. വീട്ടിൽ ആകെ ഡാർക്ക് സീൻ ആയി. തൽകാലം വീട്ടുകാരെ ബോധിപ്പിക്കാൻ ഒരു സ്ഥാപനത്തിൽ ജോലിക്ക് കയറി. എങ്ങനെയെങ്കിലും അഭിനയമേഖലയിൽ എത്തിപ്പറ്റണം. എവിടെ തുടങ്ങണമെന്ന് അറിയില്ല. കരിക്കിലെ സഹോ ഉണ്ണി മാത്യൂസ് ഞങ്ങളുടെ കോമൺ സുഹൃത്താണ്. ഉണ്ണി വഴിയാണ് കരിക്കിന്റെ ഫൗണ്ടർ നിഖിലിനെ പരിചയപ്പെടുന്നതും കരിക്കിലേക്ക് എത്തുന്നതും.

എന്റെ മധുരപ്രതികാരം...

karikku-stars

നല്ല വിദ്യാഭ്യാസത്തിനു ശേഷം നല്ല ശമ്പളമുള്ള ജോലി ഉപേക്ഷിച്ചാണ് നാട്ടിലെത്തുന്നത്. ആദ്യമൊക്കെ യൂട്യൂബ് ഒരു തൊഴിലായി ചെയ്യാവുന്ന മേഖലയാണ് എന്ന് വീട്ടുകാരെയും നാട്ടുകാരെയും ബോധ്യപ്പെടുത്താൻ നല്ലതുപോലെ ബുദ്ധിമുട്ടി. ഒരു വർഷത്തിനുള്ളിൽ കരിക്ക് ക്ലിക്കായതോടെ വീട്ടുകാർ ഓകെയായി. യൂട്യൂബ് എന്ന് പറഞ്ഞു ജീവിതം കളയരുത് എന്ന് ഉപദേശിച്ച പലരും ഇന്ന് കരിക്കിന്റെ കട്ട ആരാധകരാണ് എന്നതാണ് എന്റെ മധുരപ്രതികാരം.

കുടുംബം, വീട് ഓർമകൾ..

jeevan-house

തിരുവനന്തപുരം തിരുമലയാണ് എന്റെ വീട്. അച്ഛന്റെ സ്വദേശം ആറന്മുളയാണ്. അമ്മയുടേത് കോഴഞ്ചേരിയും. ജോലിസംബന്ധമായി തിരുവനന്തപുരത്തേക്ക് ചേക്കേറിയതാണ് അച്ഛൻ. പിന്നീട് ഹൈക്കോടതി അഭിഭാഷകനായി. എന്റെ പ്ലസ്‌ടു വരെ നിരവധി വാടകവീടുകളിലായിരുന്നു ഞങ്ങളുടെ താമസം. അഞ്ചാം ക്‌ളാസ് വരെ ജഗതിയിലെ ഒരു വീട്, പിന്നെ പൂജപ്പുര ഒരു വീട്.. ഇങ്ങനെ മൂന്നാലു വർഷം കൂടുമ്പോൾ പുതിയ വീട്ടിലേക്ക് മാറും. അങ്ങനെ വീടുമാറൽ ഒരു ശീലമായി. ഇപ്പോൾ തിരുമലയിൽ അച്ഛൻ സ്വന്തമായി വീട് വച്ചിട്ട് 12 വർഷമായി. അക്കാലത്തെ സ്‌റ്റൈലിലുള്ള ഇരുനില വീടാണ്. മുകളിൽ നീളൻ ബാൽക്കണിയുണ്ട്. സ്വന്തം വീടായപ്പോഴേക്കും ഞാൻ പഠനത്തിന്റെയും പിന്നെ ജോലിയുടെയും ഭാഗമായി വീട് വിട്ടിരുന്നു. അതുകൊണ്ട് വളരെ കുറച്ചുനാളുകൾ മാത്രമേ സ്വന്തം വീട്ടിൽ നിന്നിട്ടുള്ളൂ. വീട് മിസ് ചെയ്യുന്നുണ്ട്. പ്രത്യേകിച്ച് ചേച്ചിയുടെ കുട്ടി അവിടെയുണ്ട്. അവരുടെ സന്തോഷത്തിന്റെ ഭാഗമാകാൻ കഴിയാത്തതിൽ വിഷമമുണ്ട്. 2018 ൽ വൈറ്റിലയിൽ അച്ഛൻ ഒരു ഫ്ലാറ്റ് വാങ്ങിയിരുന്നു (ലോൺ എടുത്താണ് കേട്ടോ)..ഞാൻ അവിടെ ഒറ്റയ്ക്കാണ് ഇപ്പോൾ താമസം. അതുകൊണ്ട് ഇന്റീരിയർ ഒന്നും വലുതായി ചെയ്തിട്ടില്ല. ഈ ലോക്ഡൗൺ കാലത്തും വീട്ടിൽ പോകാനായില്ല. 

 

കലാപരം കരിക്ക് ഓഫിസ്, കരിക്കിലെ വീടുകൾ..

കരിക്കിന്റെ ഓഫിസിന്റെ ചിത്രങ്ങൾ നിങ്ങൾ കണ്ടിട്ടുണ്ടാകും. ഒരു വർക്ക് സ്‌പേസ് ആണെന്ന് തോന്നിക്കാത്ത വിധമാണ് അതിന്റെ ഇന്റീരിയർ. ഒരു ട്രഡീഷനൽ ഓഫിസ് സ്‌പേസിൽ പണിയെടുക്കുന്നവർ ജോലിസമയം കഴിയാൻ കാത്തിരുന്ന്, പെട്ടെന്നു വീട് പിടിക്കുകയാണ് ചെയ്യുന്നത്. എന്നാൽ ഇവിടെ അങ്ങനെ ഒരു തോന്നലില്ല. ഞാനൊക്കെ രാത്രി കിടന്നുറങ്ങാൻ മാത്രമാണ് ശരിക്കും ഫ്ലാറ്റിൽ പോകുന്നത്. ബാക്കി സമയം മുഴുവൻ ഓഫിസിലായിരിക്കും. കരിക്കിന്റെ മുതലാളി നിഖിലാണ് അതിന്റെ സൂത്രധാരൻ. അദ്ദേഹത്തിന്റെ ഭാര്യയും അതിൽ വോൾ പെയിന്റിങ് ഒക്കെ വരച്ചിട്ടുണ്ട്. കരിക്ക് വളർന്നതിനനുസരിച്ച് അതിലെ വീടുകൾക്കും മാറ്റം വന്നിട്ടുണ്ട്. കരിക്ക് തുടങ്ങിയ സമയത്ത് ഓഫിസായി ഒരു വാടകവീട് എടുത്തിരുന്നു. അവിടെയാണ് 'തേരാ പാരാ' അടക്കം ഷൂട്ട് ചെയ്തത്. പിന്നീട് പുതിയ ഓഫിസിലേക്ക് മാറിയെങ്കിലും പഴയ വീട്ടിൽ ഇപ്പോഴും എപ്പിസോഡുകൾ ഷൂട്ട് ചെയ്യാറുണ്ട്. അവസാനമിറങ്ങിയ ‘റിപ്പർ’ എന്ന എപ്പിസോഡും ആ വീട്ടിലാണ് ഷൂട്ട് ചെയ്തത്. പക്ഷേ തിരിച്ചറിയാനാകാത്ത വിധം പെയിന്റ് ഒക്കെ അടിച്ച് വീട് ഇപ്പോൾ കുട്ടപ്പനാക്കിയിട്ടുണ്ട്.

ലോക്ഡൗൺ കാലം, ഭാവി പരിപാടികൾ..

jevan-arjun

ലോക്ഡൗൺ സമയത്ത് കരിക്ക് ഷൂട്ട് നിർത്തിവച്ചിരിക്കുകയാണ്. 'ഉൽക്ക' എപ്പിസോഡ് പോലെ മറ്റൊരു പശ്ചാത്തലത്തിലുള്ള കഥയായിരിക്കും അടുത്തതായി വരിക. അതിന്റെ പണിപ്പുരയിലാണ് ഞങ്ങൾ. മറ്റു സഹപ്രവർത്തകർ മിക്കവരും വീടുകളിലേക്ക് മടങ്ങി. എനിക്ക് പാചകം ഇഷ്ടമാണ്. എന്റെ 'കുക്കിങ് ലാബിൽ' അത്യാവശ്യം പരീക്ഷണങ്ങൾ ചെയ്യുന്നു. സിനിമകൾ കാണുന്നു. പുതിയ കഥകൾ ചിന്തിക്കുന്നു. ഇടയ്ക്ക് കരിക്കിന്റെ ഓഫിസിൽ പോകുന്നു. അവിടെയുള്ളവരെ കാണുന്നു. ഇതൊക്കെയാണ് ഇപ്പോൾ പരിപാടികൾ. ജീവിതത്തിൽ പ്രേമിച്ചിട്ടൊക്കെയുണ്ട്. പക്ഷേ ഒന്നും സെറ്റായില്ല. വിവാഹത്തെ കുറിച്ചൊന്നും ഇപ്പോൾ ചിന്തിച്ചിട്ടില്ല. ഇപ്പോൾ ശ്രദ്ധ മുഴുവൻ കരിക്കിലാണ്. സമയമാകുമ്പോൾ അതൊക്കെ തേടിയെത്തട്ടെ..

English Summary- Karikku YouTube Channel; Jeevan Stephen YouTube Star Malayalam

ബാല്യം മുതൽ ഇന്നുവരെ നിങ്ങളുടെ ജീവിതത്തിലൂടെ കടന്നുപോയ വീടുകളെക്കുറിച്ച് ഗൃഹാതുരമായ ഓർമകളുണ്ടോ? ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.യോഗ്യമായവ പ്രസിദ്ധീകരിക്കും.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SPOT LIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ആഡംബരമില്ലായ്മയാണ് ഇവിടെ ആഡംബരം: സിജിഎച്ച് എർത്തിന്റെ വിജയ കഥ

MORE VIDEOS
FROM ONMANORAMA