ADVERTISEMENT

സിനിമകളിലൂടെയും മിനിസ്ക്രീനിലൂടെയും പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് വിഷ്ണുപ്രിയ. വിവാഹശേഷം ദുബായിലേക്ക് ചേക്കേറിയ താരം തന്റെ ജീവിതവിശേഷങ്ങൾ പങ്കുവയ്ക്കുന്നു.

അച്ഛൻ, അമ്മ, രണ്ടു ചേട്ടന്മാർ, ഞാൻ..ഇതായിരുന്നു കുടുംബം. അച്ഛന്റെയും അമ്മയുടെയും നാട് മാവേലിക്കരയാണ്. ഞാനും ചേട്ടന്മാരും ജനിച്ചു വളർന്നത് ബഹ്‌റിനിലാണ്. സ്‌കൂൾ- കോളജ് പഠനം വരെ അവിടെയായിരുന്നു. അതുകൊണ്ട് വീടുമായി ബന്ധപ്പെട്ട ഓർമ്മകൾ മിക്കതും ബഹ്‌റിനിലെ ഫ്ലാറ്റ് ലൈഫ് കാലത്താണുള്ളത്. അവധിക്ക് നാട്ടിൽ വരുമ്പോഴുള്ള ഒത്തുചേരലുകളും സന്തോഷവുമാണ് നാട്ടിലെ വീട് ഓർമകളിൽ ബാക്കിയുള്ളത്. അച്ഛൻ മരിച്ചിട്ട് ഇപ്പോൾ നാലു വർഷമായി. ഞങ്ങൾ പിന്നീട് ആലുവയിൽ വീട് വാങ്ങി സെറ്റിൽ ചെയ്തു. ഏറ്റവും മൂത്ത ചേട്ടൻ എത്തിഹാദിലെ പൈലറ്റാണ്. രണ്ടാമത്തെ ചേട്ടൻ ഇവന്റ് മാനേജ്‌മെന്റ് ബിസിനസ് ചെയ്യുന്നു. അങ്ങനെ ഓരോരുത്തരും ഓരോയിടത്തായി. അച്ഛനും അമ്മയും ഞാനും ചേട്ടന്മാരുമെല്ലാം ഒരുമിച്ചുണ്ടായിരുന്ന കാലമാണ് ഇപ്പോൾ ജീവിതത്തിൽ ഏറ്റവും മിസ് ചെയ്യുന്നത്.ആ കാലത്തേക്ക് തിരിച്ചുപോകാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ചിലപ്പോഴൊക്കെ തോന്നാറുണ്ട് .

vishnupriya-pillai

ചെറുപ്പം മുതൽ സ്റ്റേജ് പരിപാടികളിൽ സജീവമായിരുന്നു. സ്‌കൂൾ കാലത്ത് ഡാൻസ്, ഡ്രാമ എന്നിവയിലൊക്കെ സമ്മാനം നേടിയിട്ടുണ്ട്. പിന്നീട് കോളജ് ഒക്കെ ആയപ്പോൾ ടച്ച് വിട്ടു. പക്ഷേ അമ്മയ്ക്ക് എന്നെ മിനിസ്‌ക്രീനിൽ കാണണം എന്നാഗ്രഹമുണ്ടായിരുന്നു. അങ്ങനെ ഒരു ചാനലിലെ ഡാൻസ് റിയാലിറ്റി ഷോയിലാണ് ആദ്യം മുഖം കാണിക്കുന്നത്. പിന്നീട് ഒരു കുടുംബസുഹൃത്തു വഴിയാണ് 'സ്പീഡ് ട്രാക്ക്' എന്ന സിനിമയിലേക്കെത്തുന്നത്. ദിലീപേട്ടൻ നായകനായ സിനിമയിൽ നായികയുടെ സുഹൃത്തിന്റെ വേഷമായിരുന്നു. പിന്നീട് കേരളോത്സവം എന്ന സിനിമയിലാണ് ആദ്യമായി നായികയാകുന്നത്. ഇതിനിടയിൽ മിനിസ്ക്രീനിലും അവതാരകയും അഭിനേതാവും ജഡ്ജുമൊക്കെയായി പ്രവർത്തിച്ചു. 2019 ലിറങ്ങിയ തമിഴ് ത്രില്ലർ V1 ലാണ് അവസാനം അഭിനയിച്ചത്.

vishnupriya-wedding

2019 ലായിരുന്നു വിവാഹം. ഭർത്താവ് വിനയ് വിജയൻ. ദുബായിൽ ബിസിനസാണ്. നിർമാതാവ് ഈസ്റ്റ് കോസ്റ്റ് വിജയന്റെ മകനാണ്. വിവാഹശേഷം ഞാനും  ദുബായിലേക്ക് ചേക്കേറി. കോവിഡ് വരുന്നതിനു മുൻപ് വരെ, ഇവിടെ അടിപൊളി ലൈഫായിരുന്നു. ഇപ്പോൾ ലോക്ഡൗണും മറ്റുമായി യാത്രകൾ കുറഞ്ഞു. കൂടുതൽ സമയവും വീട്ടിൽത്തന്നെയാണ്. ഞങ്ങൾ ഒരുപാട് ഇഷ്ടപ്പെട്ട് വാങ്ങിയ ഫ്ലാറ്റിലാണ് താമസം. അതുകൊണ്ട് ബോറടിയൊന്നും തോന്നാറില്ല.

vishnupriya-husband

വളരെ കുറച്ചു സിനിമകളിലേ ഞാൻ അഭിനയിച്ചിട്ടുള്ളൂ. മിനിസ്‌ക്രീനിലും കുറച്ചുകാലം മാത്രമാണ് സജീവമായി ഉണ്ടായിരുന്നത്. എന്നിട്ടും കലാജീവിതത്തിന് ഒരു ബ്രേക്ക് കൊടുത്ത് ദുബായിൽ എത്തിയപ്പോഴും, നിരവധി പേർ തിരിച്ചറിഞ്ഞു വന്നു സ്നേഹം പങ്കുവച്ചു. എന്റെ ഇനിയുള്ള ഏറ്റവും വലിയ സ്വപ്നം, സ്വന്തമായി ഒരു ഡാൻസ് സ്‌കൂൾ തുടങ്ങുക എന്നതാണ്. അതിന്റെ പ്ലാനിങ് സമയത്താണ് കോവിഡ് കാലമെത്തിയത്. ഇനി ഇതൊക്കെ ഒന്നൊതുങ്ങിയിട്ട് വേണം എന്റെ സ്വപ്നം യാഥാർഥ്യമാക്കാൻ.

English Summary- VishnuPriya Pillai Actress Home Life; Malayalam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com