ADVERTISEMENT

മോഡലിങ്ങിലൂടെയും സിനിമകളിലൂടെയും ഉയർന്നുവരുന്ന താരമാണ് അമേയ മാത്യു. കരിക്കിലെ ഒരു എപ്പിസോഡിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് അമേയ വളരെപ്പെട്ടെന്നു ശ്രദ്ധിക്കപ്പെട്ടത്. അമേയ തന്റെ വീട്ടുവിശേഷങ്ങളും ജീവിതവിശേഷങ്ങളും പങ്കുവയ്ക്കുന്നു..

ഓർമകൾ നിറയുന്ന വീടുകൾ..

തിരുവനന്തപുരമാണ് സ്വദേശം. അച്ഛന്റെയും അമ്മയുടെയും ഒറ്റ മകളാണ് ഞാൻ. അച്ഛൻ എ.ജി ഓഫിസിൽ ഉദ്യോഗസ്ഥനായിരുന്നു. അമ്മ സ്‌കൂൾ അധ്യാപികയും. അച്ഛന്റെ സ്വദേശം ഇടുക്കിയും അമ്മയുടേത് തിരുവനന്തപുരവുമാണ്. അച്ഛന് സ്ഥലം മാറ്റമാകുന്ന മുറയ്ക്ക് ഞങ്ങളും പറിച്ചുനടപ്പെട്ടുകൊണ്ടിരുന്നു. അതുകൊണ്ട് വാടകവീടുകളിലായിരുന്നു കുട്ടിക്കാലമേറെയും കഴിഞ്ഞത്. അവസാനം അച്ഛന് ആരോഗ്യപ്രശ്നങ്ങൾ ആയപ്പോഴാണ് തിരുവനന്തപുരത്ത് സെറ്റിൽ ചെയ്തത്. ഞാൻ പഠിച്ചതും വളർന്നതുമെല്ലാം ഇവിടെയാണ്. അങ്ങനെ 13 വർഷം മുൻപ് അച്ഛൻ തിരുവനന്തപുരത്ത് സ്വന്തമായി വീടുവച്ചു. പക്ഷേ സ്വന്തം വീട്ടിൽ ഒരുമിച്ചു കഴിയുന്നതിന്റെ സന്തോഷങ്ങൾ അധികകാലം നീണ്ടില്ല. പുതിയ വീട്ടിൽ താമസമാക്കി കുറച്ചു നാളുകൾക്കുള്ളിൽ അച്ഛൻ ഞങ്ങളെ വിട്ടുപോയി. അന്ന് ഞാൻ പത്താം ക്ലാസിൽ പഠിക്കുകയാണ്. ജീവിതത്തിൽ ഇന്നും നികത്താനാകാതെ തുടരുന്ന ശൂന്യത അവശേഷിപ്പിച്ചാണ് അച്ഛൻ പോയത്. 

ameya-father-mother

ഈ വീട്ടിലേക്കാൾ അച്ഛനുമൊത്ത് കഴിഞ്ഞതിന്റെ ഓർമകൾ പഴയ വാടകവീടുകളിലാണ്. ഞാൻ വളർന്നതിനുശേഷം അവിടെയൊക്കെ പിന്നീട് പോയിട്ടുണ്ട്. ഡൽഹിയിൽ അച്ഛൻ ജോലിയിലുണ്ടായിരുന്നപ്പോൾ ഞങ്ങൾ താമസിച്ച വാടകവീടുകൾ അത്തരത്തിൽ ഹൃദയത്തോട് ചേർന്നുനിൽക്കുന്നതാണ്. അന്നവിടെ ചെന്നപ്പോൾ അച്ഛൻ അവിടെയൊക്കെയുണ്ടെന്ന് തോന്നിപ്പോയി.

ameya-home

ഒരു സിറ്റിവീടാണ് എന്റേത്. വളരെ കുറച്ചുസ്ഥലത്ത് പണിത വീട്. മുട്ടിമുട്ടി അയൽവീടുകൾ. അടുത്ത കാലത്ത് വീടിന്റെ ഇന്റീരിയർ ഒന്ന് നവീകരിച്ചു. പഴയ ഫർണിച്ചറും കർട്ടനുകളും  മുഴുവൻ മാറ്റി പുതിയത് വാങ്ങി. എന്റെ മുറി അടിമുടി ബ്ലാക്& വൈറ്റ് തീമിലേക്ക് മാറ്റി. ഏതാണ്ട് ഒന്നരലക്ഷം ചെലവിട്ടാണ് എന്റെ മുറിയിൽ ഈ മിനുക്കുപണികൾ നടത്തിയത്.

ameya-mathew-interior

 

ജീവിതത്തിലെ വഴിത്തിരിവുകൾ..

ameya-karikku

ഡിഗ്രിയും പിജിയും ഇവിടെ തിരുവനന്തപുരത്തായിരുന്നു. അതിനുശേഷം വിശാലമായ ലോകം കാണണം എന്നുണ്ടായിരുന്നു. അങ്ങനെ കാനഡയിൽ എംബിഎ ചെയ്യാൻ പദ്ധതിയിട്ടു. പക്ഷേ അവസാനനിമിഷം വീട്ടുകാർ എതിർത്തു. അങ്ങനെ പരിപാടി മുടങ്ങി. ആ വാശിക്കാണ് ഞാൻ മോഡലിങ്ങിലേക്ക് ഇറങ്ങുന്നത്. തനിയെ കൊച്ചിയിലേക്ക് താമസംമാറ്റി. അവസരങ്ങൾ തേടിയിറങ്ങി. ചെറിയ ഷൂട്ടുകൾ ചെയ്തു. അതുവഴിയാണ് ആദ്യസിനിമ ആട് 2-ലേക്ക് അവസരം ലഭിക്കുന്നത്. പിന്നെയും ചെറിയ വേഷങ്ങൾ ലഭിച്ചു.

കരിക്കിലെ ഒരു എപ്പിസോഡിൽ അഭിനയിച്ചതാണ് മറ്റൊരു വഴിത്തിരിവ്. അതോടെ കൂടുതൽ പേർ തിരിച്ചറിയാൻ തുടങ്ങി. ഇപ്പോഴും 'കരിക്കിൽ അഭിനയിച്ച ആളല്ലേ' എന്നുചോദിച്ചുകൊണ്ട് ആളുകൾ പരിചയപ്പെടാൻ വരാറുണ്ട്. ചെറുപ്പത്തിൽ ഞാൻ ആർക്കും പെട്ടെന്ന് വേദനിപ്പിക്കാൻ കഴിയുന്ന പാവം കുട്ടിയായിരുന്നു. പക്ഷേ, ഇപ്പോൾ കടന്നുവന്ന ജീവിതാനുഭവങ്ങൾ എന്നെ കൂടുതൽ ബോൾഡാക്കി. സോഷ്യൽ മീഡിയയിലൊക്കെ ചിത്രങ്ങൾ ഇടുമ്പോൾ മോശം കമന്റുകൾ വരാറുണ്ട്. അതൊന്നും ഇപ്പോൾ എന്നെ ബാധിക്കാറേയില്ല.

ameya-mathew-life

 

ഭാവിപരിപാടികൾ..

ശരിക്കും വീട്ടിൽ വിവാഹാലോചനകൾ തുടങ്ങിയ സമയത്താണ് കരിക്കിൽ അവസരം ലഭിക്കുന്നത്. അതുവഴി കൂടുതൽ അവസരങ്ങൾ ലഭിച്ചു. അതോടെ വിവാഹപരിപാടിയിൽ നിന്നും ഞാൻ സ്കൂട്ടായി. വിദേശത്ത് എവിടെയെങ്കിലും ഉപരിപഠനം ഇപ്പോഴും സ്വപ്നമാണ്. സ്വതന്ത്രമായി കെട്ടുപാടുകളില്ലാതെ കുറച്ചുകാലം ജീവിക്കണം. നല്ല സിനിമകളുടെ ഭാഗമാകണം. ഞാൻ അഭിനയിച്ച രണ്ടു സിനിമകൾ ഇപ്പോൾ ഇറങ്ങാനുണ്ട്. കൂടാതെ ആദ്യമായി നായിക ആയി അഭിനയിക്കുന്ന സിനിമയുടെ ചിത്രീകരണം ഓഗസ്റ്റിൽ തുടങ്ങും. അതിന്റെ കാത്തിരിപ്പിലാണ് ഞാൻ.

English Summary- Ameya Mathew House Family Life Memories

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com