ADVERTISEMENT

പരിസ്ഥിതി സൗഹൃദവീടുകൾ നിർമ്മിക്കുന്നവർ ഇപ്പോൾ നിരവധിയാണ്. അക്കൂട്ടത്തിൽ എടുത്തു പറയേണ്ട പേരാണ് ഹരിയാനയിലെ ഫരീദാബാദ് സ്വദേശിയായ വീണാ ലാലിന്റേത്. കുട്ടികൾക്കായി കർമ്മ മാർഗ് എന്ന പേരിൽ സന്നദ്ധ സംഘടന നടത്തുന്ന വീണ, സുസ്ഥിരത ഉറപ്പാക്കിക്കൊണ്ട് പൂർണമായും പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന തരത്തിലാണ് തന്റെ വീട് നിർമ്മിച്ചിരിക്കുന്നത്.  

2003-ലാണ് 1500 ചതുരശ്രഅടി വിസ്തീർണമുള്ള മൺവീട് നിർമ്മിച്ചത്. നിർമ്മാണത്തിനായി പറമ്പിൽ നിന്നും ശേഖരിച്ച മണ്ണുകൊണ്ട്  ഉണ്ടാക്കിയെടുത്ത മൺകട്ടകളാണ് ഉപയോഗിച്ചിരിക്കുന്നത്. ഇവ തേച്ചുറപ്പിച്ചിരിക്കുന്നതും മണ്ണുകൊണ്ട് തന്നെ. എല്ലാ കാലാവസ്ഥയിലും വീടിനുള്ളിൽ തണുപ്പ് നിലനിർത്താൻ ഈ വിദ്യ സഹായിക്കുന്നുണ്ട്. രണ്ട് കിടപ്പുമുറികൾ, സ്വീകരണമുറി അടുക്കള എന്നിവയാണ് വീട്ടിലുള്ളത്. 

Sustainable-home-faridabad-inside

വീടിനു പുറത്തായി നിർമ്മിച്ചിരിക്കുന്ന ഡ്രൈ ടോയ്‌ലറ്റും വീടിനുള്ളിലെ കുളിമുറിയുമാണ് ഇവിടുത്തെ എടുത്തു പറയേണ്ട പ്രത്യേകതകൾ. ഫ്ലഷ് ആവശ്യമില്ലാത്ത തരത്തിലാണ് ഡ്രൈ ടോയ്‌ലറ്റ് നിർമ്മിച്ചിരിക്കുന്നത്. പ്രത്യേക ഡ്രമ്മിൽ ശേഖരിക്കപ്പെടുന്ന മാലിന്യങ്ങൾ ചാണകം അടക്കമുള്ള ഘടകങ്ങൾ കൂടി ഉൾപ്പെടുത്തി ആറ് മാസം കൊണ്ട് കമ്പോസ്റ്റ് രൂപത്തിൽ ആക്കിയെടുക്കുന്നു. ഇത് കൃഷിയിടങ്ങളിലേക്ക് ഉപയോഗിക്കുകയാണ് ചെയ്യുന്നത്. ഡ്രൈ ടോയ്‌ലറ്റ് വൃത്തിയാക്കുന്നതിനു വേണ്ടി മാത്രമാണ് വെള്ളം ഉപയോഗിക്കുന്നത്. 

വീടിനുള്ളിലെ ബാത്റൂം തുറന്ന മാതൃകയിലാണ് നിർമ്മിച്ചിരിക്കുന്നത്. കുളിക്കാൻ ഉപയോഗിക്കുന്ന ജലം പാഴായി പോകാതിരിക്കുതിനുവേണ്ടി  ബാത്റൂമിന്റെ ഒരുഭാഗത്ത് ഒരു വാഴയും ചില ചെടികളും നട്ടുപിടിപ്പിച്ചിട്ടുണ്ട്. വാഴയുടെ വേരുകൾക്ക് ജലം ശുദ്ധീകരിക്കാൻ പ്രത്യേക കഴിവുണ്ടെന്നത് പരിഗണിച്ചാണ് ബാത്റൂമിൽ വാഴ നടാൻ തീരുമാനിച്ചത്.  കുളിമുറിയിലെ ചെടികൾക്ക് ദോഷം വരുന്നില്ല എന്ന് ഉറപ്പാക്കാൻ വീട്ടിൽ തന്നെ നിർമ്മിച്ചെടുത്ത ബയോ എൻസൈമുകളാണ് സോപ്പിന് പകരം ഉപയോഗിക്കുന്നത്. 

വീണയുടെ മൺവീടും കർമ്മ മാർഗ്ഗിന്റെ ഓഫീസും പൂർണമായും സൗരോർജത്തിലാണ് പ്രവർത്തിക്കുന്നത്. അതിനാൽ വൈദ്യുതി ഉപയോഗവും നന്നേ കുറവാണ്. ജീവിതം എപ്പോഴും ഏറ്റവും ലളിതമായിരിക്കണം എന്ന് ചിന്തിക്കുന്ന വീണ,നല്ലൊരു പച്ചക്കറിത്തോട്ടവും വളർത്തുന്നുണ്ട്.

വിവരങ്ങൾക്ക് കടപ്പാട്- ബെറ്റർ ഇന്ത്യ 

English Summary- Green House Model; Sustainable Home

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com