ADVERTISEMENT

പ്രേക്ഷകരുടെ ഹൃദയം നിറച്ച് മുന്നേറുകയാണ് ഹോം എന്ന സിനിമ. വീടും കുടുംബബന്ധങ്ങളും കേന്ദ്രകഥാപാത്രമായ ചിത്രത്തിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ടതും സുന്ദരമായ ആ വീടാണ്. എറണാകുളം പച്ചാളത്താണ് ഈ വീടുള്ളത്‌. ഇത് വീടിനെക്കുറിച്ച് നല്ല അറിവും അഭിരുചിയുമുള്ള ഒരാളുടെ വീടായിരിക്കും എന്ന നിഗമനം തെറ്റിയില്ല. ഡിസൈനറായ ഹെർബി ഫെർണാണ്ടസ് സ്വയം രൂപകൽപന ചെയ്ത വീടാണിത്. അദ്ദേഹം വീട്ടുവിശേഷങ്ങൾ പങ്കുവയ്ക്കുന്നു.

ഹോം സിനിമയുടെ ഛായാഗ്രഹണം ചെയ്ത നീൽ എന്റെ അയൽക്കാരനാണ്. എന്റെ മറ്റൊരു സുഹൃത്ത് കോളിൻ വഴി നീൽ ഇവിടെ ഒരു ആഡ് ഷൂട്ട് ചെയ്തിരുന്നു. അങ്ങനെ വീട് ഇഷ്ടമായാണ് ഹോമിലേക്ക് വീടിന് എൻട്രി കിട്ടുന്നത്. ഒത്തുചേരാനും സംസാരിച്ചിരിക്കാനും ഇഷ്ടമുള്ള ഞങ്ങൾ വീട്ടിൽ ധാരാളം കോമൺ സ്‌പേസുകൾ ഒരുക്കിയിരുന്നു. ഭൂരിഭാഗവും വീടിനുള്ളിൽ ചിത്രീകരിച്ച ഹോം സിനിമയ്ക്കായി വീട് തിരഞ്ഞെടുത്തതിനും കാരണം ഇതാകാം. 

home-house-view

ഇവിടെയുണ്ടായിരുന്ന പഴയ തറവാട് പൊളിച്ചാണ് പുതിയ വീട് പണിതത്. തടിയും ഫർണിച്ചറും അടക്കം പരമാവധി സാമഗ്രികൾ പുനരുപയോഗിച്ചിട്ടുണ്ട്. പൂർണമായും പ്രകൃതിസൗഹൃദമായ ഒരു പ്രീഫാബ് വീടായിരുന്നു എന്റെ മനസ്സിൽ. പക്ഷേ ഹോം ലോൺ എടുത്താണ് ഞാനും ഈ വീട് വച്ചത്. അതിനാൽ അവരുടെ നിർദേശപ്രകാരം ചില വിട്ടുവീഴ്ചകൾ ചെയ്യേണ്ടി വന്നു.  മൊത്തം 11.5 സെന്റാണുള്ളത്. അതിൽ 7 സെന്റിലാണ് വീടിരിക്കുന്നത്. മുൻവശത്തെ ഉയരമുള്ള എലിവേഷൻ മുഴുവനും സ്റ്റീൽ സ്‌ട്രക്‌ചറിൽ നിർമിച്ചതാണ്. അതിനു മുകളിൽ ബ്രിക്ക് കവറിങ് ചെയ്തു.

home-house-living

ലിവിങ്, ഡൈനിങ്, കിച്ചൻ, മൂന്നു കിടപ്പുമുറികൾ എന്നിവ താഴത്തെ നിലയിലുണ്ട്. മുകളിലും മൂന്നു കിടപ്പുമുറികൾ, ഹാൾ, കിച്ചൻ  എന്നിവയുണ്ട്. ഇതുകൂടാതെയാണ്  A ഫ്രെയിം ക്യാബിനുള്ളത്.  മൊത്തം 3600 ചതുരശ്രയടിയാണ് വിസ്തീർണം. എന്റെയും മക്കളുടെയും ധാരാളം സുഹൃത്തുക്കൾ വീട്ടിൽ വരാറുണ്ട്. അവർക്ക് താമസിക്കാനും ഒത്തുകൂടാനുമൊക്കെയാണ് ടെറസിൽ ജിഐ കൊണ്ട് A ഫ്രെയിം ക്യാബിൻ നിർമിച്ചത്. ഇതാണ് സിനിമയിലെ മക്കളുടെ കിടപ്പുമുറി.

വീട്ടിൽ നിന്നും വരുമാനം കൂടി കിട്ടുന്നവിധമാണ് രൂപകൽപന. മുകൾനില വാടകയ്ക്ക് കൊടുത്തിരിക്കുകയാണ്. എനിക്ക് രണ്ടാൺമക്കളാണ്. ഭാവിയിൽ അവർ ഇരുകുടുംബമാകുമ്പോൾ ഒരാൾക്ക് മുകൾനില ഉപയോഗിക്കാം എന്ന ഗുണവുമുണ്ട്. ഇതിനായി സെപ്പറേറ്റ് എൻട്രിയുണ്ട്. ഇതാണ് സിനിമയിൽ നിങ്ങൾ കാണുന്ന ഇടനാഴി.  സിനിമയിൽ കാണുന്ന പച്ചക്കറിത്തോട്ടവും ചെടികളും മാത്രമാണ് സെറ്റിട്ടത്. ബാക്കിയെല്ലാം ഇവിടെയുള്ളതാണ്.

home-house-hall

കഴിഞ്ഞ വർഷം സെപ്റ്റംബറിലായിരുന്നു ഷൂട്ട്. 22 ദിവസം കൊണ്ട് ഷൂട്ട് പൂർത്തിയാക്കി. ഷൂട്ടിങ് നടക്കുമ്പോൾ ഞങ്ങൾ വീട്ടിലെ ഒരു മുറിയിലായിരുന്നു താമസം. അവിടെ നിന്ന് ക്യാമറക്കണ്ണിൽ പെടാതെ പുറത്തിറങ്ങുകയും ചെയ്യാം.  ഇപ്പോൾ നിരവധി ആളുകൾ വീട് കാണാനും ഷൂട്ട് ചെയ്യാനും എത്താറുണ്ട്. ഹോം പോലെ മനോഹരമായ ഒരു സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞങ്ങൾക്കും സന്തോഷം.

herby

Project facts

Location- Pachalam

Plot- 11.5 cent

Area- 3600 Sq.ft

Owner & Designer- Herby Fernandez

Mob- 9846056881

email- hedassociate@rediffmail.com

English Summary- Home Malayalam Film Shooting Location

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com