കണ്ണുനിറയാതെ വായിക്കാനാകില്ല! ഇതാണ് സോഷ്യൽമീഡിയയിൽ വൈറലായ ആ വീടിന്റെ കഥ

HIGHLIGHTS
  • ഒരു സിനിമാക്കഥ പോലെ തോന്നും ഓലപ്പുരയിൽ നിന്നും ഈ വീട്ടിലേക്കുള്ള മഞ്ജുക്കുട്ടന്റെ ജീവിതയാത്ര...
SHARE

രണ്ടുദിവസമായി സോഷ്യൽമീഡിയയിൽ നിറഞ്ഞോടുകയാണ് ഒരു വീട്. വെറും 2.25 സെന്റിൽ തലയുയർത്തി നിൽക്കുന്ന ഒരു വെറൈറ്റി വീട്. കരുനാഗപ്പള്ളി സ്വദേശി മഞ്ജുക്കുട്ടന്റെ വീടാണിത്. ഈ വീടിനുപിന്നിൽ ദീർഘനാളത്തെ കഷ്ടപ്പാടിന്റെയും കണ്ണീരിന്റെയും കഥയുണ്ട്. മഞ്ജുക്കുട്ടൻ ആ കഥ ആദ്യമായി പങ്കുവയ്ക്കുന്നു.

പിറക്കും മുൻപേ ദുരിതങ്ങൾ..

അമ്മയ്ക്ക് ഞങ്ങൾ മൂന്നു മക്കളാണ്. ചേച്ചി, ചേട്ടൻ, ഞാൻ. അമ്മ എന്നെ ഗർഭിണി ആയിരിക്കുമ്പോൾ അച്ഛൻ ഞങ്ങളെ ഉപേക്ഷിച്ചു. വീട്ടുകാരെ എതിർത്തുകൊണ്ടുള്ള പ്രണയവിവാഹം ആയിരുന്നതുകൊണ്ട് അമ്മയ്ക്ക് തിരിച്ചു സ്വന്തം വീട്ടിലേക്കും പോകാൻ കഴിഞ്ഞില്ല. പറക്കമുറ്റാത്ത രണ്ടു മക്കളെയും വയറ്റിൽ എന്നെയും ചുമന്നുകൊണ്ട് അമ്മ തേവലക്കരയിൽ നിന്ന് കരുനാഗപ്പള്ളിയിലേക്ക് വണ്ടികയറി. അവിടെ വലിയ ഭൂസ്വത്തുള്ള ഒരു കുടുംബം ദയതോന്നി പറമ്പിൽ കൂരകെട്ടി കഴിയാനിടം തന്നു. അമ്മ പരിസരത്തുള്ള വീടുകളിൽ അടുക്കളപ്പണിക്ക് പോയാണ് ഞങ്ങളെ വളർത്തിയത്. പിന്നീട് അവിടെ നിന്നും മറ്റൊരു 2.25 സെന്റ് വസ്തു ഞങ്ങൾക്ക് ഇഷ്ടദാനമായി ലഭിച്ചു. അവിടെ തെങ്ങിന്റെ മൂട്ടിൽ ഓല വെച്ച് ചരിച്ചുണ്ടാക്കിയ കൂര ഞങ്ങൾ കെട്ടി. അതിനെ വീട് എന്നുവിളിച്ചു. 

കഴിഞ്ഞ മഴക്കാലം...

manjukuttan-mother

വർഷങ്ങൾ കഴിഞ്ഞു. ഞങ്ങൾ വലുതായി. മൂത്ത ചേച്ചിയെ അമ്മ കഷ്ടപ്പെട്ട് വിവാഹം കഴിച്ചയച്ചു. ഞാൻ ജനസേവകനായി. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വരെയായി. മറ്റുള്ളവർക്ക് വേണ്ടി ഓടുമ്പോൾ സ്വന്തം കഷ്ടപ്പാടുകൾ മനഃപൂർവം മറന്നു. കഴിഞ്ഞ മഴക്കാലമാണ് എല്ലാത്തിനും തുടക്കം. പുറത്ത് പെയ്യുന്ന മഴ അതേപോലെ വീടിനകത്തും പെയ്യുന്ന അവസ്ഥ. ഉറങ്ങാൻ കഴിയാതെ നിരവധി പാത്രങ്ങൾ നിരത്തി വച്ച് വീടിനകം നനയാതെ ഞങ്ങൾ നേരം വെളുപ്പിച്ചു. "മറ്റുള്ളവരൊക്കെ ഇപ്പോൾ സുഖമായി ഉറങ്ങുകയാണല്ലോ" എന്നോർക്കുമ്പോൾ കണ്ണിൽ നിന്ന് അറിയാതെ വെള്ളം വരുമായിരുന്നു. പിന്നെ എന്നേക്കാൾ ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ ഓർത്ത് സമാധാനിക്കും. അങ്ങനെയാണ് മഴയും വെയിലും കൊള്ളാതെ കേറിക്കിടക്കാൻ ഒരു വീട് വേണം എന്നത് വാശിയാകുന്നത്.

ഓട്ടക്കീശയിൽ പണിതുടങ്ങുന്നു...

കയ്യിൽ നയാപൈസയില്ല. അടുത്ത സുഹൃത്തിനോട് കാര്യം പറഞ്ഞപ്പോൾ അവൻ അൻപതിനായിരം രൂപ തന്നു. ഞാൻ സുഹൃത്തായ അഖിലിനെ കൊണ്ട് പ്ലാൻ വരപ്പിച്ചു. സ്ഥലപരിമിതിയാണ് ആദ്യം വില്ലനായത്. V ആകൃതിയിലുള്ള വെറും 2.25 സെന്റ് പ്ലോട്ടാണ്. പിന്നിലേക്ക് വീതി കുറവ്. രണ്ടാൾക്ക് തികച്ച് നിൽക്കാൻ കഴിയില്ല. ഞാനും കോൺട്രാക്ടറും കൂടെയിരുന്ന് വേണ്ട മാറ്റങ്ങൾ വരുത്തി. അങ്ങനെയാണ് വീടുപണി തുടങ്ങുന്നത്. പഞ്ചായത്തിൽ അപേക്ഷ കൊടുത്ത് ലൈഫ് പദ്ധതിയിൽ നാലു ലക്ഷം രൂപയും ലഭിച്ചു. സുഹൃത്തായ ഷഫീക്കാണ് നയാപൈസ കൂലി മേടിക്കാതെ വീട് പണിതുതന്നത്. ഞങ്ങളുടെ നാട്ടിൽ വീടുപണി കഴിഞ്ഞു വാസ്തുബലി (ഗൃഹപ്രവേശം) ചടങ്ങുകൾ കഴിഞ്ഞു പണം കൊടുത്താൽ മതി. അത് ഉപകാരമായി. അങ്ങനെ കൊറോണക്കാലത്ത് എട്ടുമാസം കൊണ്ട് വീട് പൂർത്തിയായി.

താരമായി വീട്...

പരമാവധി സ്ഥലം ലഭ്യമാക്കാൻ ഒരു ബോക്സിന്റെ ആകൃതിയിലാണ് വീട് രൂപകൽപന ചെയ്തത്. പുറംഭിത്തിയിൽ ബ്രിക്ക് ക്ലാഡിങ് പതിച്ചു ഭംഗിയാക്കി. മൊത്തം 700 ചതുരശ്രയടിയാണ് വിസ്തീർണം. ലിവിങ്, ഡൈനിങ് ഹാൾ, കിച്ചൻ, വർക്കേരിയ, മൂന്നു കിടപ്പുമുറികൾ, ബാൽക്കണി എന്നിവയുണ്ട്. അകത്തളം ഞങ്ങളുടെ ആവശ്യങ്ങൾക്ക് മാത്രം വളരെ മിതമായി ഫർണിഷ് ചെയ്തു. വീടുപണിക്കിറങ്ങിയപ്പോഴാണ് സാധനങ്ങളുടെ പൊള്ളുന്ന വില മനസിലായത്. എങ്കിലും പരമാവധി ചെലവ് കുറച്ച് 15 ലക്ഷം രൂപയ്ക്ക് വീട് പൂർത്തിയാക്കാൻ ഞങ്ങൾക്ക് സാധിച്ചു. ഓഗസ്റ്റ് 30, 31 ദിവസങ്ങളിലായിരുന്നു പാലുകാച്ചൽ. ഞാൻ വീടിന്റെ ഫോട്ടോ ഫെയ്‌സ്ബുക്കിൽ ഇട്ടപ്പോൾ തന്നെ ധാരാളം ആളുകൾ മെസേജ് അയച്ചു.  

ചുരുക്കത്തിൽ ആദ്യമായി ഈ വീട്ടിൽ താമസിച്ചപ്പോൾ കണ്ണുനിറഞ്ഞുപോയി. തെങ്ങിന്റെ മൂട്ടിൽ ഓല വെച്ച് ചരിച്ചുണ്ടാക്കിയ ആ ചരിപ്പിൽ നിന്നും തുടങ്ങി ഇന്ന് ഈ വീട്ടിലേക്ക് ഞങ്ങൾ കയറുമ്പോൾ  വീടില്ലാത്ത ഒരുപാട് കുടുംബങ്ങൾക്ക് കയറി കിടക്കാൻ  ആശ്രയം കിട്ടട്ടെ എന്ന് ആശിക്കുന്നു. പിന്തുണച്ച എല്ലാവർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി.

Project facts

Location- Karunagappally

Plot- 2.25 cent

Area- 700 Sq.ft

Owner- Manjukuttan

Design- Akhil

Contractor- Shafeeq

Y.C- Aug 31, 2021

English Summary- House Went Viral in Social Media; Emotional Lifestory; Veedu Exclusive Manoramaveedu

ബാല്യം മുതൽ ഇന്നുവരെ നിങ്ങളുടെ ജീവിതത്തിലൂടെ കടന്നുപോയ വീടുകളെക്കുറിച്ച് ഗൃഹാതുരമായ ഓർമകളുണ്ടോ? ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.യോഗ്യമായവ പ്രസിദ്ധീകരിക്കും.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SPOT LIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA