ADVERTISEMENT

മഹാരാഷ്ട്രയിലെ അലിബാഗിൽ 22 കോടിയുടെ ആഡംബരബംഗ്ലാവ്  സ്വന്തമാക്കിയിരിക്കുകയാണ് ബോളിവുഡ് താരജോഡികളായ ദീപിക പദുക്കോണും രൺവീർ സിംഗും. അലിബാഗിലെ മപ്ഗൗൻ എന്ന ഗ്രാമപ്രദേശത്താണ് താരദമ്പതിമാരുടെ ഉടമസ്ഥതയിലുള്ള രണ്ടാമത്തെ ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത്. ദീപികയ്ക്ക് പങ്കാളിത്തമുള്ള കെ എ എന്റർപ്രൈസസ് എന്ന സ്ഥാപനവും രൺവീർ സിംഗ് ഡയറക്ടറായി പ്രവർത്തിക്കുന്ന ആർ എസ് വേൾഡ് വൈഡ് എന്റർടെയ്ൻമെന്റ് എന്ന സ്ഥാപനവും ചേർന്നാണ് ബംഗ്ലാവ് വാങ്ങിയിരിക്കുന്നത് എന്നാണ് രേഖകൾ. 

അഞ്ച് കിടപ്പുമുറികളുള്ള ബംഗ്ലാവിന് 9000 ചതുരശ്രയടിയാണ് വിസ്തീർണ്ണം. മുംബൈയിലെ പ്രഭാദേവി ഏരിയയിലുള്ള  കെട്ടിടത്തിന്റെ 26 നിലയിലെ ആഡംബര അപ്പാർട്ട്മെന്റിലാണ്  ഇരുവരും ഇപ്പോൾ താമസിക്കുന്നത്. അവധിക്കാല വസതി എന്ന നിലയിലാണ് അലിബാഗിലെ ബംഗ്ലാവ് സ്വന്തമാക്കിയിരിക്കുന്നത് എന്നാണ് വിവരം. 1.32 കോടി രൂപയാണ് സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിൽ അടച്ചിരിക്കുന്നത്. 

മുംബൈ നഗരത്തിന്റെ തെക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന അലിബാഗ് കോട്ടകളും മനോഹരമായ ബീച്ചുകളുംകൊണ്ട് സമ്പന്നമാണ്. അനുഷ്ക ശർമ - വിരാട് കോലി ദമ്പതികൾ, ഷാരൂഖാൻ, രാഹുൽ ഖന്ന എന്നിവരടക്കമുള്ളവർ മുൻപുതന്നെ അലിബാഗിൽ വീടുകൾ വാങ്ങിയിട്ടുണ്ട്. 

രണ്ടാമതൊരു വീട് സ്വന്തമാക്കുന്നതാണ് മുംബൈ റിയൽ എസ്റ്റേറ്റ് മേഖലയിൽ കോവിഡ് വ്യാപനത്തിനു ശേഷമുള്ള പുതിയ ട്രെൻഡ്. നഗരത്തിൽ നിന്നും മാറി ഉൾപ്രദേശങ്ങളിലാണ് പലരും സുഖവാസത്തിനായി അവധിക്കാല വസതികൾ സ്വന്തമാക്കുന്നത്.  ഇതിൽതന്നെ അലിബാഗിൽ വീട് വാങ്ങാനായി താൽപര്യപ്പെടുന്നവരും ഏറെയാണ്. ഈ സാഹചര്യം കണക്കിലെടുത്ത് മുൻനിര ബിൽഡർമാരടക്കം അലിബാഗിൽ പ്ലോട്ടുകൾ വില്പനയ്ക്കായി വച്ചിട്ടുമുണ്ട്.

English Summary- Deepika Ranveer Singh Bought new House

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com