ADVERTISEMENT

മുകേഷ് അംബാനിയും കുടുംബവും ഇന്ത്യ വിടുന്നതായും ഇംഗ്ലണ്ടിലെ ബക്കിങ്ഹാംഷയറിലുള്ള സ്റ്റോക് പാർക്ക് ബംഗ്ലാവിലേക്ക് താമസം മാറാൻ തീരുമാനിച്ചെന്നുമുള്ള തരത്തിലുള്ള വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. എന്നാൽ ഇപ്പോൾ ഈ വാർത്ത അപ്പാടെ തള്ളിക്കളഞ്ഞുകൊണ്ട് റിലയൻസ് ഗ്രൂപ്പ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ഒരു കാരണവശാലും ഇന്ത്യ വിട്ടുപോകാൻ അംബാനി കുടുംബം ഉദ്ദേശിക്കുന്നില്ല  എന്ന വിശദീകരണമാണ് പുറത്തു വന്നിരിക്കുന്നത്. 

ലണ്ടനിൽ എന്നല്ല ലോകത്തിന്റെ മറ്റൊരു ഭാഗത്തേക്കും താമസം മാറ്റാൻ കുടുംബത്തിന് പദ്ധതിയില്ല എന്ന് റിലയൻസ് ഇന്ത്യ ലിമിറ്റഡ് വ്യക്തമാക്കി. പുറത്തുവന്ന വാർത്ത വാസ്തവവിരുദ്ധമാണെന്നും അടിസ്ഥാനരഹിതമാണെന്നും ചൂണ്ടിക്കാണിച്ചുകൊണ്ട് കമ്പനി പ്രസ്താവനയും പുറത്തിറക്കിയിട്ടുണ്ട്. സ്റ്റോക് പാർക്ക് ബംഗ്ലാവിലേക്ക്  താമസം മാറുന്നതിനായി മുംബൈയിലെ വസതിയായ അന്റീലിയയിലേതിനു സമാനമായ സൗകര്യങ്ങളെല്ലാം അവിടെ ഒരുക്കിക്കഴിഞ്ഞതായി ആയിരുന്നു വാർത്തകൾ. ഇത് സമൂഹമാധ്യമങ്ങളിൽ വലിയ പ്രചാരം നേടിയ സാഹചര്യത്തിലാണ് റിലയൻസ് ഗ്രൂപ്പിന്റെ വിശദീകരണം. 

അതേസമയം റിലയൻസ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിൽ തന്നെയുള്ള റിലയൻസ് ഇൻഡസ്ട്രിയൽ ഇൻവെസ്റ്റ്മെന്റ്സ് ആൻഡ് ഹോൾഡിങ്സ് ലിമിറ്റഡ് എന്ന കമ്പനി സ്റ്റോക് പാർക്ക് എസ്റ്റേറ്റ് വാങ്ങിയെന്ന വാർത്ത സ്ഥിരീകരിച്ചിട്ടുമുണ്ട്. ഗോൾഫിങ്ങും സ്പോർട്ടിംഗും നടത്താൻ എല്ലാ സൗകര്യങ്ങളുമുള്ള ഒരു റിസോർട്ടായി മാറ്റിയെടുക്കുക എന്ന ഉദ്ദേശത്തോടെയാണ് എസ്റ്റേറ്റ് വാങ്ങിയിരിക്കുന്നത്. നിർമ്മാണ പ്രവർത്തനങ്ങൾ പ്രാദേശിക നിയന്ത്രണങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും പാലിച്ചുകൊണ്ട് മാത്രമേ നടത്തൂ എന്നും  ഗ്രൂപ്പ് അറിയിക്കുന്നു. 

bukinghamshire

300 ഏക്കർ വിസ്തൃതിയുള്ള എസ്റ്റേറ്റിലാണ് നൂറ്റാണ്ടുകളുടെ പഴക്കമുള്ള സ്റ്റോക് പാർക്ക് ബംഗ്ലാവ് സ്ഥിതിചെയ്യുന്നത്. ഒന്നാം എലിസബത്ത് രാജ്ഞിയുടെ കാലത്ത് കുറച്ചുകാലം കൊട്ടാരത്തിന്റെ ഉടമസ്ഥതയിലായിരുന്ന ബംഗ്ലാവ്  പിൽക്കാലത്ത് ഇംഗ്ലണ്ടിന്റെ ആദ്യ ലോർഡ് ചീഫ് ജസ്റ്റിസായ സർ എഡ്വേർഡ് അടക്കം പല പ്രമുഖരും സ്വന്തമാക്കിയിരുന്നു. ബംഗ്ലാവിന്റെ ഇന്നുള്ള പല ഭാഗങ്ങളും 1760 നും 1834 നുമിടയ്ക്ക് നിർമ്മിക്കപ്പെട്ടതാണ്. അക്കാലത്തെ പ്രശസ്ത ആർക്കിടെക്ടായയിരുന്നു ജെയിംസ് വയട്ടാണ് ബംഗ്ലാവിലെ പല സ്മാരകങ്ങൾക്കും രൂപം നൽകിയത്. 

1908 വരെ സ്വകാര്യ ഉടമസ്ഥതയിൽ തുടർന്ന ബംഗ്ലാവ് അതിനു ശേഷം കണ്ട്രി ക്ലബ്ബ് എന്ന നിലയിലാണ് പ്രവർത്തിക്കുന്നത്. ജെയിംസ് ബോണ്ട് ചലച്ചിത്രമായ ഗോൾഡ്ഫിംഗർ അടക്കം നിരവധി ചലച്ചിത്രങ്ങളും ഇവിടെ ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. ക്ലബ്ബായി പ്രവർത്തിക്കാൻ തുടങ്ങി അധികം വൈകുംമുമ്പ് തന്നെ ബംഗ്ലാവിൽ 27 ഗോൾഫ് കോഴ്സുകൾ നിർമിക്കപ്പെട്ടു. ഇതിനുപുറമേ 13 ടെന്നീസ് കോർട്ടുകളുമുണ്ട്. 1600കളുടെ ആദ്യപകുതിയിൽ കുറച്ചുകാലം ബംഗ്ലാവിന്റെ ചില ഭാഗങ്ങൾ ജയിലായും പ്രവർത്തിച്ചിരുന്നു.  മാനോർ ഹൗസ് എന്നറിയപ്പെടുന്ന ഭാഗത്ത് അക്കാലത്ത് ജയിലിലടക്കപ്പെട്ട ചാൾസ് ഒന്നാമൻ രാജാവ് വരച്ചതെന്ന് കരുതപ്പെടുന്ന കോട്ട് ഓഫ് ആംസ് പെയിന്റിങും ഇപ്പോഴും ഇവിടെ സൂക്ഷിക്കുന്നുണ്ട്.

English Summary- Mukesh Ambani Relocating News Fake; Says Reliance

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com