ADVERTISEMENT

പൊതുവെ സിനിമയിൽ നായകന്റെ പ്രണയം  ആഘോഷിക്കപ്പെടുമ്പോൾ മിന്നൽമുരളിയിൽ ശ്രദ്ധിക്കപ്പെട്ടത് വില്ലന്റെ പ്രണയമാണ്. അതിലെ വില്ലന്റെ പ്രണയിനിയായി ശ്രദ്ധനേടിയ നടി, മലയാളത്തിലെ മിനിസ്ക്രീൻ കുടുംബസദസ്സുകൾക്ക് പരിചിതയാണ്. ദേശീയ പുരസ്‌കാരം നേടിയ ‘തങ്ക മീൻകൾ’ ഉൾപ്പെടെയുള്ള ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും സിനിമാപ്രേക്ഷകർ തിരിച്ചറിയുന്നത് ഇപ്പോഴാണ്. ഷെല്ലി നെബുകുമാർ തന്റെ വീട്ടുവിശേഷങ്ങൾ പങ്കുവയ്ക്കുന്നു.

 

shelly-n-kumar-actress-21

വീട്, കുടുംബം, ജീവിതം...

നാട് തിരുവനന്തപുരം ചിറയിൻകീഴാണ് എങ്കിലും ഞാൻ പഠിച്ചതും വളർന്നതുമെല്ലാം ദുബായിലാണ്. സിവിൽ എൻജിനീയറായ അച്ഛന് അവിടെയായിരുന്നു ജോലി. പിന്നെ അമ്മയും സഹോദരനും. ഇതായിരുന്നു കുടുംബം.ദുബായിൽ സർക്കാരിന്റെ പൊതുമരാമത്ത് വിഭാഗത്തിലായിരുന്നു അച്ഛൻ ജോലി ചെയ്തിരുന്നത്. ദുബായ് എയർപോർട്ടിന്റെ റൺവേ ഒക്കെ നിർമിച്ച സംഘത്തിൽ അച്ഛനുമുണ്ടായിരുന്നു. 

ഉദ്യോഗസ്ഥർക്കായുള്ള ഒരു ഹൗസിങ് കോളനിയിലെ വില്ലയിലായിരുന്നു ഞങ്ങൾ താമസിച്ചിരുന്നത്. അവിടെയുള്ള ഇത്തിരി സ്ഥലത്ത് ഞങ്ങൾ വാഴയും ചീരയും മുരിങ്ങയുമൊക്കെ നട്ടുപിടിപ്പിച്ചിരുന്നു. ഇങ്ങനെ ചെറുപ്പത്തിലേ പ്രവാസിയായതുകൊണ്ട് നാട്ടിലേക്കുള്ള ഓരോ വരവും നിറമുള്ള ഓർമകൾ നിറഞ്ഞതായിരുന്നു. അച്ഛൻ അന്നത്തെ കാലത്തെ വലിയ ഒരു കോൺക്രീറ്റ് വീടാണ് നാട്ടിൽ നിർമിച്ചത്. ചുറ്റും ധാരാളം തൊടിയും സ്ഥലവുമുണ്ട്. നാട്ടിലെത്തി കസിൻസിനൊപ്പം സൈക്കിൾ ചവിട്ടലും അയൽവീട്ടിലെ അച്ചാർ കുപ്പി അടിച്ചുമാറ്റുന്നതടക്കമുള്ള വികൃതികളും നിറഞ്ഞതായിരുന്നു ഓരോ അവധിക്കാലവും.

shelly-nabu-kumar-house

സ്കൂളിൽ പഠിക്കുമ്പോൾ നൃത്തം, നാടകം, സ്പോർട്സ് എന്നിവയിലെല്ലാം സജീവമായിരുന്നു. പഠനം കഴിഞ്ഞു ദുബായിൽ ജോലി ചെയ്യുന്ന സമയത്താണ് ആദ്യമായി ഒരു സിനിമയിൽ അഭിനയിക്കുന്നത്.  മനോരമ പത്രത്തിൽ പരസ്യം  കണ്ട്  എന്റെ കൂട്ടുകാരി അയച്ചു തന്നതാണ്.  പക്ഷേ ആ സിനിമ റിലീസ് ആയില്ല. ഇതിനിടയ്ക്ക് ചേട്ടന് പഠനസമയത്ത് ഹോസ്റ്റലിൽ നിൽക്കാൻ ബുദ്ധിമുട്ടായി. പുള്ളി വീടിന്റെ അന്തരീക്ഷത്തിൽ വളർന്നതുകൊണ്ട് അഡ്ജസ്റ്റ് ചെയ്യാൻ വിഷമമായി. അങ്ങനെ ഞങ്ങൾ ചിറയിൻകീഴുള്ള വീടും സ്ഥലവും വിറ്റ് ചേട്ടന്റെ പഠനസൗകര്യാർഥം തൈക്കാടേക്ക് മാറി. അവിടെ വീട് മേടിച്ച് താമസമായി. അവിടെയാണ് ഞാനും എന്റെ മകനും അമ്മയും ഇപ്പോൾ താമസിക്കുന്നത്.

 

ഞാൻ 'സർവകലാശാല'യിലെ ലാലേട്ടനെ പോലെ...

പഠിക്കുന്ന കാലംതൊട്ടേ, സാമ്പത്തികമായി സ്വന്തം കാലിൽ നിൽക്കാൻ ഞാൻ പര്യാപ്തയായിരുന്നു. അഭിനയമായിരുന്നു എന്റെ സൈഡ് വരുമാനം. കുറച്ചുകാലം ജോലി ചെയ്ത് വരുമാനം ഉണ്ടാക്കി അതുപയോഗിച്ച് പുതിയതെന്തെങ്കിലും പഠിക്കുക എന്നതാണ് രീതി. മഴവിൽ മനോരമയ്ക്ക് വേണ്ടി ‘സ്ത്രീപദം' എന്ന സീരിയൽ ചെയ്തുകഴിഞ്ഞപ്പോഴാണ് കോവിഡ് പ്രതിസന്ധി മൂലം ഇൻഡസ്ട്രി നിശ്ചലമായത്. ആ സമയത്ത് ഞാൻ കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസം മാസ്റ്റേഴ്സ് കോഴ്സ് പഠിക്കാൻ ചേർന്നു. എനിക്കന്ന് 36 വയസ്സ്. കൂടെ പഠിക്കുന്ന പിള്ളേർക്ക് 22-23 വയസ്സ് കാണും. പക്ഷേ അവരോടൊപ്പം ചെലവഴിച്ച രണ്ടുവർഷം ഞാൻ മനസ്സുകൊണ്ട് അവരെക്കാൾ ചെറുപ്പമായി. ഇപ്പോൾ ഒരു  ഐടി കമ്പനിയിൽ കണ്ടന്റ് റൈറ്റർ ആണ്. അതിനിടയ്ക്കാണ് മിന്നൽ മുരളിയിൽ അവസരം വന്നതും അഭിനയിച്ചതും.

shelly-n-kumar-actress-2112

 

ഭാവിപരിപാടികൾ...

എന്റെ ജീവിതത്തിൽ കൂടുതലും ആകസ്മികമായി സംഭവിച്ച കാര്യങ്ങളാണ്. അതുകൊണ്ട് അങ്ങനെ അളന്നുമുറിച്ച് പ്ലാൻ ചെയ്യാറൊന്നുമില്ല. മിന്നൽ മുരളിക്ക് ശേഷം പലരും കഥ പറയാൻ വിളിക്കുന്നുണ്ട്. പുതിയ പ്രോജക്ട് ഒന്നും കൺഫേം ചെയ്തിട്ടില്ല.  വെറുതെ മുഖം കാണിച്ചുപോകുന്ന കഥാപാത്രങ്ങൾ ചെയ്യാൻ താൽപര്യമില്ല. മിന്നൽ മുരളിയിലെ പോലെ ആളുകൾ ഓർത്തിരിക്കുന്ന കഥാപാത്രങ്ങൾ ഇനിയും ചെയ്യണം എന്നാഗ്രഹമുണ്ട് .ജോലി, അഭിനയം, പഠനം, കുടുംബം..ഇവയെല്ലാം ബാലൻസ് ചെയ്തു കൊണ്ടുപോകണം എന്നാണ് ആഗ്രഹം. 

മകൻ യുവൻ രണ്ടാം ക്‌ളാസിൽ പഠിക്കുന്നു. അവനാണ് എന്റെ ലോകം. സ്വന്തം സമ്പാദ്യം കൊണ്ട് ഒരു കുഞ്ഞുവീട് വയ്ക്കണം എന്നൊരു സ്വപ്നം ഇനിയുണ്ട്. എനിക്കും മകനും മാത്രമായി ഒരു കൊച്ചുലോകം. എല്ലാം ഒത്തുവന്നാൽ ആ സ്വപ്നം ഞാൻ സഫലമാക്കും.

English Summary- Shelly Nabu Kumar about House Family; Celebrity Home

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com