ADVERTISEMENT

കേരളത്തിലെ അറിയപ്പെടുന്ന ട്രാൻസ്ജെൻഡര്‍ ആക്ടിവിസ്റ്റും സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റുമാണ് രഞ്ജു രഞ്ജിമാര്‍. 20 വര്‍ഷത്തോളമായി മേക്കപ്പ് ആര്‍ട്ടിസ്റ്റായി സിനിമാലോകത്ത് പ്രവര്‍ത്തിക്കുന്നു. അവഗണനകളെ ആത്മവിശ്വാസം കൊണ്ട് മറികടന്നു ജീവിതവിജയം നേടിയ കഥയാണ് രഞ്ജുവിന് പറയാനുള്ളത്. അവർ വീട്ടുവിശേഷങ്ങൾ പങ്കുവയ്ക്കുന്നു.

ദുരിതങ്ങൾ നിറഞ്ഞ വീടോർമ്മകൾ...

renju-renjimar

കൊല്ലം ജില്ലയിലെ പേരൂരാണ് എന്റെ സ്വദേശം. ഒരു ഓലപ്പുരയായിരുന്നു ഞാൻ ജനിച്ചു വളർന്ന വീട്. അച്ഛൻ, അമ്മ, ചേച്ചി, ചേട്ടൻ. ഇതായിരുന്നു കുടുംബം. അച്ഛന് കൂലിപ്പണിയായിരുന്നു. അമ്മ കശുവണ്ടി ഫാക്ടറിയിലെ തൊഴിലാളിയും. പാടത്തിന്റെ വരമ്പിലായിരുന്നു ഞങ്ങളുടെ കൊച്ചുവീട്. അതിനാൽ ഓരോ മഴക്കാലവും ഞങ്ങൾക്ക് പേടിപ്പെടുത്തുന്ന ഓർമകളാണ് സമ്മാനിച്ചത്. ഒന്ന് മേൽക്കൂര ചോർന്ന് വീടിനുള്ളിൽ വെള്ളം കയറും. ഞങ്ങൾ പാത്രങ്ങൾ അടുക്കിവച്ച് രാത്രിയിൽ ഉറങ്ങാതെ ചെലവഴിക്കും. രണ്ടാമത്, മഴ ശക്തിപ്പെട്ടാൽ പാടത്തെ വെള്ളം വീട്ടിൽ കയറും.

മിക്ക മഴക്കാലത്തും ഞങ്ങൾ അഭയാർഥികളായി സമീപത്തെ സ്‌കൂളിലെ ദുരിതാശ്വാസ ക്യാംപിലായിരിക്കും. മനസ്സിൽ വലിയ വേദനയോടെയാണ് ഓരോ മഴക്കാലവും വീട്ടിൽ നിന്നും ക്യാംപിലേക്ക് ഇറങ്ങുക. ഇനി എന്നാണ് ഞങ്ങൾക്ക് ചോരാത്ത, വെള്ളം കയറാത്ത, അടച്ചുറപ്പുള്ള ഒരു വീട് ലഭിക്കുക എന്ന് ഞാൻ വേദനയോടെ ആലോചിച്ചു.

കൊച്ചിയിലേക്ക്...

renju-3

കുറച്ചു വർഷങ്ങൾക്ക് ശേഷം ഞാൻ കൊച്ചിയിലേക്ക് പുതിയ ജീവിതപ്രതീക്ഷകളുമായി ചേക്കേറി. ഒരുപാട് അവഗണനകളും പരിഹാസങ്ങളും  പ്രതിസന്ധികളും കഷ്ടപ്പാടുകളും അനുഭവിച്ചു. ഒരു ചെറിയ വാടകവീട്ടിലാണ് താമസം. ജോലി ചെയ്തു കിട്ടുന്ന ഓരോ രൂപയും ഞാൻ സ്വരുക്കൂട്ടി വച്ചു. വർഷങ്ങൾ കഴിഞ്ഞു. എന്റെ സമ്പാദ്യം കൊണ്ട് ഞാൻ ചേച്ചിയെ വിവാഹം ചെയ്തയച്ചു. വീട്ടിലെ ദാരിദ്ര്യത്തിന്റെ പശ്ചാത്തലം മാറ്റാൻ എന്നെക്കൊണ്ട് സാധിച്ചു. 

 

മധുരപ്രതികരമായി വീടുവാങ്ങൽ...

കുറച്ചു വർഷങ്ങൾ കടന്നുപോയി.  അപ്പോഴാണ് കൊല്ലത്തെ എന്റെ കുടുംബവീടിനു സമീപമുള്ള വീടും സ്ഥലവും  വിൽക്കാനുണ്ട് എന്ന് കേൾക്കുന്നത്. അങ്ങനെ കയ്യിലെ അവസാന സമ്പാദ്യവും ചെലവഴിച്ചാണ് ഞാൻ ആ വീട് വാങ്ങുന്നത്. വെറുതെ പറയുന്നതല്ല, അന്ന് സ്വരുക്കൂട്ടിയ പൈസയിൽ എന്റെ വീട്ടിലുണ്ടായിരുന്ന ഒരു രൂപ പോലും ഉണ്ടായിരുന്നു!  ആ വീട് വാങ്ങിയതിനുപിന്നിൽ എനിക്ക് പണ്ടുണ്ടായ ഒരു മോശം അനുഭവത്തിന്റെ പ്രതികാരവാഞ്ഛയുമുണ്ട്. അങ്ങനെ മധുരപ്രതികാരം പോലെ വാങ്ങിയ ആ വീട് ഞാൻ പിന്നീട് നവീകരിച്ചു. 2000 ചതുരശ്രയടിയുള്ള അത്യാവശ്യം ഭൗതിക സാഹചര്യങ്ങളുള്ള ഒരു വീടാക്കിമാറ്റി. അങ്ങനെ  പഴയ ഓലപ്പുരയിൽനിന്നും  ചോർച്ചയെയും വെള്ളപ്പൊക്കത്തെയും പേടിക്കാതെ അടച്ചുറപ്പുള്ള ഒരു വീട് എനിക്കും കുടുംബത്തിനും സഫലമായി. 

renju-renjimar-house-inside

 

renju-renjimar-home-inside

കൊച്ചിയിലെ ആഡംബര വാടകവീട്...

കൊച്ചി വിമാനത്താവളത്തിന് സമീപം കവരപ്പറമ്പിലുള്ള 9000 ചതുരശ്രയടിയുള്ള വിശാലമായ വാടകവീട്ടിലാണ് ഞാൻ ഇപ്പോൾ താമസിക്കുന്നത്. അഞ്ചു കിടപ്പുമുറികൾ, രണ്ടു മൂന്ന് സ്വീകരണമുറികൾ, വിശാലമായ ഹാൾ, കിച്ചൻ, ഏഴെട്ട് കാറുകൾ പാർക്ക് ചെയ്യാൻ പാകത്തിൽ സ്‌പേസ്...ഇതെല്ലാമുണ്ട്‌ ഈ വാടകവീട്ടിൽ. 

 

ആ സ്വപ്നം താമസിയാതെ സഫലമാകും...

ഇത്രയും വലിയ ഒരു വീട് വാടകയ്ക്ക് എടുക്കാൻ ഒരു കാരണമുണ്ട്. ഞാൻ ഇപ്പോൾ മറ്റൊരു സ്വപ്നത്തിന്റെ പണിപ്പുരയിലാണ്. ഞാൻ പണികഴിപ്പിക്കുന്ന എന്റെ സ്വന്തം വീടിന്റെ...  ജീവിതത്തിൽ ഒരുപാട് ദുരിതങ്ങളിലൂടെ കടന്നുപോയതുകൊണ്ട് എന്റെ പുതിയ വീടിനെക്കുറിച്ച് എനിക്ക് ചില സങ്കൽപങ്ങളുണ്ട്. 10000 ചതുരശ്രയടിയുള്ള ഒരു വീടായിരിക്കുമത്. സ്വന്തമായി വീട് പണിയുന്നതിന് മുന്നോടിയായി അത്തരം ഒരു വീട്ടിൽ താമസിക്കുന്നതിന്റെ അനുഭവം മനസ്സിലാക്കാനാണ് ഞാൻ വലിയ വീട് വാടകയ്ക്ക് എടുത്തത്. താമസിയാതെ എന്റെ സ്വപ്നഭവനം ഞാൻ സഫലമാക്കും.

English Summary- Renju Renjimar House Memories; Celebrity Home

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com