സൂപ്പർതാരങ്ങളുടെ വീട്; രാംചരണിന്റെ വീട്ടുവിശേഷങ്ങൾ

ram-charan-hous
ചിത്രങ്ങൾക്ക് കടപ്പാട്- സമൂഹമാധ്യമം instagram.com/alwaysramcharan
SHARE

RRR എന്ന സിനിമ മെഗാഹിറ്റായതിന്റെ സന്തോഷത്തിലാണ് രാം ചരൺ. കൂടാതെ അച്ഛൻ മെഗാസ്റ്റാർ ചിരഞ്ജീവിയോടൊപ്പം അഭിനയിക്കുന്ന സിനിമ അടുത്തതായി റിലീസ് ആകുന്നതിന്റെ ത്രില്ലുമുണ്ട്. രാം ചരൺ ഹൈദരാബാദിലെ ജൂബിലി ഹിൽസിൽ സ്വന്തമാക്കിയിരിക്കുന്ന പുതിയ വീടിനെ ഒരു കൊട്ടാരം എന്നുതന്നെ വിശേഷിപ്പിക്കാം. ഭാര്യ ഉപാസന കമിനേനിയും അച്ഛൻ ചിരഞ്ജീവിയുമായി ചേർന്നാണ് രാംചരൺ വീട് വാങ്ങിയിരിക്കുന്നത്. പാരമ്പര്യവും കാല്പനികതയും ഒരു പോലെ സംയോജിപ്പിച്ച് നിർമ്മിച്ചിരിക്കുന്ന വീടാണിത്. 

25000 ചതുരശ്രഅടിയാണ് വീടിന്റെ ആകെ വിസ്തീർണ്ണം. ബംഗ്ലാവ് സ്വന്തമാക്കുന്നതിനായി രാം ചരൺ 30 കോടി മുടക്കി എന്നാണ് വിവരം. അത്യാഡംബരത്തോടെയുള്ള പാലുകാച്ചൽ ചടങ്ങും നടന്നതായി റിപ്പോർട്ടുകളുണ്ട്. വലിയ ബാൽക്കണികളും ചരിത്ര പ്രാധാന്യമുള്ളതും സാംസ്കാരിക തനിമ വിളിച്ചോതുന്നതുമായ അലങ്കാരങ്ങളുമാണ് ബംഗ്ലാവിലെ എടുത്തുപറയേണ്ട പ്രത്യേകതകൾ.

മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന തഹിലിയാനി ഹോംസ് എന്ന ആർക്കിടെക്ട് കമ്പനിയാണ് വീടിന്റെ രൂപകൽപന  നിർവഹിച്ചിരിക്കുന്നത്. 

വിശാലമായ എസ്റ്റേറ്റിൽ സ്ഥിതിചെയ്യുന്ന വീട്ടിലേക്കുള്ള വഴിക്ക് ഇരുവശവും മരങ്ങളും പൂച്ചെടികളും കൊണ്ട് അലങ്കരിച്ചിരിക്കുന്നു. ബംഗ്ലാവിന്റെ ഫാസാഡിൽ കാര്യമായ മാറ്റങ്ങളൊന്നും വരുത്താതെയായിരുന്നു പുനർനിർമ്മാണം. കൊത്തുപണികൾ ചെയ്ത മാർബിൾകൊണ്ടുള്ള അലങ്കാരങ്ങളും രാജ്യത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിൽ പ്രചാരത്തിലുള്ള പാറ്റേണുകളും മോട്ടിഫുകളുമെല്ലാം ബംഗ്ലാവിനുള്ളിൽ ഇടം പിടിച്ചിരിക്കുന്നു. അകത്തളം മോടിപിടിപ്പിക്കാൻ ധാരാളം പെയിന്റിങ്ങുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. 

മനോഹരമായ അലങ്കാരങ്ങളോടു കൂടിയ ലൈറ്റിങ് സംവിധാനങ്ങളും എടുത്തുപറയേണ്ട പ്രത്യേകതകളിലൊന്നാണ്. ചെസ് ബോർഡിന്റെ ആകൃതിയിൽ കറുപ്പും വെള്ളയും ഇടകലർത്തി നിർമ്മിച്ച തറയുള്ള ഒരു പ്രത്യേക മുറിയും ബംഗ്ലാവിലുണ്ട്. ചിരഞ്ജീവിക്ക് ഏറെ ഇഷ്ടമുള്ള മുറികളിൽ ഒന്നാണിത്.

ജേഡ് റൂം എന്ന മുറിയാണ് മറ്റൊരു പ്രത്യേകത. ആഭരണ നിർമാണത്തിനുപയോഗിക്കുന്ന ജേഡ് എന്ന പച്ചനിറത്തിലുള്ള ധാതുവിന്റെ സാന്നിധ്യം ധാരാളമുള്ള മുറിയാണിത്. ജേഡിന്റെ സാന്നിധ്യം അപകടങ്ങളിൽ നിന്നും രക്ഷിക്കും എന്ന് ചൈനീസ് ചക്രവർത്തിമാർ കരുതിയിരുന്നു. ചലച്ചിത്ര നിർമ്മാണ രംഗത്ത് കൂടുതൽ ശ്രദ്ധപതിപ്പിക്കുന്നതിനാൽ  കുടുംബത്തിന് ഭാഗ്യം വരാനുള്ള വഴിയായി കൂടിയാണ് ഈ മുറിയെ കാണുന്നത്. തറയിലും ഭത്തിയിലെ  അലങ്കാരങ്ങളിലും സീലിങ്ങിലുമെല്ലാം ജേഡ് ഉപയോഗിച്ചിരിക്കുന്നു. 

ബേസ്മെന്റിൽ നിർമ്മിച്ചിരിക്കുന്ന  പ്രാർത്ഥനാ മുറിക്കും സവിശേഷതകൾ ഏറെയുണ്ട്. പുരാതന ക്ഷേത്രങ്ങളുടെ മാതൃകയിൽ കല്ലിൽ നിർമ്മിച്ച ഇടമാണിത്. പ്രാർത്ഥനയ്ക്കും ധ്യാനത്തിനും എല്ലാമായി ധാരാളം സ്ഥലം ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിനെല്ലാം പുറമേ സ്വിമ്മിങ് പൂൾ ,ടെന്നീസ് കോർട്ട്, ജിംനേഷ്യം എന്നീ സൗകര്യങ്ങളും ബംഗ്ലാവിൽ ഉണ്ട്.

English Summary- Ramcharan New House in Hyderabad; Celebrity Home

ബാല്യം മുതൽ ഇന്നുവരെ നിങ്ങളുടെ ജീവിതത്തിലൂടെ കടന്നുപോയ വീടുകളെക്കുറിച്ച് ഗൃഹാതുരമായ ഓർമകളുണ്ടോ? ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.യോഗ്യമായവ പ്രസിദ്ധീകരിക്കും.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS