കളിവീടുണ്ടാക്കുന്ന കൊച്ചുകുട്ടികൾ ആ കുട്ടിവീട്ടിൽ ഓരോ തമാശയും ഒപ്പിച്ചിട്ട് പൊട്ടിച്ചിരിക്കില്ലേ.. വലിയ വീടുകൾ വയ്ക്കുമ്പോൾ ആ ചിരി നമുക്ക് അതേപോലെ നിഷ്കളങ്കമായി പൊട്ടി ചിരിക്കാൻ പലപ്പോഴും പറ്റില്ല.. വീടുകൾ തമാശ പറയാറുമില്ല. എന്നാൽ വിസ്മയം കൊണ്ട് ചിരിപ്പിക്കുന്ന കെട്ടിടങ്ങൾ ആയിരുന്നു ലാറിബേക്കർ ചെയ്തിരുന്നത്. അടുത്തിടെ അദ്ദേഹത്തിന്റെ ഒരു ശിഷ്യൻ ചെയ്ത വീട് കാണാൻ സാധിച്ചു. ആ വീടും ഒത്തിരി ചിരിപ്പിച്ചു.. അത്ഭുതവും അവിശ്വസനീയതയും കൊണ്ട് കൊച്ചുകുട്ടികൾ ചിരിക്കുന്നത് പോലെ..

ഫെയ്സ്ബുക് ഉപയോഗിക്കുന്ന മിക്ക മലയാളികൾക്കും അറിയും എച്മുകുട്ടിയെയും ഭർത്താവ് ആർക്കിടക്ട് പദ്മകുമാറിനെയും. പദ്മകുമാർ സ്വയം ചെയ്ത അവരുടെ വീടാണ് ഇത്. സ്യൂഡോഇക്കോഫ്രണ്ട്‌ലി അല്ല, പൂർണമായും സത്യസന്ധമായ പ്രകൃതി സൗഹൃദം. സിമന്റ് ഒരു തരി പോലും ഉപയോഗിച്ചിട്ടില്ല. മിക്കവാറും എല്ലാം പഴയ സാധനങ്ങൾ പുനരുപയോഗം ചെയ്തത്.

കയറിചെല്ലുന്നത് ലിവിങ്ങും ഡൈനിങ്ങും അടുക്കളയും വർക്ക് ഏരിയയും പോർച്ചും വരാന്തയും സ്‌റ്റെയർറൂമും എല്ലാം ചേർന്ന ഒരു സ്പേസിലേക്ക്. ജനാല അല്ല, മെഷ് ആണ് ചുറ്റും. പല തട്ടുകളിലാണ്. സൈറ്റിലുള്ള വലിയ പാറ അതേപോലെ അവിടെ ഉണ്ട്, മേശയായും സോഫയായും ഷെൽഫ് ആയും കുട്ടികൾക്ക് ഒരു സ്ലൈഡ് ആയും ഒക്കെ ആ പാറ തന്നെ. പാമ്പുകൾ വരില്ലേ എന്ന ചോദ്യം വേണ്ട, ചുറ്റും പേരിനു കൊടുത്തിട്ടുള്ള ഗ്രിൽ പലതരം പാമ്പുകളുടെ ഷേപ്പിലാണ്. അതിൽ മെക്കാനിക്കൽ എൻജിനീയറിങ് പഠിക്കാൻ പോയ ഒരു പാമ്പ് വരെയുണ്ട്, മെഷീൻചക്രത്തിന്റെ ഷേപ്പിൽ വളഞ്ഞുപുളഞ്ഞ്. മുകളിൽ ബാംബൂ പ്ലൈയുടെ മേലെ ഉപയോഗം കഴിഞ്ഞ ഫ്ലെക്സ് ഷീറ്റ്കൾ ഇട്ട റൂഫ് ആണ്, അതിൽ സ്‌കൈലൈറ്റുകൾ ആയി കൊടുത്തിരിക്കുന്നത് കാറിന്റെ പൊട്ടിയ വിൻഡോസ്. ഒരുതുള്ളി വെള്ളംപോലും അകത്ത് വരില്ല.

അടുത്ത തട്ടിൽ ഉള്ള ബെഡ്‌റൂമിൽ ഒരു വശത്തു നിന്ന് പടികൾ കയറി കിടക്കാവുന്ന കട്ടിലും മറുവശത്തു നിന്ന് തറയും ആയി രൂപം മാറുന്ന കിടപ്പുസ്ഥലം. കട്ടിലിനടുത്തും പാറ ഉണ്ട്..അറ്റാച്ച് ചെയ്ത ടോയ്‌ലറ്റിൽ ഉള്ള, അവിടെ നേരത്തെ ഉണ്ടായിരുന്ന പാറ ഇരുന്ന് കുളിക്കാനും കാലു തേക്കാനും തുണി അലക്കാനും ഒക്കെ ഉപയോഗിക്കാം. ബെഡ്‌റൂമിൽ സീലിങ്ങിൽ ഉള്ള ഒരു ചെറിയ വാതിൽ തുറന്നാൽ അത് പടികളായി മാറും!

മുകളിൽ മകളുടെ ബെഡ്റൂമിലേക്ക് നേരെ ഒരു വാതിൽ, അതിലൂടെ മകളുടെ കുട്ടിക്ക് അമ്മയുടെ കട്ടിലിലേക്കും അമ്മൂമ്മയുടെ കട്ടിലിലേക്കും കയറിയിറങ്ങാം. ബെഡ്‌റൂമിനുള്ളിൽ ഒരു ചെറിയ പാലമരം പുറത്തേക്ക് പൂത്തിറങ്ങുന്നുണ്ട്.

സ്വിച്ചുകൾക്കും ഉണ്ട് പ്രത്യേകത.. ബൾബിനോട് ചേർന്ന സ്വിച്ച് ഓൺ ചെയ്യാനും ഓഫ് ചെയ്യാനും താഴേക്ക് നീട്ടിയിട്ട ചരടുണ്ട്. അതിലേക്കുള്ള വയറിങ് ലാഭം, സ്വിച്ച് നീട്ടിയിട്ട് ബെഡിൽ നിന്നോ സ്റ്റഡിയിൽ നിന്നോ ഒക്കെ ലൈറ്റ് ഓൺ ചെയ്യാം.

മുകളിലെ ബെഡ്‌റൂമിൽ സൈക്കിൾവരെ ഉണ്ട്. വർക്ക് ഏരിയയിലുള്ള അയ ഒരു കട്ടിലിന്റെ ഫ്രെയിം റിയൂസ് ചെയ്തതാണ്.. അത് വെയിൽ വരുന്ന ദിശയിലേക്ക് തിരിച്ചു വെക്കാൻ പറ്റും.

കോമൺ ടോയ്‌ലെറിന്റെ അടിയിൽ ബയോഗ്യാസ് ടാങ്ക് ഉണ്ട്, ലിവിങ് റൂമിന്റെ അടിയിൽ ആണ് സമ്പ് ടാങ്ക്. മാങ്ങയുടെ ആകൃതിയിലുള്ള ചെറിയ കുളം. ടെറസിൽ നല്ല തണലിൽ ഇരുന്ന് ദൂരെ അഗസ്ത്യകൂടം വരെ കാണാൻ പറ്റും. ഓരോ തവണ നടന്നു കാണുമ്പോഴും ഓരോ പുതിയ കാര്യങ്ങൾ കണ്ണിൽ പെടും. അതിലെ തമാശയും കാര്യവും അതിനു പിന്നിലെ ആലോചനയും.. ഒരു മനോഹരമായ വീട്!...
English Summary- House of writer Echmukutty & Architect Padmakumar