ADVERTISEMENT

ഹോളിവുഡ് താരങ്ങളായ ജോണി ഡെപ്പിന്റെയും ആംബര്‍ ഹേഡിന്റെയും മാനനഷ്ടക്കേസിലെ വിധി വന്നിട്ട് ദിവസങ്ങളാവുന്നതേയുള്ളൂ. ഇരുവരുടെയും പക്ഷം പിടിച്ചുള്ള വാഗ്വാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ഇപ്പോഴും അവസാനമായിട്ടില്ല. സംഭവങ്ങളുടെ മറവില്‍ വന്‍ ലാഭം പ്രതീക്ഷിച്ചാവണം, വാര്‍ത്തയുടെ ചൂടാറും മുമ്പ് ഇരുവരും ഒന്നിച്ച് താമസിച്ച ലൊസാഞ്ചലസിലെ അപാര്‍ട്ട്‌മെന്റ് വില്‍പനയ്ക്ക് വച്ചിരിക്കുകയാണ്.

ലൊസാഞ്ചലസിലെ ഈസ്റ്റേണ്‍ കൊളംബിയ എന്ന കെട്ടിടത്തിലാണ് അപാര്‍ട്ട്‌മെന്റുള്ളത്. താരങ്ങള്‍ താമസിച്ചിരുന്ന സമയത്ത് അഞ്ച് പെന്റ് ഹൗസുകളടങ്ങിയ ഒറ്റ യൂണിറ്റായിരുന്നു അപ്പാര്‍ട്ട്‌മെന്റ്. എന്നാല്‍ 2016ല്‍ ഇരുവരും ഡിവോഴ്‌സ് ആയതോടെ ജോണി 12.78 മില്യണ്‍ ഡോളറിന് അപാര്‍ട്ട്‌മെന്റ് വില്‍പനയ്ക്ക് വെച്ചു. യൂണിറ്റുകള്‍ തിരിച്ചായിരുന്നു വില്‍പന. ഇതിലൊരു യൂണിറ്റാണിപ്പോള്‍ വീണ്ടും മാര്‍ക്കറ്റിലെത്തിയിരിക്കുന്നത്. 2017ല്‍ 1.42 മില്യണ്‍ ഡോളറിന് വില്‍പന നടന്ന യൂണിറ്റിന് നിലവില്‍ 1.76 ( 13.7 കോടി രൂപ) മില്യണ്‍ ഡോളറാണ് മാര്‍ക്കറ്റ് വില.

dep-penthouse-living

ഡെപ്പ് താമസം മാറ്റിയതിന് പിന്നാലെ ഇത് മാസം 5500 ഡോളറിന് വാടകയ്ക്കും കൊടുത്തിരുന്നു. ഒരു ബെഡ്‌റൂം, രണ്ട് ബാത്‌റൂം എന്നിവയടങ്ങിയ അപാര്‍ട്ട്‌മെന്റിന് ഡെപ്പ് ബൊഹേമിയന്‍ സ്റ്റൈല്‍ ആണ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഡെപ്പ് വീടൊഴിഞ്ഞതിന് പിന്നാലെ തന്നെ ഈ ഡിസൈന്‍ മാറ്റി വീട് റിനോവേറ്റ് ചെയ്തു.

dep-penthouse-interiors

കിഴക്ക് വശത്ത് വലിയ ജനാലകളുള്ള അത്യാഡംബരപൂര്‍ണമായ ബെഡ്‌റൂമാണ് ഈ അപാര്‍ട്ട്‌മെന്റ് യൂണിറ്റിന്റെ ഹൈലൈറ്റ്.  ഡെപ്പും ഹേര്‍ഡും സമയം ചിലവഴിയ്ക്കാന്‍ ഏറെ ഇഷ്ടപ്പെട്ടിരുന്ന സ്ഥലങ്ങളിലൊന്നും ഇതായിരുന്നത്രേ.  മറ്റ് യൂണിറ്റുകളെ അപേക്ഷിച്ച് വലിപ്പമേറിയതാണ് പിഎച്ച്4 എന്നറിയിപ്പെടുന്ന ഈ യൂണിറ്റ്.

റൂഫ്‌ടോപ്പിലുള്ള വലിയ സ്വിമ്മിങ് പൂളും ഇരുവരുടെയും പ്രിയപ്പെട്ട സ്ഥലങ്ങളിലൊന്നായിരുന്നു. ബെഡ്‌റൂമും ബാത്‌റൂമുകളും കൂടാതെ ഒരു സ്പാ, ജിം, ജാപ്പനീസ് റോക്ക് ഗാര്‍ഡന്‍ എന്നിവയും അപ്പാര്‍ട്ട്‌മെന്റിന്‌  ആഢ്യത്വമേകുന്നു.

dep-penthouse-dine

നഗരത്തിന്റെ ഒത്ത നടുക്ക് സ്ഥിതിചെയ്യുന്ന ഈ അപാര്‍ട്ട്‌മെന്റ് നിരവധി ഹോളിവുഡ് ചിത്രങ്ങള്‍ക്കും വേദിയായിട്ടുണ്ട്. ചരിത്രപ്രാധാന്യമുള്ള കെട്ടിടങ്ങളുടെ പരിധിയില്‍ വരുന്ന കെട്ടിടം നിയമപ്രകാരം സംരക്ഷിക്കപ്പെട്ടിട്ടുള്ളതാണ്. അതിനാല്‍ തന്നെ ഉടമകള്‍ക്ക് പല നികുതി ആനുകൂല്യങ്ങളും ലഭിക്കും. 

2011 ൽ പ്രണയത്തിലായ ആംബറും ഡെപ്പും 2015 ൽ വിവാഹിതരായി. 2016 ൽ ഡെപ്പ് ഗാർഹിക പീഡനം നടത്തിയെന്ന് ആരോപിച്ച് ആംബർ വിവാഹമോചനക്കേസ് ഫയൽ ചെയ്തു. ആരോപണങ്ങളെ ഡെപ്പ് തള്ളിയെങ്കിലും കരിയർ തകർന്നടിഞ്ഞു. 2017 ൽ ഇരുവരും നിയമപരമായി വേർപിരിഞ്ഞു. തുടർന്ന് നടത്തിയ നിയമപോരാട്ടമാണ് ഒടുവിൽ ഡെപ്പിന് അനുകൂല വിധി നൽകിയത്. 15 മില്യൺ ഡോളർ നഷ്ടപരിഹാരമായി നൽകണമെന്നും കോടതി വിധിച്ചു.

English Summary- Johny Depp former LA Mansion is up for Sale

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com