ബോളിവുഡ് നടി നേഹ ധൂപിയയുടെ വീട്

neha-dhupia-house
ചിത്രങ്ങൾക്ക് കടപ്പാട്- ഇൻസ്റ്റഗ്രാം © Neha Dhupia
SHARE

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ബോളിവുഡ് നടിയും ടെലിവിഷന്‍ അവതാരകയുമായ നേഹ ധൂപിയ. മക്കളായ മെഹറിന്റെയും ഗുരിക്കിന്റെയും വിശേഷങ്ങളും പാചകപരീക്ഷണങ്ങളുടെ റെസിപ്പികളുമൊക്കെയായി തന്റെ ജീവിതത്തിലെ നല്ല നിമിഷങ്ങള്‍  നേഹ ആരാധകരുമായി പങ്ക് വയ്ക്കാറുണ്ട്.

ഭര്‍ത്താവ് അങ്കത് ബേദിയ്ക്കും രണ്ട് മക്കള്‍ക്കുമൊപ്പം മുംബൈ ബാന്ദ്രയിലാണ് നേഹയുടെ താമസം. സമൂഹമാധ്യമങ്ങളിലൂടെ തന്റെ ആഡംബര ഫ്‌ളാറ്റിന്റെ ചെറിയ ചെറിയ കാഴ്ചകള്‍ നേഹ പലപ്പോഴായി സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. വെള്ളയും ഐവറിയും ചേര്‍ന്നതാണ് വീടിന്റെ കളര്‍ പാറ്റേണ്‍. അപാര്‍ട്ട്‌മെന്റിലേക്ക് പ്രവേശിക്കുമ്പോള്‍ തന്നെ ലോബി ഏരിയയിലുള്ള രണ്ട് വലിയ തടിക്കസേരകളാണ് വരവേല്‍ക്കുക. ഇതിന് ഒത്തനടുക്കായി ഒരു വൂഡന്‍ കണ്‍സോളും ഒരുക്കിയിട്ടുണ്ട്. വലിയ കണ്ണാടിക്ക് മുന്നില്‍ സെന്റഡ് ക്യാന്‍ഡിലുകളും പൂക്കളും കൊണ്ടുള്ള അലങ്കാര വസ്തുക്കളാണ് ഇവിടുത്തെ ഹൈലൈറ്റ്.

neha-dhupia-house-interior

ലിവിങ് റൂമിലൊരുക്കിയിരിക്കുന്ന എല്‍ ഷേപ്പിലുള്ള കൗച്ചില്‍ ലൈറ്റ് ഷേഡുകളിലുള്ള കുഷ്യനുകള്‍ അടുക്കിയിരിക്കുന്നു. ഇവിടെ നേരിയ മഞ്ഞ നിറമാണ് ഫ്‌ളോറിങ്ങിനുപയോഗിച്ചിരിക്കുന്നത്. സിറ്റിങ് ഏരിയയില്‍ ക്രീം നിറത്തിലുള്ള റഗും വിരിച്ചിട്ടുണ്ട്. ലിവിങ് റൂമില്‍ ഒത്ത നടുക്കായി സെറ്റ് ചെയ്തിരിക്കുന്ന വുഡന്‍ ടേബിള്‍ പുസ്തകങ്ങള്‍ അടുക്കി വയ്ക്കാനും മറ്റുമാണ് ഉപയോഗിച്ചിരിക്കുന്നതെങ്കിലും ഇത് മുറിയ്ക്ക് നല്‍കുന്ന പ്രൗഢി ഒന്ന് വേറെ തന്നെയാണ്.


ലിവിങ് റൂമില്‍ ജനലിനോട് ചേര്‍ന്ന് നീളത്തിലുള്ള സിറ്റിങ് സ്‌പെയ്‌സ് ആണ് ഇവിടെ എടുത്ത് പറയേണ്ടത്. ചായ കുടിച്ചിരിക്കാനോ വെറുതേ ആകാശം നോക്കി കിടക്കാനോ ഒക്കെ പറ്റിയ ഈ സ്‌പോട്ട്‌ നേഹയുടെയും അങ്കതിന്റെ പ്രിയപ്പെട്ട സ്ഥലങ്ങളിലൊന്നാണ്‌. ഇവിടെ നീളത്തിലുള്ള ജനാലകള്‍ക്ക് മങ്ങിയ വെള്ള കര്‍ട്ടനുകള്‍ നല്‍കുന്ന ഭംഗി പറഞ്ഞറിയിക്കാനാവില്ല.

neha-dhupia-flat-interior


വലിയ ജനലുകളാണ് വീടിന്റെ പ്രത്യേകത. മോണോക്രൊമാറ്റിക് ആര്‍ട്ട് വര്‍ക്കുകള്‍ ലിവിങ് റൂമിലും സിറ്റിങ് ഏരിയയിലുമടക്കം എല്ലായിടത്തും ഉണ്ട്. ഡൈനിങ് ഏരിയയില്‍ മേശയ്ക്ക് ചുറ്റും കസേരകള്‍ നിരത്തുന്നതിന് പകരം കണ്‍സോളിനെതിരായി വൈറ്റ് സോഫ ക്രമീകരിച്ചിരിക്കുകയാണ് ചെയ്തിരിക്കുന്നത്. ഇവിടെ ഭംഗിക്കായി ഒരു ആഡംബരവിളക്കും സീലിങ്ങില്‍ തൂക്കിയിട്ടുണ്ട്. വൈറ്റ്-ഐവറി കോംബിനേഷന് മാറ്റ് കൂട്ടാനായി കബോര്‍ഡുകളെല്ലാം തടിയുടെ അതേ നിറത്തിലാണ് ഒരുക്കിയിരിക്കുന്നത്.


കുട്ടികള്‍ക്കായി ഒരുക്കിയിരിക്കുന്ന നഴ്‌സറിയാണ് വീടിന്റെ മറ്റൊരു ഹൈലൈറ്റ്. വീടിന്റെ മറ്റ് ഭാഗങ്ങള്‍ പോലെതന്നെ മിനിമല്‍ ഡിസൈനാണ് ഇവിടെയുമെങ്കിലും കളര്‍ പാറ്റേണ്‍ കുറച്ചു കൂടി വ്യത്യസ്തമാക്കിയിട്ടുണ്ട് ഇവിടെ. പിങ്കും വൈറ്റും കുഷ്യനുകള്‍ ഒരുക്കിയും പല നിറങ്ങളിലുള്ള കളിപ്പാട്ടങ്ങള്‍ നിരത്തിയും ഇവിടം കുട്ടികളുടേതാക്കിയിട്ടുണ്ട്.  നഴ്‌സറിയിലെ വെള്ള അലമാരയില്‍ തൂങ്ങിക്കിടക്കുന്ന ചെറിയ പേസ്റ്റല്‍ പിങ്ക് ഹാംഗറും മെഹറിന്റെ കിടക്ക അലങ്കരിക്കുന്ന കുഞ്ഞ് വെള്ളി നക്ഷത്രങ്ങളുമെല്ലാമടങ്ങിയ 'ക്യൂട്ട് ലിറ്റില്‍ തിങ്‌സ്' ആണ് വീടിനെ കൂടുതല്‍ മനോഹരമാക്കുന്നത്.

English Summary- Neha Dhupia Bollywood Actor House, Family

ബാല്യം മുതൽ ഇന്നുവരെ നിങ്ങളുടെ ജീവിതത്തിലൂടെ കടന്നുപോയ വീടുകളെക്കുറിച്ച് ഗൃഹാതുരമായ ഓർമകളുണ്ടോ? ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.യോഗ്യമായവ പ്രസിദ്ധീകരിക്കും.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS