മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമാണ് രശ്മി അനിൽ. കോമഡി നമ്പരുകളുമായി രശ്മി അരങ്ങത്ത് എത്തുമ്പോൾത്തന്നെ വീടുകളിൽ ചിരി വിടരും. ഇതിനോടകം മുപ്പതോളം സിനിമകളിലും രശ്മി അഭിനയിച്ചു. ജീവിതത്തിലെ വലിയൊരു സ്വപ്നം സഫലമായ സന്തോഷത്തിലാണ് രശ്മിയും കുടുംബവും. കഴിഞ്ഞ മാസം പുതിയ വീടിന്റെ പണിപൂർത്തിയാക്കി താമസമായി. പുതിയ ലക്കം സ്വപ്നവീടിൽ രശ്മിയുടെ വീടിന്റെ വിശേഷങ്ങൾ കാണാം..
കഷ്ടപ്പാടിലൂടെ സഫലമായ സ്വപ്നവീട്..

ആലപ്പുഴ ജില്ലയിലെ കറ്റാനത്തിനടുത്ത് പള്ളിക്കൽ എന്ന സ്ഥലത്താണ് എന്റെ വീട്. പല കാലഘട്ടങ്ങളിലൂടെ വികസിച്ച വീടോർമകളാണ് എനിക്കുള്ളത്. അത് തുടങ്ങുന്നത് ചാണകം മെഴുകിയ നിലമുള്ള ഒരോലപ്പുരയിൽനിന്നാണ്. പിന്നീട് ഓല മേൽക്കൂര മാറ്റി ഷീറ്റിട്ടു. പിന്നീട് അതുമാറി രണ്ടു കുടുസ്സുമുറികളുള്ള വാർക്കവീടായി. ഒടുവിൽ ഒരുമാസം മുൻപ് എന്റെ ഈ സ്വപ്നവീട് സഫലമായി.
2019 ലാണ് ഈ വീടിന്റെ പണി തുടങ്ങുന്നത്. രണ്ട് കോവിഡ് കാലമെടുത്താണ് വീടുപണി പൂർത്തിയാക്കിയത്. ആ സമയത്ത് എനിക്ക് വർക്കുകൾ കുറവായിരുന്നതുകൊണ്ട് വീടുപണിയിൽ കൂടുതൽ ശ്രദ്ധിക്കാനായി.

ശരിക്കും നാലു കിടപ്പുമുറികളുള്ള ഒരുനില വീടാണ് പ്ലാൻ ചെയ്തത്. അങ്ങനെ പണിതുടങ്ങി. സ്‌റ്റെയർ കെട്ടിത്തുടങ്ങിയപ്പോൾ മക്കൾ സമരം തുടങ്ങി. അവർക്ക് മുകളിൽ കിടപ്പുമുറി വേണം. ആവശ്യം അംഗീകരിച്ചില്ലെങ്കിൽ അപ്പോൾ താമസിച്ചിരുന്ന വാടകവീട്ടിൽനിന്ന് ഇറങ്ങില്ലെന്ന് വരെ വാശിയായി.. ഒടുവിൽ ഞങ്ങൾ അവരുടെ ആവശ്യം അംഗീകരിച്ചു. അങ്ങനെ 1650 ചതുരശ്രയടിയിൽ വിഭാവനം ചെയ്ത ഒരുനില വീട് ഇപ്പോൾ 2850 ചതുരശ്രയടിയുള്ള ഇരുനില വീടായി വികസിച്ചു. അതിനനുസരിച്ച് പ്ലാൻ പിന്നെ ഭേദഗതി ചെയ്തു. താഴെ വിഭാവനം ചെയ്ത ഒരു കിടപ്പുമുറി ഊണുമുറിയാക്കിമാറ്റി.മുകളിൽ രണ്ടു കിടപ്പുമുറി, ഹാൾ, ബാൽക്കണി എന്നിവ കൂട്ടിച്ചേർത്തു.
എനിക്ക് നാട്ടിൽ ഒരുപാട് സുഹൃത്തുക്കളുണ്ട്. ഞാൻ ഷൂട്ടൊക്കെ കഴിഞ്ഞു വീട്ടിലെത്തുമ്പോൾ ഇവരെല്ലാവരും എന്റെ പഴയ കുഞ്ഞുവീട്ടിൽ ഒത്തുചേരുമായിരുന്നു. അന്ന് വീട്ടിൽ സ്ഥലമില്ലാത്തതുകൊണ്ട് പറമ്പിൽ ഞാൻ നട്ട ഒരു മന്ദാരമുണ്ട്. അതിന്റെ ചുവട്ടിലായിരുന്നു ചങ്ങാതിക്കൂട്ടത്തിന്റെ ഒത്തുചേരലിടം. പുതിയവീട് രണ്ടുനിലയാക്കാം എന്ന് തീരുമാനിച്ചപ്പോൾ ഞാനും ഒരാവശ്യം ഉന്നയിച്ചു- ഞങ്ങൾ കൂട്ടുകാർക്ക് ഒത്തുചേർന്നിരുന്ന് സംസാരിക്കാൻ ഒരിടം. എന്നാൽ വീട്ടിലെ മറ്റ് അംഗങ്ങൾക്ക് ശല്യവുമാകരുത്. അങ്ങനെയാണ് മുകളിലെ ഈ ബാൽക്കണി സ്‌പേസ് ജനിച്ചത്. ഇപ്പോൾ ഒത്തുചേരലിടം മാത്രമല്ല, ഇതുപോലെയുള്ള ഷൂട്ട്, അഭിമുഖങ്ങൾ എന്നിവയ്‌ക്കെല്ലാം വേദിയാകുന്നതും ഇവിടമാണ്.

വീട്ടിൽ വരുന്നവരെല്ലാം ശ്രദ്ധിക്കുന്ന ഒരു ഭാഗമാണ് സ്‌റ്റെയറിന്റെ ഭാഗത്തെ വലിയ ജനാല. ഇത് ഒരുഭാഗം ക്ലോസ്ഡും പകുതി ഓപ്പണുമാണ്. ഇതുവഴി കാറ്റും വെളിച്ചവുമെല്ലാം നന്നായി ഇരുനിലകളിലുമെത്തും. ഇവിടെ ഭിത്തി വെട്ടുകല്ലിന്റെ ഫീൽ ലഭിക്കുന്ന ടെക്സ്ചർ പെയിന്റടിച്ചു ലൈറ്റുകളും കൊടുത്തതോടെ സംഗതി കളറായി.

വീട്ടിൽ എന്റെ ഐഡിയയിൽ വിരിഞ്ഞ മറ്റൊരാശയമാണ് പരസ്പരം കണക്ടഡായ അടുക്കളയും ഊണുമുറിയും.ഇത് മൾട്ടിപർപ്പസ് ആയാണ് നിർമിച്ചത്. വീട്ടിൽ വരുന്നവർക്ക് നേരിട്ട് ഊണുമുറി കാണാനാകില്ല. അതുകൊണ്ട് സ്വകാര്യതയുണ്ട്. അടുക്കളയിൽനിന്ന് ചൂടോടെ ആഹാരം കൗണ്ടർ വഴി തീൻമേശയിലേക്കെത്തിക്കാം. ഇതിന്റെ ഇരുവശത്തും അടയ്ക്കാവുന്ന ഷെൽഫുകളുണ്ട്. ആവശ്യം വരുന്ന പക്ഷം ഈ ഷെൽഫുകൾ അടച്ചാൽ ഊണുമുറി വേറെ അടുക്കള വേറെയാകും. ഇനി കൂടുതൽ അതിഥികൾ ഉണ്ടെങ്കിൽ ഒരു കട്ടിൽ ഇട്ടാൽ ഇത് കിടപ്പുമുറിയുമാക്കാം.

അടുക്കളയുടെ വശത്ത് അപ്പുറത്തെ പ്ലോട്ടിൽ ഒരു ക്ഷേത്രമുണ്ട്. അതുകൊണ്ട് നോൺ- വെജ് ഒന്നും ഇവിടെ കുക്ക് ചെയ്യാറില്ല. അതിനായി വീടിന്റെ പുറത്ത് മറ്റൊരു ചെറിയ വർക്കേരിയ ഉണ്ടാക്കി.

ധാരാളം മരങ്ങളും പച്ചപ്പുമുള്ള പ്രദേശമാണിത്. അതുകൊണ്ട് ഈ കാഴ്ചകൾ ഉള്ളിലെത്താൻ മുകൾനിലയിലെ കിടപ്പുമുറിയിലും ഹാളിലും ഗ്രില്ലുകളില്ലാത്ത ഗ്ലാസ് ജാലകങ്ങളാണ് കൊടുത്തത്. 'അപ്പോൾ കള്ളൻ ഈസിയായി കയറില്ലേ?' എന്നൊരു സംശയം തോന്നാം. അധികസുരക്ഷയ്ക്കായി ഓട്ടമേറ്റഡ് ഷട്ടറുകളും കൊടുത്തിട്ടുണ്ട്. ഇത് റിമോട്ട് കൺട്രോൾ വഴി നിയന്ത്രിക്കാം. വീട് പൂട്ടിപ്പോകുമ്പോൾ ഇത് താഴ്ത്തിയിട്ടാൽമതി.

മകനിലൂടെ മിനിസ്ക്രീനിലേക്ക്...
മകൻ കൈക്കുഞ്ഞായിരിക്കുമ്പോൾ മഴവിൽ മനോരമയിലെ പരിണയം എന്ന സീരിയലിൽ അവന് ഒരു അവസരം ലഭിച്ചു. അതിൽ മകനെ തട്ടിയെടുക്കുന്ന ഒരു ഭിക്ഷക്കാരിയുടെ റോളിലേക്ക് ആർട്ടിസ്റ്റിനെ വേണമായിരുന്നു. ആ റോൾ എന്നിലേക്കെത്തി. അങ്ങനെയാണ് മിനിസ്‌ക്രീനിൽ മുഖംകാണിക്കുന്നത്. പിന്നീട് മഴവിൽ മനോരമയിലെ തന്നെ കോമഡി ഫെസ്റ്റിവൽ പോലെയുള്ള പരിപാടികളിൽ അവസരം ലഭിച്ചു. അതിലൂടെ സിനിമയിൽ അവസരം ലഭിച്ചു. അങ്ങനെയാണ് ഞാനൊരു നടിയായി മാറിയത്.
കുടുംബം...

ഭർത്താവ് അനിൽകുമാർ ഇലക്ട്രീഷനാണ്. കുറേക്കാലം പ്രവാസിയായിരുന്നു. ഇപ്പോൾ നാട്ടിൽ തിരിച്ചെത്തി. ആലപ്പുഴ ജില്ലയിലെ കമ്പകച്ചുവടാണ് ഭർത്താവിന്റെ വീട്. മകൾ കൃഷ്ണ എട്ടാം ക്‌ളാസിലും മകൻ ശബരീനാഥ് നാലാം ക്‌ളാസിലും പഠിക്കുന്നു. ഭർത്താവിന്റെ അമ്മയും എന്റെ അമ്മയും കൂടി ഉൾപ്പെടുന്നതാണ് ഞങ്ങളുടെ കുടുംബം.
English Summary-Resmi Anilkumar Actor New House; Exclusive Hometour Videp