'മറിമായം' തറവാട്ടിലെ കാരണവർ പോയി; സുമേഷേട്ടൻ ഇനി ചിരിയോർമ

sumesh-marimayam-team
SHARE

രൂപത്തിനും പ്രായത്തിനും ചേരാത്ത ഒരു പേരും നിഷ്കളങ്കമായ ചിരിയും- അതായിരുന്നു മഴവിൽ മനോരമയിലെ ജനപ്രിയ ഹാസ്യപരമ്പരയായ മറിമായത്തിലെ സുമേഷ് എന്ന എല്ലാവരുടെയും സുമേഷേട്ടൻ. സ്വന്തം പേരിനേക്കാൾ കഥാപാത്രത്തിന്റെ പേരിൽ അറിയപ്പെട്ടിരുന്ന പ്രതിഭ. ഓർമിക്കാൻ ഒരുപാട് കഥാപാത്രങ്ങൾ ബാക്കിയാക്കി അദ്ദേഹം പോയി.

കുറച്ച് വർഷങ്ങൾക്ക് മുൻപ് വി പി ഖാലിദ് എന്ന നമുക്കെല്ലാം പരിചിതനായ മറിമായം സുമേഷേട്ടന്റെ അഭിമുഖം എടുത്തിരുന്നു. വീടോർമകൾ ആയിരുന്നു വിഷയമെങ്കിലും അദ്ദേഹം പറഞ്ഞത് കൂടുതലും തന്റെ ജീവിതത്തെക്കുറിച്ചാണ്. അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് ആ അഭിമുഖം സംക്ഷിപ്തമായി പുനർപ്രസിദ്ധീകരിക്കുന്നു.

***

മറിമായത്തിലെ സുമേഷേട്ടനെ അവതരിപ്പിക്കുന്ന വി.പി ഖാലിദ് ആളൊരു സകലകലാവല്ലഭൻ ആണെന്ന് പലർക്കും അറിയില്ല. ബിസിനസ്,  മാജിക്, ബ്രേക്ക് ഡാൻസ്, മേക്ക്അപ്, അഭിനയം, സംവിധാനം...ഖാലിദ് കൈവയ്ക്കാത്ത മേഖലകൾ ചുരുക്കം. അദ്ദേഹം ജീവിതം പറയുന്നു...

ബാല്യം... 

വാപ്പ വി കെ പരീദ്, ഉമ്മ കുഞ്ഞിപ്പെണ്ണ്. വലിയകത്ത് എന്നായിരുന്നു വാപ്പയുടെ തറവാട്ടുപേര്. ഉമ്മയുടെ തറവാട് താണത്തുപറമ്പിൽ. രണ്ടും അക്കാലത്തു മലബാറിലുള്ള വലിയ തറവാടുകളായിരുന്നു. പിന്നെ ക്ഷയിച്ചു പോയി. ദാരിദ്ര്യവും കഷ്ടപ്പാടും നിറഞ്ഞ കുട്ടിക്കാലമായിരുന്നു എന്റേത്. എനിക്ക് അഞ്ചു സഹോദരങ്ങൾ ഉണ്ടായിരുന്നു. എന്റെ ചെറുപ്പത്തിൽ വാപ്പ ഫോർട്ട്കൊച്ചിയിൽ വന്നു താമസമാക്കി. കപ്പലിൽ എത്തുന്ന ചരക്കുകൾ കൈമാറുന്ന ബിസിനസായിരുന്നു. 

വാപ്പയ്ക്ക് അൽപം കലാപ്രവർത്തനമുണ്ടായിരുന്നു. അത് ചെറുപ്പത്തിൽ എനിക്കും കിട്ടി. ഫോർട്ട്കൊച്ചിയിൽ അക്കാലത്ത് ഡിസ്കോ ഡാൻസ് പ്രചാരത്തിലുണ്ടായിരുന്നു. അതിഷ്ടപ്പെട്ടു പഠിച്ചെടുത്തു. കേരളത്തിലെ ആദ്യകാല മാജിക് ആചാര്യനാ‌യ വാഴക്കുന്നം നമ്പൂതിരിപ്പാടിൽ നിന്നും മാജിക്കും പഠിച്ചു. സ്‌കൂൾ കാലഘട്ടത്തിൽ നാടകം സംവിധാനം ചെയ്തു, അഭിനയിച്ചു. പിന്നീട് പ്രൊഫഷണൽ നാടകവേദിയിലേക്ക്. 1973ൽ പുറത്തിറങ്ങി‌യ പെരി‌യാറിലൂടെയാണ് വെള്ളിത്തിര‌യിലേക്കെത്തുന്നത്.

കലാകുടുംബം....

മകൻ കലാപ്രവർത്തനവുമായി കറങ്ങിനടന്നു നശിച്ചു പോകുമെന്ന് കണ്ടപ്പോൾ വാപ്പ എന്നെ സൗദി അറേബ്യയിലേക്ക് കയറ്റി അയച്ചു. പിന്നെ അവിടെ ഏഴ് വർഷം. തിരിച്ചു വന്നു വിവാഹം കഴിച്ചു. ഫോർട്ട്കൊച്ചിയിൽ വീട് വാങ്ങിച്ചു. കുറേക്കാലം അവിടെയായിരുന്നു ജീവിതം. 

എനിക്ക് അഞ്ചു മക്കളാണ്. ഷാജി ഖാലിദ്, ജിംഷി ഖാലിദ്, ഷൈജു ഖാലിദ്, ഖാലിദ് റഹ്മാൻ, റഹ്മത്ത്. മൂത്ത മകൻ ഷാജി മരിച്ചു പോയി. ഷാജി ഛായാഗ്രാഹകനായിരുന്നു. പുള്ളിയാണ് സഹോദരങ്ങളെ സിനിമയിലേക്ക് കൊണ്ടുവന്നത്. മലയാളസിനിമയ്ക്ക് ന്യൂജെൻ ഭാഷ്യം നൽകിയ സിനിമകളുടെ ക്യാമറ ചലിപ്പിച്ചത് ഷൈജു ഖാലിദാണ്.  ട്രാഫിക്, 22 ഫീമെയ്ൽ കോട്ടയം, മഹേഷിന്റെ പ്രതികാരം, ഈ മ യൗ തുടങ്ങിയ ചിത്രങ്ങൾ... ഖാലിദ് റഹ്മാന്റെ ആദ്യ സംവിധാനസംരംഭമായിരുന്നു ഹിറ്റായി മാറിയ അനുരാഗകരിക്കിൻവെള്ളം എന്ന ചിത്രം. പിന്നീട് മമ്മൂട്ടിയെ നായകനാക്കി ഉണ്ട എന്ന  സിനിമ സംവിധാനം ചെയ്തു. അതിൽ ക്യാമറ ചലിപ്പിച്ചത്  ഇളയമകൻ ജിംഷി ഖാലിദാണ്.

വീട്..

കുറച്ചു വർഷങ്ങൾക്ക് മുൻപ് ഫോർട്ട്കൊച്ചിയിലെ വീടുവിറ്റു. പിന്നെ പള്ളുരുത്തിയിൽ വീട് വച്ചു. ഇളയമകൻ ഖാലിദ് റഹ്മാനൊപ്പമാണ് ഇപ്പോൾ താമസം. തൊട്ടടുത്തുതന്നെ ഷൈജു വീടു വച്ചിട്ടുണ്ട്. അങ്ങനെ മൂന്നു വീടുകൾ ഇപ്പോൾ സ്വന്തമെന്നു പറയാവുന്ന പോലെയുണ്ട്.

വഴിത്തിരിവായ മറിമായം...

marimayam-31

മറിമായത്തിൽ മേക്കപ്പ് ആർട്ടിസ്‌റ്റായാണ് പോയത്. പക്ഷേ എന്റെ അഭിനയ പശ്‌ചാത്തലം അറിഞ്ഞ സംവിധായകൻ ഒരു വേഷം വച്ചുനീട്ടുകയായിരുന്നു- സുമേഷ്. അത് ഹിറ്റായി.

marimayam-team-500

മറിമായം സെറ്റ് ഒരു കുടുംബം പോലെയാണ്. കൂട്ടത്തിൽ പ്രായത്തിൽ ഏറ്റവും മൂത്തത് ഞാനാണെങ്കിലും നമ്മൾ എല്ലാവരുമായി കമ്പനിയാണ്. ഇപ്പോൾ ചെറിയ ന്യൂജെൻ പിള്ളേർക്കു വരെ ഞാൻ സുമേഷ് ബ്രോ ആണ്. 

ഖാലിദ് ചിരിക്കുമ്പോൾ വീണ്ടും മറിമായത്തിലെ സുമേഷേട്ടനായി മാറുന്നു...

English Summary- Marimayam fame VP Khalid Died; Marimayam Mazhavil Manorama

ബാല്യം മുതൽ ഇന്നുവരെ നിങ്ങളുടെ ജീവിതത്തിലൂടെ കടന്നുപോയ വീടുകളെക്കുറിച്ച് ഗൃഹാതുരമായ ഓർമകളുണ്ടോ? ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.യോഗ്യമായവ പ്രസിദ്ധീകരിക്കും.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS