വേദനയോടെ ആ വീടിന് യാത്രാമൊഴിയേകി; ഒടുവിൽ...അനുഭവക്കുറിപ്പ്

afrin-home-renovaation
SHARE

എൺപത് വർഷത്തിലേറെ പഴക്കമുള്ള പൂമുഖത്ത് തറവാട് .ഇന്നലെകളുടെ നൂറായിരം കഥകൾ പറയാനുണ്ട് ആ വീടിന്. 'പൂമുഖത്ത്' തറവാട് 'പൂമത്ത്' ആയ കഥമുതൽ അറയും പുരയും നീന്തൽകുളങ്ങളും പ്ലാവും മാവും തേക്കും മുല്ലയും എല്ലാം ചുറ്റിനിന്നിരുന്ന യൗവ്വനകാലത്തിൽനിന്നും കുളങ്ങളും മരങ്ങളും ഇല്ലാതായ ഏച്ചുകെട്ടലുകൾ മുഴച്ചു നിന്ന വാർധക്യത്തിന്റെ കഥവരെ.

എന്റെ തറവാട് വീട്, എന്റെ കുട്ടിക്കാലത്തെ ഏറ്റവും മനോഹരമാക്കിയിരുന്ന ഓർമ്മകൾ സമ്മാനിച്ച വീട് പൊളിച്ചു പണിയുക എന്നത് കുറച്ചധികം വിഷമമുള്ള കാര്യമായിരുന്നു. എന്റെ അവസാന വർഷ ആർക്കിടെക്ച്ചർ ബിരുദപഠനകാലത്തായിരുന്നു വീട് പൊളിച്ചു പണിയണം എന്ന ആവശ്യവുമായി അമ്മാവൻ ഷാജിർഖാൻ സമീപിച്ചത്. പഴയവീട് നിലനിർത്തി പുതുക്കി പണിയാം എന്നായിരുന്നു ആദ്യത്തെ തീരുമാനം. പക്ഷേ വീടിന്റെ പലഭാഗങ്ങളൂം അപ്പോഴേക്കും പൂർണ്ണമായും നശിച്ചിരുന്നു. പഴയവീട് പൊളിച്ചു പുതിയത് പണിയണം എന്ന് തീരുമാനം ആയി. വർഷങ്ങളുടെ പഴക്കമുള്ള വീടായിരുന്നു എങ്കിലും തടികൾക്കെല്ലാം നല്ല ഉറപ്പുണ്ടായിരുന്നു. അറയും പുരയും കട്ടിളകളുമെല്ലാം പൂർണ്ണമായും നല്ല കാതലുള്ള തേക്കിൻ തടികൾ കൊണ്ടുള്ളതായിരുന്നു.

ആദ്യത്തെ പ്രൊജക്റ്റ് ആയതുകൊണ്ടുതന്നെ ഒറ്റക്ക് ഏറ്റെടുക്കാൻ ആത്മവിശ്വാസകുറവുണ്ടായിരുന്നു. എന്റെ ഏറ്റവും അടുത്ത സുഹൃത്തും കോളേജിൽ സീനിയറുമായിരുന്ന ആർക്കിടെക്ട് ഷാഹിനോട് സംസാരിക്കുന്നത്. നമുക്ക് ഒരുമിച്ച് ഈ പ്രൊജക്റ്റ് ചെയ്യാം അത്‌ എനിക്ക് പഠിക്കാനുള്ള ഒരു അവസരം ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പിന്നെ പെട്ടെന്നായിരുന്നു പ്ലാനിലേക്കുള്ള പണി തുടങ്ങിയത്

afrin-living

5 സെന്റ് ഉള്ള ആകെ വസ്തുവിൽ 2000 sq.ft താഴെ 40 ലക്ഷം  രൂപയ്ക്കുള്ളിൽ ഒരു വീട്‌ വേണം അതായിരുന്നു ഉടമസ്ഥൻ ഷാജിർഖാന്റെ  ആവശ്യം. 5 മുറികൾ വേണം, പഴയ വീടിന്റെ ഓർമ്മകൾ ചോർന്ന് പോകാത്ത തരത്തിലായിരിക്കണം വീടിന്റെ ഡിസൈൻ, കൃഷി ചെയ്യാൻ സ്ഥലം വേണം ഇതൊക്കെ ആയിരുന്നു മുത്തശ്ശന്റെയും മുത്തശ്ശിയുടെയും ആവശ്യങ്ങൾ. കാറ്റും വെളിച്ചവും കേറുന്ന മുറിയായിരിക്കണം ചെറുതെങ്കിലും മനോഹരവും സൗകര്യവുമുള്ള അടുക്കളയാവണം ഇതൊക്കെയായിരുന്നു ഗൃഹനാഥ സ്വപ്നയുടെ ആവശ്യങ്ങൾ. സ്പോർട്സിൽ താല്പര്യമുള്ള രണ്ടാണ്മക്കൾക്കും, സംഗീത പ്രേമിയായ മകൾക്കും ഉണ്ടായിരുന്നു വീടിനെ കുറിച്ച് അവരവരുടേതായ സങ്കല്പങ്ങൾ.

afrin-dine

ചുരുങ്ങിയ സ്ഥലപരിമിധികൾക്കുള്ളിൽ കാറ്റും വെളിച്ചവും വേണ്ടുവോളം കയറി ഇറങ്ങുന്ന പരമാവധി നല്ല ഇടങ്ങളുള്ള ഒരു കൊച്ചു വീട്.1800 sq ft -ൽ 5 കിടപ്പുമുറികളും കോർട്ടയാർഡും എല്ലാം ഒത്തിണങ്ങി ഒരു വീട് പണിയുക എന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. രണ്ട് നിലകളിലായി 5 മുറികൾ പണിയാമെന്ന് തീരുമാനിച്ചു. രണ്ടു കിടപ്പുമുറികളും സ്വീകരണമുറിയും ഡൈനിങ്ങും കോർട്ട്യാർഡും അടുക്കളയുമാണ് താഴത്തെ നിലയിൽ.

afrin-court

മനോഹരമായി പച്ച വിരിച്ച മുറ്റത്തു നിന്നും വീട്ടിലേക്ക് വരവേൽക്കുന്നത് മനോഹരമായ കോർട്ട് യാർഡിന്റെ കാഴ്ചകളിലേക്കാണ് . സിറ്റ്ഔട്ടിൽ നിന്ന് തടികൾക്കിടയിലൂടെ ആ മുറ്റം കാണാൻ സാധിക്കും. വുഡ് ഫിനിഷിൽ തീർത്തിരിക്കുന്ന GI പൈപ്പുകൾ കൊണ്ടാണ് വീടിന്റെ പുറംകാഴ്ച ഒരുക്കിരിയിരിക്കുന്നത്. മെയിൻ റോഡിന് അടുത്തായത് കൊണ്ടുതന്നെ പരമാവധി തുറസായ ഇടങ്ങൾ ഉണ്ടാകുന്നതോടൊപ്പം സ്വകാര്യതയ്ക്ക് ഒരു ഭംഗവും വരാത്ത രീതിയിൽ ആണ് വീടിൻറെ പ്ലാനിങ് ചെയ്തിരിക്കുന്നത് .

വിശാലത തോന്നാനായി ഡബിൾ ഹൈറ്റ് സ്പേസുകൾ ആണ് വിശ്രമമുറിയിൽ കൊടുത്തിരിക്കുന്നത്. പരമാവധി കാറ്റും വെളിച്ചവും കടന്നുപോകണം എന്നുള്ളതിനാൽ നീളത്തിലുള്ള ഫ്രഞ്ച് വിൻഡോകൾ ആണ് സ്വീകരണമുറിയിൽ നൽകിയത്. ഡബിൾ ഹൈറ്റിൽ മാനുവൽ കർട്ടൻ കൊടുക്കുന്നത് പ്രയാസമായതിനാൽ ഓട്ടോമാറ്റിക് ബ്ലൈൻഡ് കർട്ടൻ ആണ് നൽകിയിരിക്കുന്നത്. സ്വീകരണമുറിയും ഡൈനിങ്ങും മനോഹരമായ പ്ലാൻറ്റർ പാർട്ടീഷനുകൾ കൊണ്ടാണ് വിഭജിച്ചിരിക്കുന്നത്. തടിയിൽ തീർത്തിരിക്കുന്ന പാർട്ടീഷനിലെ ഇരുവശങ്ങളിലുമായി ചെടികൾ വച്ച് അലങ്കരിച്ചു. പേസ്റ്റൽ നിറത്തിലുള്ള പോട്ടുകളും കാഴ്ച വസ്തുക്കളും ആണ് വീടിനെ മോടി പിടിപ്പിക്കാൻ ഉപയോഗിച്ചിരിക്കുന്നത്. 

afrin-hall

ഡൈനിങ് മുറിയിൽ നിന്നും കോർട്ട് യാർഡിലേക്ക് മനോഹരമായ കാഴ്ച ഒരുക്കിയിട്ടുണ്ട്. വാഷ് ബേസിൻ നൽകിയിരിക്കുന്നത് ഈ കോർട്യാർഡിലാണ്. പരമാവധി വെളിച്ചവും പോസിറ്റിവിറ്റിയും ലഭിക്കാനാണ് ഈ തരത്തിൽ ഡൈനിങ്ങിൽനിന്നും കോർട്ട് യാർഡ് ഒരുക്കിയിരിക്കുന്നത്. ടിവി യൂണിറ്റും ഭക്ഷണമുറിയിൽ തന്നെയാണ് നൽകിയിട്ടുള്ളത് .തീൻമേശയും കസേരയും ബെഞ്ചുമെല്ലാം പഴയ വീടിന്റെ തടികൾ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത് .

വീടിനുള്ളിൽതന്നെ എന്നാൽ വശംചേർന്ന് L ആകൃതിയിലാണ് കോർട്ട് യാർഡ്. അവിടെ ഇരിപ്പിടവും പടികളോട് ചേർത്ത് നൽകിയിട്ടുണ്ട്. കോർട്ട് യാർഡിന്റെ ഒരു ഭാഗത്ത് മഴവെള്ളം വീഴുന്ന തരത്തിലും മറുഭാഗത്ത് ഇരുന്ന് മനോഹരമായ ആ കാഴ്ച ആസ്വദിക്കാനാകുംവിധമാണ് ഡിസൈൻ ചെയ്തെടുത്തിട്ടുള്ളത്. വീട്ടിലെ താമസക്കാരുടെ ഏറ്റവും പ്രിയപ്പെട്ട സ്ഥലമാണ് ഈ തളം. കോർട്ട് യാർഡിൽ പച്ചപ്പുല്ല് വിരിച്ചു ഇടക്കിടക്കായി ചെടികളും നട്ടുവളർത്തിയിട്ടുണ്ട്.

മാസ്റ്റർ ബെഡ്‌റൂമിൽ നിന്നും കോർട്ട് യാർഡിലേക്കാണ്  ജനാലകൾ നൽകിയിട്ടുള്ളത്. താഴത്തെ നിലയിൽ അറ്റാച്ഡ് ബാത്റൂമുകളോടെയുള്ള 2 കിടപ്പുമുറികളാണ് ഉള്ളത്. ആർഭാടങ്ങൾ ഒഴിവാക്കി കൊണ്ട് ആവശ്യ സൗകര്യങ്ങൾ മാത്രം കൊടുത്തു കൊണ്ടുള്ള കിടപ്പുമുറികളും കുളിമുറികളും ആണ് ഡിസൈൻ ചെയ്തിരിക്കുന്നത് .

ഒതുക്കമുള്ള സുന്ദരമായ അടുക്കളയാണ് നിർമ്മിച്ചിരിക്കുന്നത്. സാധനങ്ങൾ ഒന്നും തന്നെ അലങ്കോലപ്പെടാതെ ഒതുക്കിവയ്ക്കാൻ  ആവശ്യമായ കബോർഡുകൾ കൊടുത്തിട്ടുണ്ട്. അടുക്കള മോഡുലാർ രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. അടുക്കളയിൽ നിന്നും ഇറങ്ങുന്നത് വിശാലമായ അടുക്കള തോട്ടത്തിലേക്കാണ്. പ്ലാവും മാവും സപ്പോട്ടയുമെല്ലാം വീണ്ടും നട്ടു വളർത്തിക്കൊണ്ടിരിക്കുന്നു .

ഭക്ഷണമുറിയിൽനിന്ന് മുകളിലത്തെ നിലയിലേക്ക് ഇൻഡസ്ട്രിയൽ സ്റ്റെയർകേസ് ആണ് നൽകിയിരിക്കുന്നത്.വീടിന്റെ വിസ്തീർണ്ണം കുറവായതിനാൽതന്നെ കോൺക്രീറ്റ് ചെയ്ത പടികൾ ഇടുക്കം ഉണ്ടാക്കാൻ സാധ്യത ഉള്ളതിനാലാണ് ഈ തരത്തിലുള്ള പടികൾ നിർമ്മിച്ചത്. വീടിന്റെ ഭംഗി കൂട്ടുന്നതിന് പടികൾക്കുള്ള പങ്ക് ചെറുതല്ല. പഴയ വീടിന്റെ തടികൾ ആണ് പടികൾക്കും ഉപയോഗിച്ചിരിക്കുന്നത്.

മുകളിൽ ഒരു ഫോയർ സ്പേസിൽ നിന്നും 3 ബെഡ്‌റൂമുകളിലേക്കുള്ള വാതിലുകളാണ് .3 കുട്ടികളുടെയും മുറികളാണ് അവ .മൂന്നു മുറികളും മൂന്ന് വശങ്ങളിലായി മൂന്നിനും വെവ്വേറെ നീണ്ട ബാല്കണികൾ ആണ് നൽകിയിട്ടുള്ളത് .GI പൈപ്പ് ഉപയോഗിച്ച് തന്നെ ഈ ബാൽക്കണി കളിൽ നിന്നും കിളിവാതിലുകളും നൽകിയിട്ടുണ്ട് .ബാൽക്കണിയിലൂടെ പുറത്ത് ഓപ്പൺ ടെറസ് ലേക്കുള്ള എൻട്രൻസ് ആണ് അവിടെ നിന്നും മുകളിലെ വിശാലമായ ടെറസും സായാഹ്നങ്ങളിലും ഒരു കപ്പ് കാപ്പിയുമായി വീടിന് എതിർവശത്തുള്ള ഫുട്ബോൾ ടർഫിലെ കളി ആസ്വദിക്കാൻ പറ്റിയ അന്തരീക്ഷം ,ഫർണിച്ചറുകൾക്കും ,പടികൾക്കും ജനൽ പാളികൾക്കുമെല്ലാം പഴയ വീടിന്റെ തടി തന്നെയാണ് ഉപയോഗിച്ചിരുക്കുന്നത് . വെള്ള ചാര നിറങ്ങോളോടൊപ്പം പേസ്റ്റൽ നിറങ്ങളിലുള്ള വസ്‌തുക്കൾ വെച്ചാണ് അലങ്കരിച്ചിട്ടുള്ളത്.പേസ്റ്റൽ പിങ്ക് ഗ്രീൻ തുടങ്ങിയ നിറങ്ങൾ അങ്ങിങ്ങായി കാണാം .ചെടിസ്റ്റാൻറ്റും മതിലിൽ വെച്ചിരിക്കുന്ന അലങ്കാര വസ്ത്ക്കൾ എല്ലാം തന്നെ ഡിസൈൻ കൊടുത്ത് ഉണ്ടാക്കിയിരിക്കുന്നതാണ്

ഓർമ്മയായി മുത്തശ്ശിയും മുത്തശ്ശനും

afrin-old-house
പഴയ തറവാട്

ഈ വീടിനും തടികൾക്കുമെല്ലാം മനോഹരമായ ഒരു പ്രണയകാവ്യം കൂടെ പറയാനുണ്ട്. മുഹമ്മദ് കുട്ടി മാഷിന്റെയും നബീസ ടീച്ചറുടെയും കഥ. വീട് പണിത് കാണണം എന്ന് ഏറ്റവും കൂടുതൽ ആഗ്രഹിച്ചത് അവരായിരുന്നു. വീട് പണിയുടെ അവസാനഘട്ടം ആയപ്പോഴേക്കും കോവിഡ് മഹാമാരിയിലൂടെ ഞങ്ങളുടെ ഉപ്പിച്ചിയെയും ഉമ്മിയെയും ഞങ്ങൾക്ക് നഷ്ടമായി. ഉപ്പിച്ചി പോയി ദിവസങ്ങൾക്കുള്ളിൽ ഉമ്മിയും . പണിയുടെ മേൽനോട്ടവും ടൈൽ നോക്കാൻ പോയപ്പോഴും ഒക്കെ ഉള്ള അവരുടെ ആവേശം എൻറെ കണ്ണുകളിൽ ഇപ്പോഴും ഉണ്ട്. ഈ വീട്ടിലെവിടെയും അവരുടെ ഓർമ്മകൾ ആണ്. ഈ വീടും എഴുത്തും ഞാൻ അവർക്കായി സമർപ്പിക്കുന്നു. അതെ ഇത് അവരുടെ വീടാണ്!അവരുടെ സ്വപ്നം. ഉമ്മിയുടെ ആഗ്രഹം പോലെ വീണ്ടും ആ അങ്കണം മുഴുവൻ മരവും ചെടിയും നട്ട് വളർത്താനുള്ള പരിശ്രമത്തിലാണെല്ലാവരും...

English Summary- Architect Shares Effort Behind Renovating Tharavadu

ബാല്യം മുതൽ ഇന്നുവരെ നിങ്ങളുടെ ജീവിതത്തിലൂടെ കടന്നുപോയ വീടുകളെക്കുറിച്ച് ഗൃഹാതുരമായ ഓർമകളുണ്ടോ? ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.യോഗ്യമായവ പ്രസിദ്ധീകരിക്കും.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സ്ഥിരം പരിപാടികൾ അല്ല ഇനി! - Mathew Thomas | Christy Movie | Latest Chat

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}