ADVERTISEMENT

ബ്രിട്ടനിൽ ഏറ്റവുമധികകാലം അധികാരത്തിലിരുന്ന ഭരണാധികാരി എന്ന വിശേഷണം ബാക്കിവച്ചുകൊണ്ടാണ് എലിസബത്ത് രാജ്ഞി വിട വാങ്ങിയിരിക്കുന്നത്. എക്കാലത്തും തന്റെ പ്രിയപ്പെട്ട ഇടമായിരുന്ന സ്കോട്ട്‌ലൻഡിലെ ബാൽമോറൽ കൊട്ടാരത്തിൽ വച്ചായിരുന്നു രാജ്ഞിയുടെ അന്ത്യം. സ്വന്തമായി ആറ് രാജകീയ മന്ദിരങ്ങളുണ്ടെങ്കിലും അവയിൽ ബാൽമോറൽ കൊട്ടാരത്തോട് എലിസബത്ത് രാജ്ഞി ഒരു പ്രത്യേക ഇഷ്ടം സൂക്ഷിച്ചിരുന്നു. 

Image Credit: Twitter/ annieleibovitz
Image Credit: Twitter/ annieleibovitz

വേനൽക്കാലത്ത് ബാൽമോറൽ കൊട്ടാരത്തിൽ അൽപദിവസങ്ങൾ ചെലവഴിക്കുക എന്നത് രാജ്ഞി കാലങ്ങളായി പിന്തുടർന്നിരുന്ന രീതിയാണ്. എന്നാൽ രാജ്ഞിയുടെ ഇഷ്ടപ്പെട്ട വസതി എന്നതിനപ്പുറം ബാൽമോറൽ കൊട്ടാരത്തെക്കുറിച്ച് അറിയാൻ ചിലതുണ്ട്.  വിൻഡ്സർ കാസിലും ബക്കിങ്ഹാം പാലസും പോലെയുള്ള രാജകീയ വസതികൾ ക്രൗൺ എസ്റ്റേറ്റിന്റെ ഉടമസ്ഥതയിലാണെങ്കിലും ബാൽമോറൽ കൊട്ടാരം എലിസബത്ത് രാജ്ഞിക്ക് പാരമ്പര്യമായി കൈമാറി കിട്ടിയ സ്വകാര്യ സ്വത്താണ്. നോർഫോക്കിലുള്ള സാൻഡ്രിങ്ഹാം മാത്രമാണ് ബാൽമോറൽ കൊട്ടാരത്തിന് പുറമേ രാജ്ഞിയുടെ സ്വകാര്യ ഉടമസ്ഥതയിലുള്ള വീട്.

buckingham
ബക്കിങ്ഹാം പാലസ്

1852 ൽ ആൽബർട്ട് രാജകുമാരൻ വാങ്ങിയതോടെയാണ് ബാൽമോറൽ കൊട്ടാരം രാജകുടുംബത്തിന് സ്വന്തമാകുന്നത്. പിന്നീടിങ്ങോട്ട് കൊട്ടാരം അനന്തരാവകാശികൾക്ക് കൈമാറി വരികയായിരുന്നു. പതിനഞ്ചാം നൂറ്റാണ്ടിൽ നിർമിക്കപ്പെട്ടതാണെങ്കിലും പലതവണ നവീകരിച്ച കൊട്ടാരത്തിന് യഥാർഥരൂപത്തിൽനിന്നും ഏറെ മാറ്റം വന്നിട്ടുണ്ട്.

balmoral-castle
ബാൽമോറൽ പാലസ് Shutterstock image © iweta0077

ആൽബർട്ട് രാജകുമാരൻ വാങ്ങിയശേഷം രാജകുടുംബത്തിന് താമസിക്കാൻ കൊട്ടാരത്തിന് വലുപ്പം മതിയാവില്ല എന്ന് തോന്നിയതിനെ തുടർന്ന് പുതിയതായി ഒന്ന് പണി കഴിപ്പിക്കുകയായിരുന്നു. പുതിയ കൊട്ടാരം നിർമ്മിച്ചശേഷം പഴയത് പൊളിച്ചു നീക്കുകയും ചെയ്തു. സ്കോട്ടിഷ് - ഗോഥിക് ശൈലികൾ പിന്തുടർന്നാണ് കൊട്ടാരത്തിന്റെ നിർമ്മാണം. നടുമുറ്റങ്ങളുള്ള രണ്ട് ഭാഗങ്ങൾ അടങ്ങിയ കൊട്ടാരത്തിൽ പ്രാദേശിക ഗ്രാനൈറ്റുകളാണ് ഉപയോഗിച്ചിരിക്കുന്നത്. ഗോപുരാകൃതിയിലുള്ള ക്ലോക്ക് ടവർ തലയെടുപ്പോടെ ഇന്നും നിലനിൽക്കുന്നു.

2012 ൽ എലിസബത്ത് രാജ്ഞി. ചിത്രം – AFP/ Eddie Mulholland
2012 ൽ എലിസബത്ത് രാജ്ഞി. ചിത്രം – AFP/ Eddie Mulholland

ഭീമാകാരമായ ഷാൻലിയർ സ്ഥാപിച്ച ബോൾറൂം അടക്കം അനേകം മുറികളാണ് കൊട്ടാരത്തിലുള്ളത്. അകത്തളത്തിലാകെ കടുംപച്ച നിറത്തിന് പ്രാധാന്യം നൽകിയിരിക്കുന്നു. മാർബിൾ ഫയർ പ്ലേസുകളും അപ്ഹോൾസ്റ്ററി ചെയ്ത മനോഹരമായ സോഫകളും ഭിത്തിയിലെ അലങ്കാര പണികളും തറയിൽ ഉപയോഗിച്ചിരിക്കുന്ന കാർപെറ്റുകളുമെല്ലാം കൊട്ടാരത്തിന്റെ ഭംഗി ഇരട്ടിയാക്കുന്നുണ്ട്. പഴമയുടെ പ്രൗഢി വിളിച്ചറിയിക്കുന്ന ലൈറ്റ് ഫിക്സ്ചറുകളും ഫർണിച്ചറുകളുമെല്ലാം ഉണ്ടെങ്കിലും ഫ്ലാറ്റ് സ്ക്രീൻ ടെലിവിഷൻ അടക്കമുള്ള ആധുനിക ഉപകരണങ്ങളും കൊട്ടാരത്തിൽ ഇടം നേടിയിരിക്കുന്നു. 

London: Britain's Queen Elizabeth II delivers the Queen's Speech during the official State Opening of Parliament in London, Monday Oct. 14, 2019. AP/PTI(AP10_14_2019_000274B)
London: Britain's Queen Elizabeth II delivers the Queen's Speech during the official State Opening of Parliament in London, Monday Oct. 14, 2019. AP/PTI(AP10_14_2019_000274B)

50000 ഏക്കർ സ്ഥലത്താണ് ബാൽമോറൽ കൊട്ടാരം സ്ഥിതിചെയ്യുന്നത്. എലിസബത്ത് രാജകുമാരിയും ഫിലിപ്പ് രാജകുമാരനും കൊട്ടാരത്തിന്റെ ഉടമസ്ഥത ഏറ്റെടുത്ത ശേഷം അന്നുണ്ടായിരുന്ന പൂന്തോട്ടങ്ങൾക്ക് പുറമേ പച്ചക്കറിത്തോട്ടം, വാട്ടർ ഗാർഡൻ തുടങ്ങി കൊട്ടാരപരിസരത്ത് മനോഹരമായ പലതും നിർമ്മിച്ചെടുത്തു. എടുത്തുപറയാൻ ഏറെ പ്രത്യേകതകളുണ്ടെങ്കിലും എലിസബത്ത് രാജ്ഞി അന്ത്യനിമിഷങ്ങൾ ചെലവഴിച്ച ഇടം എന്നാവും ഇനി ചരിത്രത്തിൽ ബാൽമോറൽ കൊട്ടാരം അടയാളപ്പെടുത്തപ്പെടുന്നത്.

English Summary- Balmoral Castle and Queen Elizabeth History Architecture

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com