അയ്യപ്പനും കോശിയിലെ 'കളക്കാത്ത സന്ദന' എന്ന ഗാനം എഴുതി ആലപിച്ചതോടെയാണ് പാലക്കാട് അട്ടപ്പാടി നക്കുപതി ഊരിലെ നഞ്ചിയമ്മയെ മലയാളികൾ തിരിച്ചറിഞ്ഞത്. പിന്നീട് മികച്ച ഗായികയ്ക്കുള്ള ദേശീയ അവാർഡ് കരസ്ഥമാക്കി ദേശീയശ്രദ്ധയും നേടി നഞ്ചിയമ്മ.
എന്നാൽ ഏറെക്കാലമായി അടച്ചുറപ്പില്ലാത്ത ഒരു വീട്ടിലാണ് നഞ്ചിയമ്മ താമസിച്ചിരുന്നത്. തനിക്ക് ലഭിച്ച അവാർഡുകൾ പോലും സൂക്ഷിക്കാൻ ഇടമില്ലാതെ വീട്ടിൽ കൂട്ടിയിട്ടിരിക്കുന്ന നഞ്ചിയമ്മയുടെ ദയനീയ അവസ്ഥ കണ്ട ഫിലോകാലിയ എന്ന ഫൗണ്ടേഷൻ ഇപ്പോൾ നഞ്ചിയമ്മയ്ക്ക് സ്വപ്നഭവനം പണിതുനൽകിയിരിക്കുകയാണ്. മൂന്ന് മാസം മുൻപ് തറക്കല്ലിട്ട വീടിന്റെ പണി പൂർത്തിയായി കഴിഞ്ഞ ദിവസം നഞ്ചിയമ്മ താമസമായി.
പുറംലോകവുമായി ബന്ധങ്ങൾ ഒന്നുമില്ലാതെ പ്രാരാബ്ധങ്ങളുമായി ഒതുങ്ങിജീവിച്ച നഞ്ചിയമ്മയ്ക്ക് തന്റെ ജീവിതത്തിലുണ്ടായ മാറ്റങ്ങൾ സ്വപ്നംപോലും കാണാൻകഴിയുന്നതായിരുന്നില്ല. ഇന്നവരെ ആളുകൾ തിരിച്ചറിയുന്നു, സ്വീകരണങ്ങൾ നൽകുന്നു. അടുത്തിടെ അവർ ആദ്യമായി വിമാനത്തിൽ കയറിയതും വിദേശയാത്ര നടത്തിയതുമൊക്കെ വാർത്തയായിരുന്നു. ജീവിതത്തിൽ പ്രതീക്ഷിക്കാതെ ലഭിച്ച പുതിയ സന്തോഷത്തെക്കുറിച്ച് ചോദിക്കുമ്പോൾ നഞ്ചിയമ്മയുടെ മുഖത്ത് പഴയ അതേ നിഷ്കളങ്കമായ പുഞ്ചിരി നിറയുന്നു.
English Summary- Nanjiyamma Got New House; Celebrity Home News