നാടും വീടും വിട്ട് ഒരു ജീവിതമില്ല: അന്ന് കൊച്ചുപ്രേമൻ പറഞ്ഞു; ഇനി ഓർമകളിൽ

kochupreman-21
SHARE

പൊക്കമില്ലായ്മയെ പൊക്കമാക്കി മാറ്റിയ കുറച്ചു നടന്മാരുണ്ട്. അതിലൊരാളാണ് കൊച്ചുപ്രേമൻ. ഒടുവിൽ വേറിട്ട ഒരുപിടി വേഷങ്ങൾ ബാക്കിവച്ച് അദ്ദേഹം ഇന്ന് കാലയവനികയിലേക്ക് മറഞ്ഞു. കുറച്ചുവർഷങ്ങൾക്ക് മുൻപ് അദ്ദേഹം പങ്കുവച്ച വീട് ഓർമകൾ അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് സംക്ഷിപ്തമായി പുനഃപ്രസിദ്ധീകരിക്കുന്നു.

***

അഭിനയിക്കുന്ന വേഷങ്ങൾ എത്ര ചെറുതായാലും തന്റേതായ മുദ്ര പതിപ്പിക്കും കൊച്ചുപ്രേമൻ. കെ എസ്. പ്രേംകുമാർ എന്ന പേര് മാറ്റി കൊച്ചുപ്രേമൻ എന്ന പേര് സ്വീകരിച്ചതിനു പിന്നിലും പൊക്കമില്ലായ്മയെ പൊക്കമാക്കി മാറ്റിയ നർമബോധമുണ്ട്. അദ്ദേഹത്തിന്റെ വീട് ഓർമകളിലൂടെ...

ഓർമവീട്..

തിരുവനന്തപുരം വലിയവിളയാണ് സ്വദേശം. അച്ഛൻ ശിവരാമൻ ശാസ്ത്രി അധ്യാപകനും അമ്മ കമലം സംഗീത അധ്യാപികയുമായിരുന്നു. ഞങ്ങൾ ആറു മക്കൾ. അതിൽ നാലാമനാണ് ഞാൻ. ഇടത്തരം കുടുംബമായിരുന്നു. അച്ഛന് സർക്കാർ ജോലി ഉണ്ടായിരുന്നതുകൊണ്ട് വലിയ ദാരിദ്ര്യമില്ലാതെ ജീവിതം മുന്നോട്ടു നീങ്ങി. വീട് ഞങ്ങൾ മക്കളുടെ വഴക്കും കലപിലയും സ്നേഹവും കൊണ്ട് സജീവമായിരുന്നു.

കലയെ പ്രോത്സാഹിപ്പിക്കുന്ന നാടും നാട്ടുകാരുമായിരുന്നു ഞങ്ങളുടെ പിന്തുണ. അക്കാലത്ത് നാട്ടിൽ ചെറിയ ക്ലബുകൾ നിരവധിയുണ്ടായിരുന്നു. ഇടയ്ക്കിടയ്ക്ക് നാടകവും കലാപരിപാടികളുമുണ്ടാകും. അവയിലൂടെയാണ് ഞാൻ ആദ്യമായി തട്ടിൽ കയറുന്നത്. കോളജിനു ശേഷം കാളിദാസ കലാകേന്ദ്രം, കേരള തിയറ്റർ തുടങ്ങിയവയിൽ പ്രവർത്തിച്ചു. അതിലൂടെ സിനിമയിലേക്കെത്തി.

കലാവീട്...

kochupreman-3

വിവാഹശേഷം തറവാട്ടിൽ നിന്നും ഓഹരി കിട്ടിയ സ്ഥലത്താണ് വീടുപണിയുന്നത്. അക്കാലത്ത് നാടകത്തിലൂടെ കിട്ടിയിരുന്ന തുച്ഛമായ സമ്പാദ്യം കൊണ്ടാണ് വീടിന്റെ അടിത്തറ കെട്ടിയത്. പിന്നീട് സിനിമകളിൽ സജീവമായ ശേഷമാണ് മുകളിലേക്ക് പണിയുന്നത്. ഘട്ടം ഘട്ടമായി സൗകര്യങ്ങൾ കൂട്ടിച്ചേർത്തു. ഇപ്പോൾ രണ്ടുനിലയുള്ള മൂന്നു കിടപ്പുമുറികളുള്ള വീടാണ്. അങ്ങനെ നാടകവും സിനിമയും സീരിയലുകളും തന്നതാണ് ഈ ജീവിതവും സാഹചര്യങ്ങളും. കലയോടാണ് എന്നും കടപ്പാട്. മദ്രാസിൽ നിന്നും സിനിമ കൊച്ചിയിലേക്ക് കൂടുമാറിയപ്പോൾ നിരവധി കലാകാരന്മാർ തിരുവനന്തപുരത്തു നിന്ന് കൂടും കുടുക്കയും എടുത്തു കൊച്ചിയിലേക്ക് മാറി. എനിക്കും നിരവധി സമ്മർദ്ദങ്ങൾ ഉണ്ടായിട്ടുണ്ട്. ഷൂട്ടിങ്ങിനായി തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ യാത്ര ചെയ്യാറുണ്ട്. ഹോട്ടലുകളിലാണ് അപ്പോൾ താമസം. ഷൂട്ട് കഴിഞ്ഞാൽ നേരെ വീടു പിടിക്കും. അതാണ് പണ്ടേയുള്ള ശൈലി. നഗരത്തിൽ തന്നെ എന്നാൽ സ്വസ്ഥമായ പ്രദേശത്താണ് വീട്. അവിടെ കിട്ടുന്ന സന്തോഷം മറ്റെവിടെയും കിട്ടില്ല. അതുകൊണ്ട്  ജനിച്ചു വളർന്ന നാടു വിട്ട് എങ്ങോട്ടുമില്ല. 

സിനിമാവീടുകൾ...

ഞാൻ അഭിനയിച്ച സിനിമാവീടുകളിൽ ഏറ്റവും ഇഷ്ടം വരിക്കാശ്ശേരി മന തന്നെ. ഞാൻ അഭിനയിച്ച അഞ്ചു സിനിമകൾ വരിക്കാശ്ശേരി മനയിൽ ചിത്രീകരിച്ചിട്ടുണ്ട്. അതുപോലെ ഒറ്റപ്പാലത്തെ നിരവധി മനകളും ഓർത്തിരിക്കുന്ന ലൊക്കേഷനാണ്. കൊച്ചിയിലേക്ക് സ്ഥിരമായി കൂടുമാറാൻ മടിച്ചു നിൽക്കുന്ന കുറച്ചു സിനിമാ സഹപ്രവർത്തകരുണ്ട് ഇവിടെ അയൽക്കാരായി. മല്ലിക സുകുമാരൻ എന്റെ അയൽക്കാരിയാണ്. അതുപോലെ ഇന്ദ്രൻസ്, മണിയൻപിള്ള രാജു ഇവരൊക്കെ സമീപത്താണ് താമസിക്കുന്നത്.

കുടുംബം..

kochupreman

ഭാര്യ ഗിരിജ പ്രേമൻ നിരവധി സീരിയലുകളിലും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. മകൻ ഹരികൃഷ്ണൻ ടെക്‌നോപാർക്കിൽ ജോലി ചെയ്യുന്നു.

English Summary- Actor Kochupreman Passed Away; House Memories

ബാല്യം മുതൽ ഇന്നുവരെ നിങ്ങളുടെ ജീവിതത്തിലൂടെ കടന്നുപോയ വീടുകളെക്കുറിച്ച് ഗൃഹാതുരമായ ഓർമകളുണ്ടോ? ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.യോഗ്യമായവ പ്രസിദ്ധീകരിക്കും.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

50ന്റെ ചെറുപ്പത്തിൽ കെഎസ്ആർടിസിയിലെ കാരണവർ

MORE VIDEOS