ADVERTISEMENT

അപ്രതീക്ഷിത പരുക്കുകൾ അതിജീവിച്ച് നെയ്മർ വീണ്ടും ലോകകപ്പിൽ ആരവം തീർക്കുന്നതിനായി കാത്തിരിക്കുകയാണ്  ലോകമെമ്പാടുമുള്ള ബ്രസീൽ ആരാധകർ. കാൽപന്തുകളിയിലെ മികവു പോലെ തന്നെ താരത്തിന്റെ ജീവിതവും ആരാധകർക്കിടയിൽ വാർത്താപ്രാധാന്യം നേടാറുണ്ട്. ബ്രസീലിൽ നെയ്മർ സ്വന്തമാക്കിയ കൊട്ടാരസമാനമായ വീടിന്റെ കാര്യവും അങ്ങനെ തന്നെ. കഴിഞ്ഞവർഷം അവസാനവാരത്തിലാണ് കോടികൾ മുടക്കി നെയ്മർ ബംഗ്ലാവ് സ്വന്തമാക്കിയത്.

സാവോ പോളോയിലെ ആൽഫവില്ലെ എന്ന പ്രദേശത്താണ് വീട് സ്ഥിതി ചെയ്യുന്നത്. ആദ്യ കാഴ്ചയിൽ തന്നെ ആരെയും ആകർഷിക്കുന്ന വിധത്തിലാണ് വീടിന്റെ രൂപകല്പന.  മുൻഭാഗത്തായി വിശാലമായ സ്വിമ്മിങ് പൂളും ഒരുക്കിയിട്ടുണ്ട്. രണ്ടു നിലകളിലായി നിർമ്മിച്ചിരിക്കുന്ന ബംഗ്ലാവിന്റെ താഴത്തെ നിലയിൽ സുതാര്യമായ ഗ്ലാസ് ഭിത്തികളാണ്  ഉൾപ്പെടുത്തിയിരിക്കുന്നത്. ചുറ്റും പച്ചപ്പുമൂടി നിൽക്കുന്ന പ്രകൃതിഭംഗി ആവോളം ആസ്വദിക്കാൻ ഇവ സഹായിക്കുന്നുണ്ട്.

neymar-life
instagram ©brunoivanoff_shark

താഴത്തെ നില വിശാലമായ ഒറ്റ ഹാളായി നിർമ്മിച്ച് ഓരോ ഭാഗങ്ങളിലായി വിശ്രമിക്കാനുള്ള ഇടവും ലിവിങ് ഏരിയയും എല്ലാം ഉൾക്കൊള്ളിച്ചിരിക്കുന്നു. ഇതിനോടൊപ്പം തന്നെ പൂൾ ടേബിളും ഉൾപ്പെടുത്തിയിരിക്കുന്നു. താഴത്തെ നിലയിൽ തന്നെയാണ് വിശാലമായ ഡൈനിങ് ഏരിയയും ഓപ്പൺ കിച്ചനും സ്ഥിതി ചെയ്യുന്നത്. 

neymar-kids
instagram © neymarjr

മുകൾനിലയിലേക്ക് കയറുന്നതിനായി ലിഫ്റ്റ് സംവിധാനം ഒരുക്കിയിട്ടുണ്ട്. ഏഴു കിടപ്പുമുറികളാണ് ബംഗ്ലാവിൽ ഉള്ളത്. പുറംകാഴ്ചകൾ ആസ്വദിക്കത്തക്ക വിധത്തിൽ കിടപ്പുമുറികളിലും ഗ്ലാസ് ഭിത്തികൾ ഉൾപ്പെടുത്തിയിട്ടുണ്ട്. വീടിനുള്ളിൽ തന്നെ സ്ക്വാഷ് കോർട്ടും ഒരുക്കിയിരിക്കുന്നു. അകത്തളത്തിന്റെ പ്രൗഡി ഇരട്ടിയായി തോന്നുന്നതിന് വാം ലൈറ്റാണ് കൂടുതലും ഉപയോഗിച്ചിരിക്കുന്നത്. ഒരേ സമയം 20 കാറുകൾ പാർക്ക് ചെയ്യാനാവുന്ന ഗ്യാരേജാണ് ബംഗ്ലാവിലെ മറ്റൊരു പ്രത്യേകത.

2.5 മില്യൻ പൗണ്ട് (25 കോടി രൂപ) ചെലവിട്ടാണ് നെയ്മർ വീട് സ്വന്തമാക്കിയത്. കഴിഞ്ഞവർഷം ക്രിസ്മസിന് രണ്ടുദിവസം മുൻപ് മാത്രമാണ് നെയ്മർ വീടിന്റെ താക്കോൽ ഏറ്റുവാങ്ങിയത്.

English Summary- Neymar Luxury House Liuxury Life- News

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com