ADVERTISEMENT

ഇന്നസെന്റിന് പിന്നാലെ മാമുക്കോയയും പോയി. മാമുക്കോയ ഒരു സിംഗിൾ പീസായിരുന്നു. സിനിമയിൽ അധികം അഭിനയിക്കേണ്ടി വന്നിട്ടില്ലാത്ത ഒരു നടൻ. തന്റെ സ്വാഭാവികമായ മലബാർ ഭാഷയെ അഭിനയത്തിലും കൂടെക്കൂട്ടി മാമുക്കോയ. ഓർമയിൽ എത്രയെത്ര കഥാപാത്രങ്ങൾ. 'ഗഫൂർക്ക ദോസ്ത്' അവയിൽ പ്രധാനം. ഈ പേരിൽ നിരവധി ചായക്കടകൾ പിന്നീട് കേരളത്തിൽ വന്നു എന്നതും ശ്രദ്ധേയം.

മാമുക്കോയ ഒരു സാഹിത്യകാരനല്ല. പക്ഷേ അദ്ദേഹത്തിന്റെ സൗഹൃദസദസ്സുകളിൽ മഹാരഥന്മാരുണ്ടായിരുന്നു. വൈക്കം മുഹമ്മദ് ബഷീറായിരുന്നു അവരിൽ പ്രധാനി. ബാബുരാജ്, പുനത്തിൽ, എംടി എന്നിവരെല്ലാം അദ്ദേഹത്തിന്റെ സൗഹൃദവലയത്തെ സമ്പന്നമാക്കി.

വീട് ഓർമകളെ കുറിച്ച് ഒരു അഭിമുഖത്തിൽ ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് വേദന നിറഞ്ഞ ഒരു ഓർമയായിരുന്നു. 29 വർഷം മുൻപുള്ള സംഭവമാണ്. അതിലും സൗഹൃദത്തിന്റെ അംശമുണ്ട്.

മാമുക്കോയ 1994 ൽ കോഴിക്കോട് പുതിയ വീട് വച്ചു. ഗൃഹപ്രവേശ ചടങ്ങ് ഗംഭീരമാക്കാൻ ഉഷാറായി ഓടിനടന്നത് സാക്ഷാൽ വൈക്കം മുഹമ്മദ് ബഷീറായിരുന്നു. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമുള്ള ചെറിയ പരിപാടിയാണ് മാമുക്കോയ ഉദ്ദേശിച്ചത്. പക്ഷേ ബഷീർ നാലു പ്രമുഖരെ ചടങ്ങിലേക്ക് കൊണ്ടുവരാമെന്ന് ഉറപ്പുപറഞ്ഞു. സാക്ഷാൽ ഇഎംഎസ്, സുകുമാർ അഴീക്കോട്,നിത്യചൈതന്യയതി, മൊയ്തു മൗലവി എന്നിവരാണ് വിഐപി കൾ.

ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനത്തിന് ഗൃഹപ്രവേശ തീയതി നിശ്ചയിച്ചു. പക്ഷേ ജൂലൈ 5 ന് വൈക്കം മുഹമ്മദ് ബഷീർ അന്തരിച്ചു. അതോടെ മാമുക്കോയയുടെ വീട് മരണവീട് പോലെയായി. ഒടുവിൽ വലിയ ചടങ്ങുകളോ അതിഥികളോ ആഘോഷമോ ഒന്നുമില്ലാതെ ഗൃഹപ്രവേശം നടത്തേണ്ടിവന്നു. തന്റെ ജീവിതത്തിലെ വലിയ വേദനകളിൽ ഒന്നായാണ് ആ സംഭവത്തെ മാമുക്കോയ വിശേഷിപ്പിച്ചത്.

Mamukoya-wife
മാമുക്കോയയും കുടുംബവും. ഫയൽ ചിത്രം...

അവസാനകാലം വരെ ഓടിനടന്ന് അഭിനയിച്ചിരുന്നു മാമുക്കോയ. കോവിഡ് കാലത്ത് വീട്ടിൽ ഇരുന്നപ്പോൾ ബോറടി മാറ്റാൻ വളർത്തുമൃഗങ്ങളെ വാങ്ങി. നായ, പൂച്ച, കോഴി, താറാവ്, കിളികൾ മുതൽ കുരങ്ങൻ വരെ അദ്ദേഹത്തിന്റെ വീട്ടിലുണ്ടായിരുന്നു. ഇവരെല്ലാം ഭൂമിയുടെ അവകാശികളാണെന്ന ബഷീറിയൻ സ്വാധീനമായിരുന്നു പ്രചോദനം.

ഒടുവിൽ മാമുക്കോയയും വീടുവിട്ട് പോവുകയാണ്. പരലോകത്തെ സമ്പന്നമായ സൗഹൃദ സദസ്സിലേക്ക് ചേക്കേറാനായി. ഒപ്പം മലയാളികളുടെ ഓർമകളിലേക്കും...

English Summary- Mamukkoya House Memories

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com