ADVERTISEMENT

കിങ് ഖാന്റെ ഭാര്യ എന്നതിലുപരി ഡിസൈനിങ് മേഖലയിൽ ഗൗരി ഖാൻ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചുകഴിഞ്ഞു. ഗൗരി ഖാന്റെ ഇന്റീരിയർ ഡിസൈനിങ്ങിലെ മികവ് ഏറ്റവും പ്രകടമാകുന്നത് ഖാൻ കുടുംബത്തിന്റെ സ്വന്തം വസതിയും ബാന്ദ്രയിലെ ഏറ്റവും വലിയ ആകർഷണവുമായ മന്നത്ത് എന്ന ബംഗ്ലാവിലാണ്. ഇപ്പോഴിതാ തന്റെ ആദ്യ പുസ്തകമായ 'മൈ ലൈഫ് ഇൻ ഡിസൈനി'ലൂടെ മന്നത്തിലെ കാണാകാഴ്ചകളും കഥകളും ആരാധകർക്ക് മുന്നിൽ തുറന്നു വയ്ക്കുകയാണ് ഗൗരി ഖാൻ.

വീടിനെ സ്നേഹിക്കുന്ന മലയാളികൾക്കായി ഒരു യുട്യൂബ് ചാനൽ...Subscribe Now

gauri
©instagram @gaurikhan

മുംബൈയിൽ ആദ്യത്തെ വീട് സ്വന്തമാക്കുന്ന സമയത്ത് അതിന്റെ ഇന്റീരിയർ ജോലികൾ മറ്റൊരാളെ ഏൽപ്പിക്കാനുള്ള സാമ്പത്തിക സ്ഥിതി കുടുംബത്തിന് ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് അകത്തളം താൻ തന്നെ രൂപകൽപന ചെയ്യാമെന്ന് ഗൗരി ഖാൻ തീരുമാനിച്ചത്. എന്നാൽ പിന്നീട് മന്നത്ത് വാങ്ങിയപ്പോഴും ഇതേ കഥ തന്നെ ആവർത്തിക്കുകയായിരുന്നു. സ്വന്തം ആവശ്യത്തിനായി തുടങ്ങിയ ഡിസൈനിങ് ജോലിയിൽ ക്രമേണ അത്യുൽസാഹം തോന്നിയതോടെയാണ് ഈ മേഖലയിലേക്ക് ഗൗരി ഖാൻ ചുവടുറപ്പിച്ചത്.

gauri-khan-family
©instagram @gaurikhan

മന്നത്തിലേക്ക് കടക്കുമ്പോൾ ആരെയും ആദ്യം ആകർഷിക്കുന്നത് ഡയമണ്ട് പതിപ്പിച്ച ഗേറ്റുകൾ തന്നെയാണ്. കുടുംബത്തിലെ ഓരോ അംഗങ്ങൾക്കും അവരുടെതായ സ്പെയ്സ് വീട്ടിൽ ഉണ്ടാവണമെന്ന് തനിക്ക് നിർബന്ധമായിരുന്നു എന്ന് ഗൗരി ഖാൻ പറയുന്നു. ഈ ആശയത്തിനൊത്ത് ഡിസൈൻ ചെയ്തപ്പോൾ തന്നെ വീട്ടിലെ എല്ലാ ഘടകങ്ങളും ഒന്ന് ഒന്നിനോട് ചേർന്നു പോകുമെന്ന് ഉറപ്പുവരുത്തുകയും ചെയ്തിട്ടുണ്ട്. ലൈബ്രറിയാണ് ഷാരൂഖിനായി ഒരുക്കിയിരിക്കുന്ന പ്രധാന ഇടം. വാം ലൈറ്റുകളും  ഷെൽഫുകളും ഉൾപ്പെടുത്തിയിരിക്കുന്ന ഈ ലൈബ്രറിയിലാണ് തന്റെ ഒഴിവുവേളകളിൽ ഏറെയും ഷാരൂഖ് ചിലവഴിക്കുന്നത്.

ഒരേസമയം വിനോദത്തിനും പഠനത്തിനുമായി ചിലവഴിക്കാവുന്ന രീതിയിലാണ് ആര്യനായുള്ള ഇടത്തിന്റെ രൂപകല്പന. ആര്യൻ സുഹൃത്തുക്കളുമൊത്ത് സമയം ചിലവിടുന്നതും സിനിമകൾ കാണുന്നതും ഗെയിം കളിക്കുന്നതും പഠിക്കുന്നതും എഴുതുന്നതും എല്ലാം ഇവിടെ തന്നെയാണ്. അബ്രാമിന്റെ കളിക്കോപ്പുകൾക്കായി പ്രത്യേക ഇടവും മന്നത്തിലുണ്ട്. സുഹാനയുടെ വ്യക്തിത്വം പ്രതിഫലിക്കുന്ന തരത്തിലാണ് മുറിയുടെ ക്രമീകരണം. പാർട്ടികൾ നടത്താനുള്ള പ്രത്യേക ഇടവും ബംഗ്ലാവിൽ ഒരുക്കിയിരിക്കുന്നു.

പലയിടങ്ങളിൽ നിന്നായി ശേഖരിച്ച കലാസൃഷ്ടികളും പെയിന്റിങ്ങുകളുമല്ലാം ബംഗ്ലാവിൽ കാണാം. ജോലിത്തിരക്കുകളിൽ നിന്നെല്ലാം ഒഴിഞ്ഞ് കുടുംബത്തിന് ഒന്നായി സന്തോഷത്തോടെ സമയം ചിലവിടാനുള്ള എല്ലാ സാധ്യതകളും മന്നത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. വീട് എന്നത് കേവലം ഒരു സ്ഥലമല്ല എന്നും മറിച്ച് അതൊരു വികാരമാണെന്നുമുള്ള ഉറച്ച തോന്നലിൽ നിന്നാണ് ഗൗരി ഖാൻ മന്നത്ത് ബംഗ്ലാവിന് രൂപം നൽകിയത്. താൻ ഏറ്റെടുക്കുന്ന ഓരോ പ്രോജക്റ്റിലും ഇതേ കാഴ്ചപ്പാടാണ് പുലർത്തുന്നത് എന്നും ഗൗരി പറയുന്നു.

English Summary- Gauri Khan About Designing Mannat in New Book

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com