ADVERTISEMENT

ബോളിവുഡ് താരങ്ങൾക്ക് മുംബൈ നഗരത്തോടുള്ള ഇഷ്ടത്തിന് കണക്കില്ല. ചലച്ചിത്ര മേഖലയിൽ ചുവടുറപ്പിച്ച ശേഷം മുംബൈയിൽ വീട് സ്വന്തമാക്കാത്ത ബോളിവുഡ് താരങ്ങൾ ഇല്ല എന്നുതന്നെ പറയാം.  മുൻനിര താരങ്ങൾക്കെല്ലാം നഗരത്തിൽ ഒന്നിലധികം വസതികളുമുണ്ട്. ഷാറുഖ് ഖാൻ, അമിതാഭ് ബച്ചൻ തുടങ്ങി ആലിയ ഭട്ട് വരെ ഈ പട്ടികയിൽ പെടും. ഇപ്പോഴിതാ ബോളിവുഡ് താരവും ആലിയ ഭട്ടിന്റെ ഭർതൃമാതാവുമായ നീതു കപൂറും കോടികൾ മുടക്കി മുംബൈയിൽ പുതിയ അപ്പാർട്ട്മെന്റ് സ്വന്തമാക്കിയതായാണ് റിപ്പോർട്ടുകൾ.

സൺടെക് റിയൽറ്റിയുടെ ഉടമസ്ഥതയിലുള്ള സിഗ്നിയ ഐൽ എന്ന 19 നില കെട്ടിടത്തിലാണ് നീതു കപൂറിന്റെ പുതിയ വസതി സ്ഥിതി ചെയ്യുന്നത്. കെട്ടിടത്തിന്റെ ഏഴാം നിലയിലെ അപ്പാർട്ട്മെന്റാണിത്. ബാന്ദ്രാ കുർള കോംപ്ലക്സിലെ ആഡംബരം നിറഞ്ഞ ഈ അപ്പാർട്ട്മെന്റിനായി താരം 17.4 കോടി രൂപ ചിലവിട്ടതായാണ് പുറത്തുവരുന്ന വിവരം. 3387 ചതുരശ്ര അടിയാണ് അപ്പാർട്ട്മെന്റിന്റെ ആകെ വിസ്തീർണ്ണം. കെട്ടിടത്തിലെ മൂന്ന് പാർക്കിങ് സ്പോട്ടുകളും താരത്തിനായി നീക്കിവച്ചിട്ടുണ്ട്.

അഞ്ച് കിടപ്പുമുറികൾ അപ്പാർട്ട്മെന്റിനുള്ളതായും റിപ്പോർട്ടുകളിൽ പറയുന്നു. അപ്പാർട്ട്മെന്റ് സ്വന്തമാക്കുന്നതിനായി ഒരു കോടി രൂപ സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിലും നീതു കപൂർ മുടക്കിയിട്ടുണ്ട്. പുറംകാഴ്ചകൾ ആസ്വദിക്കാവുന്ന വിധത്തിൽ ക്രമീകരിച്ചിരിക്കുന്ന  വിശാലമായ ഡെക്കാണ് അപ്പാർട്ട്മെന്റിലെ പ്രധാന സവിശേഷത. താപനില നിയന്ത്രിക്കാനുള്ള സജ്ജീകരണങ്ങൾ ഉൾപ്പെടുത്തിയ ഇൻഡോർ പൂൾ, ജിംനേഷ്യം, സ്ക്വാഷ് കോർട്ട്, വിർച്വൽ ഗോൾഫ് തുടങ്ങി ഇവിടുത്തെ ആഡംബര സൗകര്യങ്ങളുടെ പട്ടിക നീളും.

ഏതാനും ആഴ്ചകൾക്ക് മുൻപാണ് ബാന്ദ്രയിലെ പാലി ഏരിയയിൽ കോടികൾ വിലമതിക്കുന്ന പുതിയ വസതി ആലിയ ഭട്ട് സ്വന്തമാക്കിയത്.  രേഖകൾ പ്രകാരം 37.8 കോടി രൂപയാണ് താരം വീടിനായി ചിലവിട്ടിരിക്കുന്നത്. ഇതിനുപുറമേ സഹോദരിയായ ഷഹീൻ മഹേഷ് ഭട്ടിനായി ആലിയ രണ്ട് വീടുകൾ സമ്മാനമായി നൽകിയതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

നിലവിൽ പാലി ഹില്ലിലെ വാസ്തു എന്ന  കെട്ടിടത്തിലെ 35 കോടി വിലമതിക്കുന്ന അപ്പാർട്ട്മെന്റിലാണ് ആലിയയും രൺബീർ കപൂറും താമസിക്കുന്നത്. അതേസമയം  ഋഷി കപൂർ 1980 ൽ സ്വന്തമാക്കിയ  കൃഷ്ണരാജ് എന്ന ബംഗ്ലാവിലാണ് നീതു കപൂറിന്റെ താമസം. ഈ വസതിയും പാലി ഹില്ലിൽ തന്നെയാണ് സ്ഥിതി ചെയ്യുന്നത്.

English Summary- Neetu Kapoor Bought New Luxury Flat in Mumbai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT