ADVERTISEMENT

നടൻ സുധിയുടെ ആകസ്മിക വേർപാടിന്റെ ആഘാതത്തിലാണ് കലാലോകം. മിനിസ്‌ക്രീനിൽ പൊട്ടിച്ചിരിയുടെ മാലപ്പടക്കങ്ങൾ പൊട്ടിച്ച കലാകാരനാണ് സുധി കൊല്ലം.  മികച്ച കോമഡി നമ്പറുകളുമായി മഴവിൽ മനോരമയിലെ കോമഡി ഫെസ്റ്റിവൽ ജേതാക്കളായിരുന്നു  സുധിയും ടീമും.ആ കലാകാരന് ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് അദ്ദേഹം 2020 ൽ നൽകിയ അഭിമുഖം സംക്ഷിപ്തമായി പുനഃപ്രസിദ്ധീകരിക്കുന്നു.

 

ഓർമ വീട്.. 

അച്ഛന്റെ സ്വദേശം എറണാകുളമായിരുന്നു.  അച്ഛൻ, അമ്മ, ഞങ്ങൾ നാലുമക്കൾ. ഇതായിരുന്നു കുടുംബം. ഒരു അനിയൻ ചെറുപ്പത്തിലേ മരിച്ചു. അച്ഛൻ റവന്യു വകുപ്പിൽ ഉദ്യോഗസ്ഥനായിരുന്നു. ഞാൻ ജനിച്ചതും അഞ്ചാം ക്‌ളാസ് വരെ പഠിച്ചതും എറണാകുളത്താണ്. അച്ഛന്റെ കൂട്ടുകുടുംബമായിരുന്നു. പിന്നീട് എല്ലാവരും ഓഹരി പറ്റി പിരിഞ്ഞപ്പോൾ തറവാട് പൊളിച്ചു കളഞ്ഞു.  അപ്പോഴേക്കും അച്ഛന് കൊല്ലത്തേക്ക് സ്ഥലം മാറ്റമായി. അങ്ങനെ ഞങ്ങൾ കൊല്ലത്തേക്ക് ജീവിതം പറിച്ചുനട്ടു. അച്ഛൻ ഒരു വീടുവാങ്ങി. 

 

ജീവിതത്തിൽ പ്രതിസന്ധികൾ...

കൊല്ലത്തേക്ക് മാറി കുറച്ചു വർഷമായപ്പോൾ അച്ഛൻ രോഗിയായി. ചികിത്സയ്ക്ക് നല്ലൊരു തുക ചെലവായി. കടവും പ്രാരാബ്ധവുമായി. അങ്ങനെ അച്ഛൻ വാങ്ങിയ ആ വീട് ഞങ്ങൾക്ക് വിൽക്കേണ്ടി വന്നു. ഞങ്ങൾ വാടകവീട്ടിലേക്ക് താമസം മാറി. അപ്പോഴേക്കും അച്ഛൻ ഞങ്ങളെ വിട്ടുപോയി.

sudhi-family

 

മിമിക്രി വഴി സിനിമ...

ഞാൻ സ്‌കൂളിൽ പഠിക്കുമ്പോൾ കലാപരിപാടികളിൽ സജീവമായിരുന്നു. കൊല്ലം എസ്എൻ കോളജിൽ പഠിക്കുമ്പോൾ ഒരു സുഹൃത്ത് വഴി ഒരു അമ്പലപരിപാടി അവതരിപ്പിക്കാൻ അവസരം ലഭിച്ചു. ഞങ്ങൾ സുഹൃത്തുക്കൾ പഴയ കലാഭവന്റെ മിമിക്രിയും സ്കിറ്റുകളുമെല്ലാം കണ്ടു പഠിച്ചാണ് തയാറെടുത്തത്. പക്ഷേ സംഭവം ചീറ്റി. കൂവലും ചെരിപ്പുമാലയും കിട്ടി. സ്റ്റേജിൽ നിന്നും ഒരുവിധത്തിൽ ഇറങ്ങിയോടി.

sudhi-kollam-home

ആദ്യം അമച്വർ ട്രൂപ്പുകളിലും പിന്നീട്  പ്രൊഫഷനൽ ട്രൂപ്പുകളിൽ സജീവമായി. അങ്ങനെ പടിപടിയായി മിനിസ്‌ക്രീനിൽ പരിപാടി അവതരിപ്പിക്കാൻ അവസരം ലഭിച്ചു. മഴവിൽ മനോരമയിലെ കോമഡി ഫെസ്റ്റിവലിൽ അവസരം കിട്ടിയതും ഞാനും പാഷാണം ഷാജിയും അടങ്ങുന്ന ടീമിന് ഒന്നാം സ്ഥാനം കിട്ടിയതുമാണ് വഴിത്തിരിവ്. അതോടെ സിനിമകളിലും അവസരം ലഭിച്ചു. ഇതിനോടകം 40 ലേറെ  സിനിമകളിൽ ചെറിയ വേഷം ചെയ്തു.

 

വീട് എന്ന സ്വപ്നം തളിർക്കുന്നു...

കോട്ടയം വാകത്താനത്ത് ഒരു വാടകവീട്ടിലായിരുന്നു താമസം.കോമഡി ഫെസ്റ്റിവലിൽ നിന്നും കിട്ടിയ സമ്മാനത്തുകയും ഗൾഫ് ഷോകൾക്ക് പോയ തുകയും സ്വരുക്കൂട്ടി ആ വീട് ഞങ്ങൾ വാങ്ങി. അതുപൊളിച്ചു കളഞ്ഞു പുതിയ വീടിന്റെ പണിപ്പുരയിലാണ്. 

 

കൊറോണക്കാലം...

കൊറോണക്കാലം ഞങ്ങൾ കലാകാരന്മാർക്ക് ദുരിതകാലമായിരുന്നു. ഒരുപാട് സ്റ്റേജ് പരിപാടികൾ കാൻസൽ ആയി. സാമ്പത്തിക ബുദ്ധിമുട്ട് രൂക്ഷമായി. ഓരോ തവണയും പണം ലഭിക്കുന്ന മുറയ്‌ക്കാണ്‌ വീടുപണി  പുരോഗമിച്ചിരുന്നത്.. ആ സമയത്ത് വീടുപണി നിലച്ചു. ജീവിതവും സ്റ്റേജുകളും പഴയപോലെ സജീവമാകുന്ന കാലത്തിനായി കാത്തിരിക്കുന്നു.

 

English Summary- Sudhi Kollam Artist Home Memories

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com