ADVERTISEMENT

തങ്ങളുടെ വിവാഹശേഷം മിറ രാജ്പുത് ആദ്യമായി വീട്ടിലേക്ക് എത്തുന്ന സമയത്ത് വീടിനുള്ളിലെ അവസ്ഥകണ്ട് അമ്പരന്നുപോയ അനുഭവം പങ്കുവയ്ക്കുകയാണ് ബോളിവുഡ് നടൻ ഷാഹിദ് കപൂർ. ഒരു അഭിമുഖത്തിൽ വീടിന്റെ വിശേഷങ്ങളെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് ഷാഹിദിന്റെ രസകരമായ വെളിപ്പെടുത്തൽ. മിറയെ വിവാഹം ചെയ്യുന്ന സമയത്ത് ഷാഹിദ് പുതിയ ഒരു വീട്ടിലേക്ക് താമസം മാറിയിട്ട് അധികകാലമായിരുന്നില്ല. വിവാഹശേഷം അവിടേക്കെത്തിയ മിറയ്ക്ക് അസൗകര്യങ്ങളെപ്പറ്റി മാത്രമാണ് പറയാനുണ്ടായിരുന്നത്.

ആ വീട്ടിലാകട്ടെ തനിക്ക് രണ്ട് സ്പൂണുകളും ഒരു പ്ലേറ്റും മാത്രമാണ് ഉണ്ടായിരുന്നത് എന്ന് ഷാഹിദ് പറയുന്നു. 'ഇവ മാത്രം ഉപയോഗിച്ച്  എങ്ങനെ ജീവിക്കുന്നു' എന്നായിരുന്നു മിറയുടെ ചോദ്യം. താൻ തനിച്ചുള്ളപ്പോൾ ഇതിനപ്പുറം ഒന്നും വേണ്ടിയിരുന്നില്ല എന്ന് ഷാഹിദ് മറുപടി നൽകുകയും ചെയ്തു. 'അതിഥികൾ എത്തിയാൽ എന്ത് ചെയ്യും' എന്ന ചോദ്യത്തിന് വെളിയിൽ നിന്നും ഭക്ഷണം ഓർഡർ ചെയ്യാം എന്നായിരുന്നു ഷാഹിദിന്റെ മറുപടി. എന്നാൽ പിന്നീട് വാങ്ങിയ പുതിയ വീടിന്റെ അകത്തളം ഇരുവരും ചേർന്ന് ഒരുക്കിയെടുക്കുകയായിരുന്നു എന്നും താരം പറയുന്നുണ്ട്.

മുംബൈയിലെ വെർളിയിലാണ് ഷാഹിദിന്റെയും മിറയുടെയും പുതിയ ആഡംബര അപ്പാർട്ട്മെന്റ് സ്ഥിതി ചെയ്യുന്നത്. നഗരത്തിന്റെയും കടലിന്റെയും സൗന്ദര്യം പരമാവധി ആസ്വദിക്കാവുന്ന വിധത്തിൽ സ്ഥിതി ചെയ്യുന്ന വീടാണ് ഇത്. രേഖകൾ പ്രകാരം 55.9 കോടി രൂപയാണ് താരം ഈ വീട് സ്വന്തമാക്കാനായി മുടക്കിയത്. ഇതിനുപുറമേ 2.91 കോടി രൂപ സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിലും ചെലവാക്കിയിട്ടുണ്ട്. മക്കൾ മിഷയ്ക്കും സെയ്നിനുമൊപ്പം ഇരുവരും ഈ വീട്ടിൽ തന്നെയാണ് താമസം.

അപ്പാർട്ട്മെന്റ് കോംപ്ലക്സിന്റെ രണ്ട് നിലകളിലായി വ്യാപിച്ചു കിടക്കുന്ന വസതിയാണ് ഇവരുടേത്. 8,625 ചതുരശ്ര അടിയാണ് ഡ്യൂപ്ലക്സിന്റെ വിസ്തീർണ്ണം. ഇതിനുപുറമെ 500 ചതുരശ്ര അടിയിൽ വിശാലമായ ബാൽക്കണിയും ഒരുക്കിയിട്ടുണ്ട്. ഇരുവരുടെയും സമൂഹമാധ്യമ പേജുകളിലൂടെ വീടിന്റെ മനോഹരമായ ചിത്രങ്ങൾ ആരാധകരിലേയ്ക്ക് എത്തുന്നുണ്ട്. 

കിടപ്പുമുറിയിൽ ഷാഹിദിന്റെയും മിറയുടെയും ധാരാളം ചിത്രങ്ങൾ ഇടം പിടിച്ചിരിക്കുന്നു. ഡാർക്ക് തീമിലാണ് ഈ മുറി അലങ്കരിച്ചിരിക്കുന്നത്. നഗരക്കാഴ്ചകൾ ആസ്വദിക്കാവുന്ന വിധത്തിലാണ് ഡൈനിങ് റൂം ക്രമീകരിച്ചിരിക്കുന്നത്. ഷാഹിദിന്റെ വിപുലമായ ഹെൽമറ്റ് കലക്‌ഷനാണ് വീടിന്റെ അകത്തളത്തിലെ മറ്റൊരു കാഴ്ച. ഇവയ്ക്ക് മാത്രമായി പ്രത്യക ഷെൽഫ് തന്നെ ഇവിടെ ഒരുക്കിയിട്ടുണ്ട്.

വെളുത്ത നിറത്തിൽ കാൽപാദത്തിന്റെ ആകൃതിയിൽ നിർമ്മിച്ചിരിക്കുന്ന വലിയ പ്രതിമയാണ് ഇവിടുത്തെ മറ്റൊരു ആകർഷണം. സ്റ്റൈലും ക്ലാസും ഒത്തുചേർന്ന ഇടം എന്ന് നിസ്സംശയം ഈ വീടിനെ വിശേഷിപ്പിക്കാം. ആറ് കാറുകൾ പാർക്ക് ചെയ്യാനുള്ള ഇടവും അപ്പാർട്ട്മെന്റ് കോംപ്ലക്സിൽ ഷാഹിദിനും മിറയ്ക്കുമായി നീക്കിവച്ചിട്ടുണ്ട്. അങ്കുർ ഖോസ്ലയാണ് ഈ വീട് രൂപകൽപന ചെയ്തിരിക്കുന്നത്.

English Summary- Shahid Kapoor Revels about his House Interior before Marriage- Celebrity House News

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com