വാതിലില്ലാത്ത വീട്, ഭർത്താവിന്റെ ഓർമയ്ക്ക് മ്യൂസിയം; ഉള്ളിൽ കോടികൾ മൂല്യമുള്ള വസ്തുക്കൾ! വിഡിയോ
Mail This Article
മുഗൾ ചക്രവർത്തിയായിരുന്ന ഷാജഹാൻ പ്രിയ പത്നി മുംതാസിന്റെ ഓർമയ്ക്കായി പണികഴിപ്പിച്ച താജ്മഹലിനെക്കുറിച്ച് കേൾക്കാത്തവരുണ്ടാവില്ല. ഇതുപോലെ പ്രണയത്തിന്റെ ഓർമകൾ ഉറങ്ങുന്ന ഒരു സ്മാരകം കേരളത്തിലുമുണ്ട്. ആലപ്പുഴയിലെ രവി കരുണാകരൻ മ്യൂസിയം. വേർപിരിഞ്ഞു പോയ ഭർത്താവിന്റെ ഓർമകൾ നിലനിർത്താൻ ഭാര്യ ബെറ്റി അദ്ദേഹത്തിന്റെ പേരിൽ പണികഴിപ്പിച്ചതാണ് രവി കരുണാകരൻ മ്യൂസിയം. 13 വയസിൽ ബെറ്റി ആദ്യമായി വാങ്ങിയ 8 രൂപയുടെ ബൗള് മുതൽ കോടികൾ വില വരുന്ന വസ്തുക്കൾ ഈ മ്യൂസിയത്തിലുണ്ട്. മൂന്നു തലമുറകളുടെ ശേഖരങ്ങളാണ് ഇവിടെയുള്ളത്. നൂറുകണക്കിനാളുകളാണ് ദിവസവും മ്യൂസിയം കാണാൻ എത്തുന്നത്. ടിക്കറ്റ് മുഖേനയാണ് മ്യൂസിയത്തിനകത്തേക്കുള്ള പ്രവേശനം. മ്യൂസിയം നിർമിക്കാനുണ്ടായ കാരണത്തെക്കുറിച്ചും ഭർത്താവിന്റെ ഓർമകളെക്കുറിച്ചും മനോരമ ഓൺലൈനിനോടു സംസാരിക്കുകയാണ് ബെറ്റി കരൺ.
വിവാഹവും പ്രണയവും
ബെറ്റിയുടെ പതിനാറാം വയസിലായിരുന്നു രവി കരുണാകരനുമായുള്ള വിവാഹം. ആലപ്പുഴയിലെ തിരക്കേറിയ ബിസിനസുകാരനായിരുന്നു അക്കാലത്ത് രവി. അകന്ന ബന്ധുക്കളായിരുന്നു ഇരുവരും ."വീട്ടുകാരാണ് വിവാഹത്തിനു മുൻകയ്യെടുത്തത്. ഭർത്താവിന് ബിസിനസിനോടുള്ള താൽപര്യവും തിരക്കുകളുമൊക്കെ കാണുമ്പോൾ തന്നെക്കാൾ ഇഷ്ടം ബിസിനസിനോടാണെന്നു തോന്നുമായിരുന്നു. എനിക്കെന്തെങ്കിലും സംഭവിച്ചാൽ എന്നെ ആരു നോക്കും എന്നു ചോദിക്കുമ്പോഴൊക്കെ നിനക്കൊപ്പം ഞാൻ ഉണ്ടാകുമെന്നായിരുന്നു മറുപടി. എന്നാൽ അപ്പോഴത് വിശ്വസിച്ചില്ല. പറഞ്ഞത് സത്യമായിരുന്നെന്നും എന്നോടുള്ള ഇഷ്ടം എത്രമാത്രമുണ്ടെന്നും തിരിച്ചറിഞ്ഞത് എനിക്കു പൊള്ളലേറ്റപ്പോഴാണ്. സാരിയിലേക്കു തീപടർന്നാണ് അപകടമുണ്ടായത്. മണിക്കൂറുകൾക്കുള്ളിൽ അദ്ദേഹമെന്നെ വിദേശത്തെത്തിച്ചു. ചികിത്സ നൽകി. ഞാൻ പഴയ നിലയിലേക്കു തിരിച്ചെത്തും വരെ ബിസിനസ് തിരക്കുകൾ മാറ്റിവെച്ച് എന്നോടൊപ്പം ഉണ്ടായിരുന്നു. ബിസിനസ് ആവശ്യങ്ങൾക്കായി വർഷത്തിൽ നാല് തവണയെങ്കിലും അദ്ദേഹത്തിനു വിദേശ രാജ്യങ്ങളിലേക്കു യാത്ര ചെയ്യേണ്ടി വരും. അപ്പോഴെല്ലാം ഞാനും കൂടെയുണ്ടാകും. വിദേശ യാത്രകളിൽ കണ്ണിൽ പെടുന്ന വ്യത്യസ്ഥത തോന്നിക്കുന്ന വസ്തുക്കളെല്ലാം സ്വന്തമാക്കും. അങ്ങനെ ശേഖരിച്ച വസ്തുക്കളാണ് മ്യൂസിയത്തിലുള്ളതത്രയും" ബെറ്റി പറയുന്നു
വാതിലില്ലാത്ത വീട്...
ബെറ്റി കരൺ ഇപ്പോൾ താമസിക്കുന്നത് മ്യൂസിയത്തിനോടു ചേർന്നുള്ള വീട്ടിലാണ്. 120 വർഷം പഴക്കമുള്ള ഈ വീടിനുമുണ്ട് പ്രത്യേകത. പ്രധാന വാതിലുകളില്ലാതെയാണ് ഈ വീട് നിർമിച്ചിരിക്കുന്നത്. ജർമൻ വനിതയായിരുന്ന ഭർതൃമാതാവിനു വേണ്ടിയായിരുന്നു അന്നു ഇങ്ങനെയൊരു വീട് പണി കഴിപ്പിച്ചതത്രേ. "എയർ കണ്ടീഷനർ ഒന്നും അന്ന് ഉണ്ടായിരുന്നില്ല. വായുസഞ്ചാരത്തിനു വേണ്ടിയാണ് വാതിലില്ലാതെ വീടുണ്ടാക്കിയത്. വാതിലില്ലാത്ത വീട് ലോകത്തു വേറെവിടെയും ഉണ്ടാകാൻ സാധ്യതയില്ല. വീടിനു വാതിലില്ലാ എന്ന കാരണം കൊണ്ട് മറ്റൊരു ബുദ്ധിമുട്ടും ഞങ്ങൾക്കുണ്ടായിട്ടില്ല"- ബെറ്റി പറയുന്നു.
8 രൂപ മുതൽ കോടികൾ വിലയുള്ള വസ്തുക്കൾ
കേരളത്തിൽ ഇത്രയധികം മ്യൂസിയങ്ങളുണ്ടായിട്ടും ഒരു സ്വകാര്യ മ്യൂസിയം കാഴ്ചക്കാരെ ഇത്രയധികം ആകർഷിക്കാനുള്ള പ്രധാന കാരണം ഇവിടെയുള്ള വ്യത്യസ്തമായ ശേഖരങ്ങളും അവയുടെ പഴക്കവും തന്നെയാണ്. ഇന്ത്യയിൽ ലഭ്യമല്ലാത്ത നിരവധി കലക്‌ഷനുകൾ ഇവിടെയുണ്ട്.. 8 രൂപയുടെ ബൗള് മുതൽ കോടികൾ വിലമതിക്കുന്ന വസ്തുക്കൾ മ്യൂസിയത്തിലുണ്ട്.
മ്യൂസിയത്തിലെത്തുന്ന കാഴ്ചക്കാർക്ക് ആദ്യം കാണാൻ കഴിയുന്നത് അമേരിക്കൻ കമ്പനിയായ ജനറൽ മോട്ടോർസിന്റെ 1947 മോഡൽ ബ്യൂക്കായിരിക്കും. ഒരുകാലത്ത് ലോകരാഷ്ട്രങ്ങളിൽ ഭരണത്തലവൻമാരുടെ പ്രൗഢിയുടെ അടയാളമായിരുന്നു ബ്യൂക്ക്. അന്ന് ആഢംബരവാഹന വിപണിയിലെ മിന്നും താരമായിരുന്ന ബ്യൂക്കിനു ഇന്നും ആവശ്യക്കാരേറെയാണ്. പലരും ഭീമമായ തുക പറഞ്ഞു സ്വന്തമാക്കാൻ ശ്രമിച്ചെങ്കിലും ഭർത്താവിന്റെ ഓർമകളുള്ള കാർ വിട്ടുകൊടുക്കാൻ താൻ തയാറായിരുന്നില്ല എന്നു ബെറ്റി പറയുന്നു.
ആനക്കൊമ്പിൽ പണികഴിപ്പിച്ച വിവിധതരം ശിൽപങ്ങളാണ് മ്യൂസിയത്തിലെ മറ്റൊരു പ്രധാന ആകർഷണീയത. മഹാവിഷ്ണുവിന്റെ അവതാരങ്ങൾ ,ഗണപതി, കൃഷ്ണൻ ഇങ്ങനെ ഒറ്റ ആനക്കൊമ്പിൽ തീർത്ത ശിൽപങ്ങൾ വരെയുണ്ട് ഇവിടെ. ഇവയ്ക്കെല്ലാം വർഷങ്ങൾ പഴക്കവുമുണ്ട്. അനുമതിയോടുകൂടിയാണ് ആനക്കൊമ്പിലുണ്ടാക്കിയ ശിൽപങ്ങൾ സൂക്ഷിച്ചിരിക്കുന്നതെന്ന് ബെറ്റി പറയുന്നു.
ഇറ്റലിയിലെ വെനീസിൽ നിന്നുമെത്തിച്ച ക്രിസ്റ്റൽ കലക്‌ഷനുകളും ഇവിടെ കാണാം. 24 കാരറ്റ് സ്വർണത്തരികളാണ് ഇതിനുള്ളിൽ നിക്ഷേപിച്ചിരിക്കുന്നത്. യന്ത്രങ്ങളുടെ സഹായമില്ലാതെ കൈകൾ കൊണ്ടാണ് ഇവയെല്ലാം നിർമിച്ചിരിക്കുന്നതെന്നു ബെറ്റി പറയുന്നു. "മഹാരാജാക്കന്മാർ വിദേശ രാജ്യങ്ങളിൽ യാത്ര ചെയ്യുമ്പോൾ ഗംഗാ ജലം മാത്രമേ കുടിക്കൂ.. ഗംഗാ ജലം ശേഖരിച്ചു കൊണ്ടു പോകാനായി അവർ ഉപയോഗിച്ചിരുന്ന വലിയ പാത്രവും ഇവിടെയുണ്ട്." ബെറ്റി പറയുന്നു. ലോകത്തിന്റെ പലഭാഗങ്ങളിൽ നിന്നെത്തിച്ച വ്യത്യസ്തയിനം ചെടികളുമുണ്ട് ബെറ്റിയുടെ ശേഖരത്തിൽ..
English Summary- Ravi Karunakaran Museum Alappuzha