'പണി തീരാത്ത' വമ്പൻ വീടുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ; രോഷാകുലരായി അയൽക്കാർ
Mail This Article
പോർച്ചുഗലിന്റെ ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ ജന്മനാടായ ലിസ്ബണിലെ കസ്കെയ്സിൽ കണ്ണഞ്ചിപ്പിക്കുന്ന ഒരു ബംഗ്ലാവ് പടുത്തുയർത്തുകയാണ്. റൊണാൾഡോയുടെ അയൽക്കാരാണെന്ന് അഭിമാനം കൊള്ളാമെങ്കിലും ഇന്നാട്ടുകാർ അത്ര സന്തോഷത്തിലല്ല. മൂന്നുവർഷമായി വീടിന്റെ നിർമാണം തുടരുന്നതു മൂലം ഒട്ടേറെ ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വരുന്നതാണ് കാരണം. പോർച്ചുഗലിലെ ഏറ്റവും പോഷ് ഏരിയയാണ് റൊണാൾഡോ തന്റെ സ്വപ്നഭവനം നിർമിക്കാനായി തിരഞ്ഞെടുത്തിരിക്കുന്നത്. നിർമാണം പൂർത്തിയായിട്ടില്ലെങ്കിലും 'രാജ്യത്തെ ഏറ്റവും ചെലവേറിയ വീട്' എന്ന സ്ഥാനം റൊണാൾഡോയുടെ ബംഗ്ലാവ് നേടിക്കഴിഞ്ഞു.
എല്ലാവിധ ആഡംബര സൗകര്യങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ടാണ് ബംഗ്ലാവിന്‍റെ നിർമാണം പുരോഗമിക്കുന്നത്. ആകെ നാല് നിലകളാണ് ബംഗ്ലാവിലുള്ളത്. ഇതിൽ നാല് ലക്ഷ്വറി സ്യൂട്ടുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ചുറ്റുമുള്ള മനോഹരമായ പ്രകൃതി പൂർണമായും വീടിനകത്തിരുന്ന് ആസ്വദിക്കത്തക്ക വിധത്തിൽ ഗ്ലാസിൽ നിർമിച്ച ഭിത്തികളാണ് അധികവും.
റിപ്പോർട്ടുകൾ പ്രകാരം ഹോം തിയറ്റർ, ജിം, സർവീസ് ഏരിയ, ടെന്നീസ് കോർട്ട്, സ്വിമ്മിങ് പൂൾ, അണ്ടർ വാട്ടർ വോക്‌വേ എന്നിങ്ങനെ ആധുനിക ജീവിതത്തിനു വേണ്ട എല്ലാ സൗകര്യങ്ങളും ഇവിടെ ഒരുങ്ങുന്നുണ്ട്. തന്റെ 20 ആഡംബര കാറുകൾ പാർക്ക് ചെയ്യാവുന്ന വിധത്തിൽ രണ്ട് ഗാരിജും ബംഗ്ലാവിന്റെ ഭാഗമായി റൊണാൾഡോ നിർമിക്കുന്നുണ്ട്.
ഇതുവരെയുള്ള നിർമാണച്ചെലവ് വച്ചുനോക്കുമ്പോൾ ഏകദേശം 22 മില്യൺ ഡോളറാണ് (183 കോടി രൂപ) ബംഗ്ലാവിന്റെ വിലമതിപ്പ്.
ബംഗ്ലാവ് പൂർത്തിയാകുമ്പോഴേക്കും വിലമതിപ്പ് ഉയരാനും സാധ്യതയുണ്ട്. നിർമാണം തുടങ്ങിയ സമയത്തുണ്ടായിരുന്ന പ്ലാനിൽ അടിക്കടി വ്യത്യാസം വരുത്തുകയും ബജറ്റ് കൂട്ടുകയും ചെയ്തതോടെയാണ് ഇതുവരെ നിർമാണം പൂർത്തിയാകാതെ വന്നത്.
എന്നാൽ മൂന്നു വർഷമായി വീടിന്റെ നിർമാണം തുടരുന്നത് മൂലം തങ്ങൾ ഏറെ ബുദ്ധിമുട്ടുകൾ സഹിക്കേണ്ടി വരുന്നുണ്ടെന്ന് അയൽക്കാർ പറയുന്നു.
വീടിന്റെ വലുപ്പം കാരണം ഒറ്റനോട്ടത്തിൽ അതൊരു ആശുപത്രിയാണെന്ന് തോന്നുമെന്നാണ് പൊതുവേയുള്ള അഭിപ്രായം. ഇത് ഈ പ്രദേശത്തിന്റെ ഭംഗിക്ക് യോജിക്കില്ല എന്നും അഭിപ്രായങ്ങളുയരുന്നു.. ബംഗ്ലാവിന് സമീപത്തുള്ള നിരത്തിലെ ഗതാഗതം നിർമാണ പ്രവർത്തനങ്ങൾ മൂലം തടസ്സപ്പെടുന്നതാണ് മറ്റൊരു അസൗകര്യം.
ചുറ്റുവട്ടത്തുള്ള വീടുകളിലും പൂന്തോട്ടങ്ങളിലുമെല്ലാം പൊടിപടലങ്ങൾ നിറഞ്ഞ അവസ്ഥയാണ്. ഇതെല്ലാം ഇത്രയും കാലം സഹിച്ചെങ്കിലും ഇനിയും ബംഗ്ലാവിന്റെ നിർമാണം പൂർത്തിയാകാൻ ഒരു വർഷം കൂടി കാലതാമസം വന്നേക്കുമെന്ന റിപ്പോർട്ടുകളാണ് അയൽക്കാരെ രോഷാകുലരാക്കുന്നത്.
ബംഗ്ലാവിന്‍റെ നിർമാണംകൊണ്ട് തങ്ങൾക്ക് ഇവിടെ ജീവിക്കാനാവാത്ത അവസ്ഥയാണെന്ന് വരെ നാട്ടുകാർ പറഞ്ഞുവയ്ക്കുന്നു. ഫുട്ബോളിൽ നിന്നും വിരമിച്ച ശേഷം കസ്കെയ്സിലെ ബംഗ്ലാവിൽ ജീവിതം ആസ്വദിക്കാനാണ് താരത്തിന്റെ തീരുമാനം.