രൺബീറിന്റെ 'ആനിമൽ' ഷൂട്ട് ചെയ്ത സെയ്ഫ് അലിഖാന്റെ കൊട്ടാരം
Mail This Article
രൺബീർ കപൂറിന്റെ ഏറ്റവും പുതിയ ചിത്രമായ ആനിമൽ കലക്‌ഷൻ റെക്കോർഡുകൾ സൃഷ്ടിക്കുന്നതിനിടെ താരങ്ങളുടെ അഭിനയവും പാട്ടുമെല്ലാം ജനശ്രദ്ധ നേടി കഴിഞ്ഞു. ഇതിനോടൊപ്പം ചിത്രത്തിന്റെ പ്രൊഡക്‌ഷൻ ഡിസൈനും ഏറെ പ്രശംസ നേടുന്നുണ്ട്.
ചിത്രത്തിൽ രൺബീറിന്റെ കഥാപാത്രവും കുടുംബവും താമസിക്കുന്ന കൊട്ടാര സമാനമായ വീടായിരുന്നു ശ്രദ്ധ നേടിയവയിൽ പ്രധാനം. ഏറെ പ്രശസ്തമായ പട്ടൗഡി പാലസാണ് ഈ ലൊക്കേഷൻ. ബോളിവുഡ് താരം സെയ്ഫ് അലി ഖാന്റെ കുടുംബവീടാണ് പട്ടൗഡി പാലസ്.
സെയ്ഫ് അലിഖാന്റെ മുത്തച്ഛനും പട്ടൗഡിയിലെ നവാബുമായിരുന്ന ഇഫ്തിഖർ അലി ഖാനാണ് 1930 കളിൽ കൊട്ടാരം നിർമിച്ചത്. അദ്ദേഹത്തിൽ നിന്നും സെയ്ഫ് അലിഖാന്റെ പിതാവ് മൻസൂർ അലി ഖാന് കൊട്ടാരം ലഭിച്ചു. പിന്നീട് ഒരു ഹോട്ടൽ കമ്പനി കൊട്ടാരം ലീസിന് എടുത്തിരുന്നു. എന്നാൽ ഈ കൊട്ടാരം തനിക്ക് പരമ്പരാഗതമായി കൈമാറിയതല്ലെന്നും ചലച്ചിത്ര മേഖലയിൽ നിന്നും സമ്പാദിച്ച പണം കൊണ്ട് താൻ കുടുംബവീട് വിലയ്ക്ക് വാങ്ങുകയായിരുന്നുവെന്ന് സെയ്ഫ് പിന്നീട് വ്യക്തമാക്കിയിരുന്നു.
ഇപ്പോൾ സെയ്ഫിന്റെ മാതാവ് ഷർമിള ടഗോർ ഇവിടെയാണ് താമസം. ആനിമൽ സിനിമയിലെ ചില ക്ലിപ്പിങ്ങുകളിലൂടെയും പഴയ വിഡിയോകളിലൂടെയും കൊട്ടാരത്തിന്റെ അകത്തളത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
കാഴ്ചയിലെ പ്രൗഢിക്ക് ചേരുന്ന തരത്തിൽ രാജകീയ സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. വിശാലമായ ഹോൾവേകളും വലിയ ആർച്ചുകളും ദൃശ്യങ്ങളിൽ കാണാം.
അകത്തളത്തിലുടനീളം എല്ലാ ഭിത്തികളിലും പലതരത്തിലുള്ള പെയിന്റിങ്ങുകളും ആർട്ട് വർക്കുകളും ഇടം പിടിച്ചിട്ടുണ്ട്. കൊട്ടാരത്തിന് ചുറ്റുമായി ആഡംബരം നിറഞ്ഞ പൂന്തോട്ടവും ഒരുക്കിയിരിക്കുന്നു. പത്തേക്കർ വിശ്രിതമായ എസ്റ്റേറ്റിലാണ് പാലസ് സ്ഥിതി ചെയ്യുന്നത്. ഈ വമ്പൻ കൊട്ടാരത്തിൽ 150 മുറികൾ ഉണ്ട് . ഏഴ് ഡ്രസ്സിംഗ് റൂമുകൾ, ഏഴ് കിടപ്പുമുറികൾ, ഏഴ് ബില്യാർഡ്സ് മുറികൾ എന്നിവ ഇതിൽ ഉൾപ്പെടും.
ഇവയ്ക്കു പുറമേ കൊട്ടാരത്തിന്റെ പ്രൗഢിക്ക് യോജിച്ച തരത്തിലാണ് സ്വീകരണമുറിയും ഡൈനിങ് റൂമും അണിയിച്ചൊരുക്കിയിരിക്കുന്നത്. കൊട്ടാരത്തിന്റെ വിലമതിപ്പ് 800 കോടിയാണെന്നും കണക്കാക്കിയിട്ടുണ്ട്.
ഇവിടെ ഷൂട്ട് ചെയ്യുന്ന ആദ്യ ചലച്ചിത്രം ആനിമൽ അല്ല. രംഗ് ദെ ബസന്തി, മംഗൾ പാണ്ഡെ, വീർ സാറ , ഗാന്ധി : മൈ ഫാദർ തുടങ്ങിയ സിനിമകളും സെയ്ഫിന്റെ സ്വന്തം വിഡിയോ ഷോയായ താണ്ഡവും പട്ടൗഡി പാലസിലാണ് ചിത്രീകരിച്ചിരിക്കുന്നത്.
അകത്തളത്തിൽ ആധുനിക രീതിയിലുള്ള നവീകരണങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും പരമ്പരാഗത ശൈലിയിൽ കാര്യമായ മാറ്റങ്ങൾ വരുത്തിയിട്ടില്ല. സെയ്ഫും കരീനയും അദ്ദേഹത്തിന്റെ സഹോദരിമാരും കൊട്ടാരത്തിന്റെ ചിത്രങ്ങൾ ഇടയ്ക്കിടെ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാറുണ്ട്. മൻസൂർ അലി ഖാന്റെ ശവകുടീരവും കൊട്ടാരത്തിന്റെ സമീപത്തായി നിലകൊള്ളുന്നു.